Connect with us

Editorial

ഇ വി എമ്മും തിരഞ്ഞെടുപ്പിന്റെ മൗലിക ലക്ഷ്യവും

യന്ത്രങ്ങളുപയോഗിച്ചുള്ള വോട്ടിംഗിൽ അവിശ്വാസവും സന്ദേഹവും ഉദിച്ചാൽ അത് പരിഹരിച്ചു തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നിലനിർത്താനാവശ്യമായ നടപടികൾ സ്വീകരിക്കണം. അല്ലാതെ യന്ത്രങ്ങൾക്കനുസരിച്ചു ജനാധിപത്യ പ്രക്രിയയെ വക്രീകരിക്കുകയല്ല വേണ്ടത്.

Published

|

Last Updated

നിരാശാജനകമാണ് വിവി പാറ്റ് പൂർണമായി എണ്ണണമെന്ന ഹരജിയിൽ സുപ്രീം കോടതി വിധിപ്രസ്താവം. ഇ വി എം ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പിനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് അനുവദിക്കാനാകില്ലെന്ന അഭിപ്രായത്തിൽ, മെഷീനിലെ വോട്ടുകൾ എണ്ണുന്നതിനൊപ്പം വിവി പാറ്റുകളിലെ മുഴുവൻ സ്ലിപുകളുമായി ഒത്തുനോക്കണമെന്നുമാവശ്യപ്പെടുന്ന പൊതുതാത്പര്യ ഹരജി ജസ്റ്റിസുമായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബഞ്ച് തള്ളുകയായിരുന്നു.

തന്റെ വോട്ട് യന്ത്രത്തിൽ പതിഞ്ഞിട്ടുണ്ടെന്നും എണ്ണിയിട്ടുണ്ടെന്നും അറിയാൻ പൗരന്മാർക്ക് അവകാശമുണ്ടെങ്കിലും ഭരണഘടനയുടെ 19 (1) പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യം പരമമായ ഒന്നല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഇന്ത്യൻ ജനതയിൽ പകുതിയോളം പേർ വോട്ട് യന്ത്രത്തെ വിശ്വസിക്കുന്നില്ലെന്ന സി എസ് ഡി എസ്- ലോക്‌നീതി സർവേ ഫലം ഹരജിക്കാരുടെ ഭാഗത്തു നിന്നു ചൂണ്ടിക്കാണിച്ചപ്പോൾ അതൊരു സ്വകാര്യ റിപോർട്ട് മാത്രമാണ്; വിശ്വസിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.

സർക്കാറിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും വാദങ്ങളെ അപ്പടി ഏറ്റുപിടിക്കുകയാണോ കോടതി? ഇ വി എം പൂർണമായും സുരക്ഷിതമാണ്; ശരിയായ രീതിയിലാണ് അവ പ്രവർത്തിക്കുന്നതെന്ന് രാഷ്ട്രീയ കക്ഷികൾ തന്നെ ഉള്ളാലെ വിശ്വസിക്കുന്നുണ്ടെന്നും കമ്മീഷൻ അവകാശപ്പെട്ടിരുന്നു. കമ്മീഷന്റെ ഈ വാദത്തെ പിന്തുണക്കുന്നതിനപ്പുറം തിരഞ്ഞെടുപ്പിന്റെ മൗലിക ലക്ഷ്യത്തോട് എത്രത്തോളം പൊരുത്തപ്പെടുന്നുണ്ട് ഇ വി എം ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് എന്ന കാര്യത്തിലേക്ക് കോടതി കടന്നതായി വിധിപ്രസ്താവത്തിൽ നിന്നു മനസ്സിലാക്കാനാകുന്നില്ല.

പെട്ടെന്ന് ഉയർന്നു വന്ന അവിശ്വാസമല്ല വോട്ടിംഗ് മെഷീന്റെ കാര്യത്തിലുള്ളത്. 2010ൽ ബി ജെ പി നേതാവ് ജി വി എൽ നരസിംഹ റാവുവിന്റെ “ജനാധിപത്യം അപകടത്തിൽ’എന്ന പുസ്തകം പ്രസിദ്ധീകൃതമായതോടെ ഉയർന്നു തുടങ്ങിയതാണ് ഈ സന്ദേഹവും ആശങ്കയും. പിന്നീട് ബി ജെ പിയുടെ കരുത്തനായ നേതാവും ഇ വി എമ്മിൽ അവിശ്വാസം രേഖപ്പെടുത്തി രംഗത്തു വന്നു. ഇ വി എമ്മിനെതിരെ ആദ്യമായി കോടതിയെസമീപിച്ചത് മറ്റൊരു ബി ജെ പി നേതാവായ സുബ്രഹ്മണ്യ സ്വാമിയാണ്. തുടർന്ന് പല ഘട്ടങ്ങളിലായി അവിശ്വാസം രേഖപ്പെടുത്തുകയും ടെക്‌നീഷ്യന്മാർ അത് വിശ്വാസയോഗ്യമല്ലെന്നു തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വോട്ടു യന്ത്രത്തിനെതിരെ ആശങ്ക ഉയരുകയും പല രാജ്യങ്ങളും മെഷീനിൽ നിന്നു ബാലറ്റ് പേപ്പറിലേക്ക് തിരിച്ചു പോകുകയും ചെയ്തു.

ഒരു വിദഗ്ധന്റെയും സഹായമില്ലാതെ സാധാരണക്കാർക്കു പരിശോധിച്ചു വിശ്വാസ്യത ഉറപ്പ് വരുത്താൻ കഴിയുന്നതാകണം വോട്ടിംഗ് സംവിധാനമെന്നും വോട്ടിഗ് മെഷീനിൽ അത് സാധ്യമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് 2005ൽ ജർമനിയുടെ ഭരണഘടനാ ബഞ്ച് ഇ വി എം ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് ഭരണഘടനാവിരുദ്ധമായി വിധിച്ചത്.
ഭരണഘടന ആവശ്യപ്പെടുന്നത് നീതിപൂർവകവും ഒരു കൈകടത്തലുകൾക്കും വിധേയമാകാത്തതും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പാണ്. അങ്ങനെയാണെന്ന് ഭരണകൂടവും കമ്മീഷനും അടിക്കടി ആണയിട്ടതു കൊണ്ടായില്ല രാജ്യത്തെ വോട്ടർമാർക്കത് ബോധ്യപ്പെടുക കൂടി വേണം.

വിശ്വാസ്യത നഷ്ടമായാൽ ജനാധിപത്യത്തിനു എന്തർഥം? ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന സി എസ് ഡി എസ്- ലോക്‌നീതി സർവേ ഫലം കാണിക്കുന്നത് രാജ്യത്തെ 45 ശതമാനം വോട്ടർമാരും വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാണിക്കാനാകുമെന്ന് വിശ്വസിക്കുന്നവരാണെന്നാണ്. സുപ്രീം കോടതി ഈ സർവേയെ തള്ളിപ്പറഞ്ഞെങ്കിലും രാജ്യത്തെ ഏറ്റവും ആധികാരികമായ സർവേ ആയാണ് സി എസ് ഡി എസ്- ലോക്‌നീതി സർവേകളെ പൊതുവെ വിലയിരുത്തപ്പെടുന്നത്.

മനോരഞ്ജൻ എന്നൊരു വ്യക്തി രാജ്യത്തെ ഇ വി എമ്മുകളുടെ എണ്ണത്തെക്കുറിച്ചു വിവരാവകാശ നിയമ പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് നിർമാതാക്കളായ ബി ഐ എൽ (ബെംഗളൂരു) ഇ സി ഐ എൽ (ഹൈദരാബാദ്) എന്നീ കമ്പനികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചപ്പോൾ കിട്ടിയ കണക്കുകളിൽ കാര്യമായ അന്തരമുണ്ട്. ഇരു കമ്പനികളും നിർമിച്ചു നൽകിയ യന്ത്രങ്ങളുടെ എണ്ണത്തേക്കാൾ ഇരുപത് ലക്ഷത്തോളം കുറവാണ് കമ്മീഷന്റെ കസ്റ്റഡിയിലുള്ള യന്ത്രങ്ങളുടെ എണ്ണം. മോദി സർക്കാർ അധികാരത്തിൽ വന്ന ആദ്യ വർഷം 2014-15ൽ 62,183 വോട്ടിംഗ് യന്ത്രം നിർമിച്ചു നൽകിയതായി ബി ഐ എൽ പറയുമ്പോൾ ആ വർഷം ബി ഐ എല്ലിൽ നിന്നു ഒരെണ്ണം പോലും കൈപ്പറ്റിയിട്ടില്ലെന്നാണ് കമ്മീഷൻ പറയുന്നത്. കമ്പനികൾ നിർമിച്ചു നൽകിയതും കമ്മീഷന്റെ കൈവശം എത്തിയിട്ടില്ലാത്തതുമായ മെഷീനുകൾ എവിടെപ്പോയി എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നൽകാനായതുമില്ല.

2020 മെയ് 24 ലെ ഫ്രണ്ട് ലൈൻ ലക്കമാണ് ഇക്കാര്യം റിപോർട്ട് ചെയ്തത്. 2019ലെ പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ വോട്ടിംഗ് മെഷീനുകൾ അലക്ഷ്യമായി ട്രക്കുകളിലും ജീപ്പുകളിലുമൊക്കെ കൊണ്ടു പോവുകയും സ്‌ട്രോംഗ് റൂമുകളിലേക്ക് എത്തിക്കാനുളള ശ്രമം നടക്കുകയും ചെയ്തുവെന്ന മാധ്യമ വാർത്തകൾ, വിവരാവകാശ നിയമ പ്രകാരം ലഭിച്ച മേൽ റിപോർട്ടിലെ ഇ വി എം എണ്ണത്തിലെ പൊരുത്തക്കേടുമായി ചേർത്തു വായിക്കുമ്പോൾ പന്തികേട് തോന്നുക സ്വാഭാവികം.

ജനാധിപത്യ പ്രക്രിയയെ സുഗമമാക്കാനാണ് യന്ത്രങ്ങളുപയോഗിച്ചുള്ള വോട്ടിംഗ് നടപ്പാക്കിയത്. അതിൽ അവിശ്വാസവും സന്ദേഹവും ഉദിച്ചാൽ അത് പരിഹരിച്ചു തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നിലനിർത്താനാവശ്യമായ നടപടികൾ സ്വീകരിക്കുകയല്ലാതെ യന്ത്രങ്ങൾക്കനുസരിച്ചു ജനാധിപത്യ പ്രക്രിയയെ വക്രീകരിക്കുകയല്ല വേണ്ടത്. വോട്ടിംഗ് മെഷീനിന്റെ വിശ്വാസ്യത സ്ഥാപിക്കാൻ നിയമത്തെ ഉപയോഗപ്പെടുത്തുന്നത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത നഷ്ടപ്പെടുത്താൻ ഇടയാക്കും.

Latest