From the print
സംരംഭക വര്‍ഷം പദ്ധതി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒരു ലക്ഷം സംരംഭങ്ങള്‍
ആകെ നിക്ഷേപം 15,138.05 കോടി, ആകെ തൊഴില്‍ : 5,09,935

തിരുവനന്തപുരം | സംരംഭക വര്‍ഷം പദ്ധതിയിലൂടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒരു ലക്ഷം സംരംഭങ്ങളെന്ന ലക്ഷ്യം പൂര്‍ത്തിയാക്കി കേരളം. സംരംഭക വര്‍ഷം പദ്ധതിയിലൂടെ കഴിഞ്ഞ 11 മാസത്തിനിടെ 1,00,018 സംരംഭങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചതായി വ്യവസായ മന്ത്രി പി രാജീവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 6712 കോടിയുടെ നിക്ഷേപവും 2,09,735 തൊഴിലും സൃഷ്ടിക്കപ്പെട്ടു. സംരംഭക വര്‍ഷമെന്ന മെഗാ പദ്ധതിയിലൂടെ ആകെ കേരളത്തിലേക്ക് 15,138.05 കോടി രൂപയുടെ നിക്ഷേപമെത്തിച്ചേരുകയും 5,09,935 പേര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്‌തെന്നും മന്ത്രി പറഞ്ഞു.
പുതിയ സംരംഭങ്ങളില്‍ 9,939 എണ്ണം പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള സംരംഭങ്ങളാണ്. എസ് ടി വിഭാഗത്തില്‍ നിന്നുള്ള സംരംഭങ്ങളുടെ എണ്ണം 775 ആണ്. ന്യൂനപക്ഷ വിഭാഗം 19,154, ഒ ബി സി- 1,41,493, ട്രാന്‍സ്‌ജെന്‍ഡര്‍- 26 എന്നിങ്ങനെയാണ് സംരംഭങ്ങളുടെ എണ്ണം. ഈ കാലയളവിനുള്ളില്‍ എറണാകുളം, കൊല്ലം, തിരുവനന്തപുരം, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 20,000 ത്തിലധികം സംരംഭങ്ങള്‍ ആരംഭിച്ചു. എറണാകുളം, മലപ്പുറം ജില്ലകളില്‍ അമ്പതിനായിരത്തിലധികമാളുകള്‍ക്കും തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നാല്‍പ്പതിനായിരത്തിലധികമാളുകള്‍ക്കും തൊഴില്‍ നല്‍കാന്‍ സംരംഭക വര്‍ഷം പദ്ധതിയിലൂടെ സാധിച്ചു.
രണ്ട് വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ സംരംഭങ്ങള്‍ ഉണ്ടായത് എറണാകുളം ജില്ലയിലാണ്(24,456). തിരുവനന്തപുരം- 24,257, തൃശൂര്‍- 23,700 എന്നിങ്ങനെയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ള ജില്ലകള്‍. കൂടാതെ വ്യാവസായികമായി പിന്നാക്കം നില്‍ക്കുന്ന ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിലും മികച്ച പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
സംരംഭങ്ങളുടെ വളര്‍ച്ചക്കും അനുയോജ്യമായ ഒരു മികച്ച വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നൂതനമായ കൂടുതല്‍ പദ്ധതികളും വ്യവസായ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ട്. ഒരു വര്‍ഷം 100 എം എസ് എം ഇ ആരംഭിക്കുന്നതില്‍ അടച്ചുപൂട്ടുന്ന സംരംഭങ്ങളുടെ ദേശീയ ശരാശരി 30 ശതമാനം ആണെങ്കില്‍ കേരളത്തില്‍ 15 ശതമാനമാക്കി കുറയ്ക്കാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു. ദേശീയതലത്തില്‍ എം എസ് എം ഇ മേഖലയിലെ ബെസ്റ്റ് പ്രാക്ടീസ് അംഗീകാരം നേടിയ പദ്ധതിയാണ് സംരംഭക വര്‍ഷം പദ്ധതി.