Connect with us

കെയ്‌റോ ഡയറി - 19

മിസ്‌റിന്റെ റമസാന്‍ വരവേല്‍പ്പ്‌

റമസാൻ തുടങ്ങുന്നതിന് ആഴ്ചകൾക്ക് മുന്പേ സയ്യിദ സൈനബ്, ബാബ് സുവൈല തുടങ്ങിയ തെരുവുകൾ ഫാനൂസുകൾ കൊണ്ട് നിറയും. ചെമ്പിലും ഗ്ലാസ്സിലും തീർത്ത, ഒരാൾപ്പൊക്കമുള്ള ഭീമൻ ഫാനൂസുകൾ കെട്ടിടങ്ങൾക്ക് മുന്നിൽ തൂക്കാനായി ആളുകൾ വാങ്ങിക്കൊണ്ടുപോകുന്ന കാഴ്ച ഈ ദിവസങ്ങളിൽ മാത്രമേ കാണൂ.

Published

|

Last Updated

അ്ബാൻ മാസം പകുതി പിന്നിടുന്നതോടെ കെയ്റോ നിവാസികൾ റമസാനിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളിലേക്ക് കടക്കും. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് “ഫാനൂസ്’ എന്നറിയപ്പെടുന്ന റാന്തൽ വിളക്കുകളുടെ വിപണിയാണ്. റമസാൻ തുടങ്ങുന്നതിന് ആഴ്ചകൾക്ക് മുന്പേ സയ്യിദ സൈനബ്, ബാബ് സുവൈല തുടങ്ങിയ തെരുവുകൾ ഫാനൂസുകൾ കൊണ്ട് നിറയും.
ചെമ്പിലും ഗ്ലാസ്സിലും തീർത്ത, ഒരാൾപ്പൊക്കമുള്ള ഭീമൻ ഫാനൂസുകൾ കെട്ടിടങ്ങൾക്ക് മുന്നിൽ തൂക്കാനായി ആളുകൾ വാങ്ങിക്കൊണ്ടുപോകുന്ന കാഴ്ച ഈ ദിവസങ്ങളിൽ മാത്രമേ കാണൂ. ഈജിപ്തിൽ ഫാത്തിമികളുടെ ഭരണ കാലത്ത് ഖലീഫയെ സ്വീകരിക്കാൻ ജനങ്ങൾ വിളക്കുകളുമായി തെരുവിലിറങ്ങിയതിന്റെ ഓർമപ്പെടുത്തലാണിത്. മുതിർന്നവർ വലിയ ഫാനൂസുകൾ വാങ്ങുമ്പോൾ, കുട്ടികൾക്കായി പ്ലാസ്റ്റിക്കിൽ തീർത്ത പാട്ടുപാടുന്ന കളിപ്പാട്ട ഫാനൂസുകളാണ് വിപണിയിൽ. നോമ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ കുട്ടികൾ ഈ വിളക്കുകളുമായി തെരുവിലിറങ്ങും.

കാഴ്ചകൾ പോലെ തന്നെ പ്രധാനമാണ് രുചികളും. റമസാനിലേക്ക് വേണ്ടി മാത്രം ഉണങ്ങിയ പഴങ്ങളും നട്‌സുകളും മുൻകൂട്ടി വാങ്ങി സ്റ്റോക്ക് ചെയ്യുന്നതിനെ “യാമിഷ്’ എന്നാണ് വിളിക്കുന്നത്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ സാമ്പത്തിക ബാധ്യതയാണെങ്കിലും, ശഅ്ബാൻ മാസത്തിൽ തന്നെ അവർ ഇതിനുള്ള പണം കണ്ടെത്തും. “ഖമറുദ്ദീൻ’ എന്ന് വിളിക്കുന്ന, ആപ്രിക്കോട്ട് പഴങ്ങൾ ഉണക്കി ഷീറ്റ് രൂപത്തിലാക്കിയ സാധനമാണ് ഇതിൽ പ്രധാനം. ഇത് വെള്ളത്തിലിട്ട് ജ്യൂസ് അടിച്ചാണ് നോമ്പ് തുറക്കുന്നത്. കൂടാതെ അത്തിപ്പഴം, ഉണക്കമുന്തിരി, ഈത്തപ്പഴം എന്നിവ കിലോക്കണക്കിന് വാങ്ങി വീടുകളിൽ സൂക്ഷിക്കുന്നു. വിരുന്നുകാരെ സത്കരിക്കുക എന്നത് ഈജിപ്തുകാരന്റെ അഭിമാനപ്രശ്‌നമായതുകൊണ്ട്, യാമിഷ് വാങ്ങാതെ അവരുടെ റമസാൻ ഒരുക്കം പൂർണമാകില്ല.

നോമ്പ് തുടങ്ങുന്നതിന് ആഴ്ചകൾക്ക് മുമ്പ് കെയ്റോയിലെ ഇടുങ്ങിയ വഴികൾ അലങ്കാരങ്ങൾ കൊണ്ട് നിറയും. ഇതിനെയാണ് “സീന’ എന്ന് വിളിക്കുന്നത്. ഓരോ തെരുവിലെയും യുവാക്കൾ പണം പിരിച്ചാണ് ഇത് ചെയ്യുന്നത്. കെട്ടിടങ്ങളുടെ ബാൽക്കണികൾക്കിടയിലൂടെ അവർ നീളത്തിൽ കയറുകൾ വലിച്ചുകെട്ടുന്നു. ഈ കയറുകളിൽ വർണക്കടലാസുകൾ കൊണ്ട് നിർമിച്ച തോരണങ്ങളും ചെറിയ എൽ ഇ ഡി ലൈറ്റുകളും തൂക്കിയിടും. തെരുവുകൾക്ക് കുറുകെ “റമസാൻ കരീം’, “അല്ലാഹു അക്‌റം’ എന്നിങ്ങനെ എഴുതിയ വലിയ ബാനറുകൾ ഉയർത്തുന്നു. ആരുടെ തെരുവാണ് ഏറ്റവും മനോഹരമായി അലങ്കരിക്കുന്നത് എന്നൊരു മത്സരം തന്നെ ഈ ദിവസങ്ങളിൽ നടക്കും.

ഈജിപ്ഷ്യൻ റമസാനിന്റെ ഏറ്റവും വലിയ പ്രത്യേകതയായ “മവാഇദുറഹ്മാൻ’ (കരുണയുടെ മേശകൾ) ഒരുക്കുന്നതിന്റെ തിരക്കാണ് ഇപ്പോൾ തെരുവുകളിൽ. ഫുട്പാത്തുകളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും വലിയ ഇരുമ്പ് തൂണുകൾ നാട്ടുന്നതും, അതിൽ തുണികൊണ്ടുള്ള പന്തലുകൾ വിരിക്കുന്നതും കാണാം. റമസാൻ ഒന്നാം ദിവസത്തിന് വേണ്ടി, വലിയ പാത്രങ്ങളും ഗ്യാസ് അടുപ്പുകളും പന്തലുകളിൽ എത്തിക്കുന്നു. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ, ആർക്കും വന്നിരുന്ന് നോമ്പ് തുറക്കാനുള്ള ഈ സൗജന്യ ഭക്ഷണശാലകൾക്കുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ പൂർത്തിയാകും.

തെരുവുകൾ പുരുഷന്മാരുടെ കൈയിലാണെങ്കിൽ, അടുക്കളകൾ സ്ത്രീകളുടെ നിയന്ത്രണത്തിലാണ്. റമസാൻ മാസത്തിൽ ആരാധനക്ക് കൂടുതൽ സമയം ലഭിക്കാൻ വേണ്ടി, ഭക്ഷണം മുൻകൂട്ടി പാചകം ചെയ്ത് ഫ്രീസറിൽ വെക്കുന്ന തിരക്കിലാണവർ. ഈജിപ്ഷ്യൻ സ്‌പെഷ്യൽ വിഭവമായ “മഹ്ഷി’ (മുന്തിരിയിലയിലോ കാബേജിലോ അരിയും മസാലയും നിറച്ച് ചുരുട്ടിയെടുത്തത്) കിലോക്കണക്കിന് ഉണ്ടാക്കി വേവിക്കാൻ പാകത്തിൽ ഫ്രീസറിൽ സൂക്ഷിക്കുന്നു. ഇറച്ചി, പച്ചക്കറികൾ, “സംബൂസ’ എന്നിവയും പാക്കറ്റുകളിലാക്കി വെക്കുന്നു. ആദ്യ നോമ്പിന്റെ അന്ന് അടുക്കളയിൽ അധികം സമയം കളയാതിരിക്കാനാണ് ഈ മുൻകരുതൽ.
വിലക്കയറ്റം കാരണം സാധനങ്ങൾ വാങ്ങാൻ കഴിയാത്തവർക്കായി സൂപ്പർ മാർക്കറ്റുകളിൽ ഇപ്പോൾ “കർതൂന റമസാൻ’ വിൽപ്പനക്ക് വെച്ചിട്ടുണ്ട്. അരി, എണ്ണ, പഞ്ചസാര, നെയ്യ്, പാസ്ത തുടങ്ങിയ അവശ്യസാധനങ്ങൾ അടങ്ങിയ കാർബോർഡ് പെട്ടികളാണിവ. സമ്പന്നരും സന്നദ്ധ സംഘടനകളും ഇത് നൂറുകണക്കിന് വാങ്ങി റമസാൻ തുടങ്ങുന്നതിന് മുമ്പ് പാവപ്പെട്ടവരുടെ വീടുകളിൽ എത്തിക്കുന്നു.

കെയ്റോയിലെ പള്ളികൾ ഇപ്പോൾ ആത്മീയമായ ശുചീകരണത്തിലാണ്. അൽ അസ്ഹർ, അൽ ഹുസൈൻ തുടങ്ങിയ പള്ളികളിൽ കാർപെറ്റുകൾ പുറത്തിട്ട് കഴുകി ഉണക്കുന്നു. ഉൾഭാഗം മുഴുവൻ ഊദിന്റെയും കസ്തൂരിയുടെയും സുഗന്ധം കൊണ്ട് നിറയ്ക്കുന്നു. ദീർഘനേരമുള്ള തറാവീഹ് നിസ്‌കാരങ്ങൾക്കായി പുതിയ സൗണ്ട് സിസ്റ്റങ്ങളും ഫാനുകളും ഘടിപ്പിക്കുന്ന തിരക്കിലാണ് ഭാരവാഹികൾ. ഈ ഒരുക്കങ്ങളുടെയെല്ലാം ഒടുവിൽ, ശഅബാൻ 29-ാം രാവിനായുള്ള കാത്തിരിപ്പാണ്. അന്ന് വൈകുന്നേരം ഈജിപ്ഷ്യൻ “ദാറുൽ ഇഫ്താ’ (ഫത്വ കൗൺസിൽ) മാസപ്പിറവി നോക്കാൻ ഒരുങ്ങുന്നു. ചാനലുകളിൽ തത്സമയ സംപ്രേക്ഷണം ഉണ്ടാകും. ഗ്രാൻഡ് മുഫ്തി ചന്ദ്രനെ കണ്ടതായി പ്രഖ്യാപിച്ചാൽ കെയ്റോ നഗരം മുഴുവൻ ഭംഗിയിൽ വെളിച്ചം തെളിയും. പരസ്പരം കെട്ടിപ്പിടിച്ച് ആ വാർത്ത ആഘോഷമാക്കും. വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും ഉണ്ടെങ്കിലും, “റമസാൻ കരീം’ എന്ന വിശ്വാസത്തിൽ ഈജിപ്തുകാർ അതെല്ലാം മറക്കുന്നു. കടം വാങ്ങിയായാലും റമസാനെ രാജകീയമായി വരവേൽക്കണമെന്ന ഈജിപ്തുകാരന്റെ വാശിക്ക് മുന്നിൽ എല്ലാ പ്രതിസന്ധികളും തോറ്റുപോകുന്നു.

 

 

---- facebook comment plugin here -----

Latest