Connect with us

From the print

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് തുല്യം

പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച ബില്‍ രാജ്യസഭ പാസ്സാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി | മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ എന്നിവരുടെ സേവന- വേതന വ്യവസ്ഥകള്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് തുല്യമാക്കുന്നത് നിര്‍ദേശിക്കുന്ന ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ആഗസ്റ്റില്‍ രാജ്യസഭയില്‍ ഇത് സംബന്ധിച്ച ബില്‍ അവതരിപ്പിച്ചിരുന്നു.

ഇതില്‍ പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച ബില്‍ ഇന്നലെ രാജ്യസഭ പാസ്സാക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍, മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ (നിയമനം, സേവന വ്യവസ്ഥകള്‍, ഓഫീസ് കാലാവധി) എന്ന പേരിലാണ് ബില്‍. ശമ്പളം, അലവന്‍സ്, സേവന വ്യവസ്ഥകള്‍ എന്നിവ ക്യാബിനറ്റ് സെക്രട്ടറിമാരുടേതിന് തുല്യമായിരിക്കുമെന്നാണ് ബില്ലില്‍ നേരത്തേ വ്യവസ്ഥ ചെയ്തിരുന്നത്.

ഇവരുടെ നിയമനം പരിഗണിക്കുന്നതിന് ക്യാബിനറ്റ് സെക്രട്ടറി തലവനായി സെക്രട്ടറി റാങ്കില്‍ കുറയാത്ത രണ്ട് അംഗങ്ങള്‍ സെര്‍ച്ച് കമ്മിറ്റിയിലുണ്ടാകുമെന്ന വ്യവസ്ഥയിലും മാറ്റം വരുത്തി. ക്യാബിനറ്റ് സെക്രട്ടറിക്ക് പകരം, നിയമ നീതി മന്ത്രിയെന്നാണ് ഉള്‍പ്പെടുത്തിയത്. ഭരണഘടന അനുഛേദം 324ലെ ഭാഗം അഞ്ചിലെ ഒന്നും രണ്ടും വ്യവസ്ഥകള്‍ക്കനുസൃതമായി മാത്രമേ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും കമ്മീഷണര്‍മാരെയും നീക്കം ചെയ്യാന്‍ കഴിയൂ. സുപ്രീം കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതു പോലുള്ള നടപടിക്രമങ്ങളാണിത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ശിപാര്‍ശയില്ലാതെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നീക്കം ചെയ്യാന്‍ കഴിയില്ല. 15 എ ഖണ്ഡിക പ്രകാരം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ആയിരുന്ന വ്യക്തികള്‍ക്കെതിരെ ഓദ്യോഗിക ചുമതലകള്‍ നിര്‍വഹിച്ചതിന് ഒരു കോടതിക്കും സിവില്‍, ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ല.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍, കമ്മീഷണര്‍മാര്‍ എന്നിവരെ നിയമിക്കുന്നതിനുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ അധ്യക്ഷന്‍ പ്രധാനമന്ത്രിയാകും. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം നടത്തുന്നതിന് നിയമപരമായ ശൂന്യത ചൂണ്ടിക്കാട്ടിയുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ബില്‍ അവതരിപ്പിച്ചത്.

 

Latest