Connect with us

Prathivaram

മണ്ണിന്റെ മക്കൾ

വിവിധ നാഗരികതകൾ ഉടലെടുത്തതും വ്യത്യസ്ത സംസ്‌കാരങ്ങൾ വികാസം പ്രാപിച്ചതും ഫലപുഷ്ടിയുള്ള മണ്ണിലാണ്. മനുഷ്യന്റെ ഉത്ഭവം തന്നെ മണ്ണിൽ നിന്നാണെന്ന് വിശുദ്ധ ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു.

Published

|

Last Updated

പ്രകൃതിയുടെ സന്തുലിതാവസ്ഥയും ഭൂമിയുടെ ആരോഗ്യവും നിലനിർത്തുന്നതിൽ മണ്ണിന് വലിയ പങ്കുണ്ട്. ഭക്ഷ്യ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യ ലഘൂകരണം, പരിസ്ഥിതി പ്രവർത്തനം എന്നിവയിൽ മണ്ണ് വഹിക്കുന്ന പങ്ക് നിസ്തുലനമാണ്. ഭൂമിയുടെ വിരിമാറിൽ മനുഷ്യരുള്‍പ്പെടെ അനേകം കോടി ജീവജാലങ്ങളാണ് വസിക്കുന്നത്. ജീവന്റെ നിലനിൽപ്പിന് വായുവും വെള്ളവും പോലെ മണ്ണും അനിവാര്യമാണ്. ഭൂമിയുടെ കുടയാകുന്ന ചെടികൾ വളരാനും ഭക്ഷ്യധാന്യങ്ങൾ ഉത്പാദിപ്പിക്കപ്പെടാനും മണ്ണ് അഭിവാജ്യ ഘടകമാണ്. മനുഷ്യന്റെ വിവേകരഹിതരായ പ്രവൃത്തികള്‍ മുഖേന മണ്ണിന്റെ മാറ് പിളരുകയും ധാരാളം വിപത്തുകള്‍ ഉടലെടുക്കുകയും ജീവന്റെ നിലനിൽപ്പുതന്നെ അപകടത്തിലാകുകയും ചെയ്യുന്നു. അമിതമായ രാസവളപ്രയോഗങ്ങളും അശാസ്ത്രീയമായ കൃഷിരീതികളും ഭൂമിയെ കൃഷിയോഗ്യമല്ലാതാക്കി മാറ്റിക്കൊണ്ടിരിക്കുന്നു.

ആരോഗ്യമുള്ള മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ചും മണ്ണിലെ വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിന്റെ ആവശ്യകതയെക്കുറിച്ചും മണ്ണൊലിപ്പിനാലുണ്ടാകുന്ന അപകടങ്ങളെ കുറിച്ചും ആയാസകരമായ ആവാസ വ്യവസ്ഥയും ജീവജാലങ്ങളുടെ ക്ഷേമവും നിലനിർത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധമുണ്ടാക്കുന്നതിനുവേണ്ടി 2002 മുതൽ എല്ലാ വര്‍ഷവും ഡിസംബര്‍ 5 ലോക മണ്ണ് ദിനമായി ആചരിക്കുന്നു.
ഭൂമിയില്‍ വർഷിക്കുന്ന ഓരോ തുള്ളി വെള്ളവും ആഗിരണം ചെയ്ത് മനുഷ്യനും സസ്യലതാദികൾക്കും മറ്റു ജീവജാലങ്ങൾക്കും ആവശ്യാനുസരണം ലഭ്യമാക്കുന്ന അത്ഭുത സൃഷ്ടിയാണ് മണ്ണ്. മണ്ണിന്റെ ആരോഗ്യമാണ് മനുഷ്യന്റെ ആരോഗ്യം എന്ന വസ്തുത നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ മനുഷ്യന്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട്തന്നെ മണ്ണിന്റെ ഫലഭൂയിഷ്ഠത ഉറപ്പുവരുത്തുന്നതിനും ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനും പൂർവികർ ബദ്ധശ്രദ്ധരായിരുന്നു. മണ്ണും മനുഷ്യനും പരസ്പരം കഥ പറഞ്ഞ ഒരു കാലം നമുക്കുണ്ടായിരുന്നു.
വിവിധ നാഗരികതകൾ ഉടലെടുത്തതും വ്യത്യസ്ത സംസ്‌കാരങ്ങൾ വികാസം പ്രാപിച്ചതും ഫലപുഷ്ടിയുള്ള മണ്ണിലാണ്. മനുഷ്യന്റെ ഉത്ഭവം തന്നെ മണ്ണിൽ നിന്നാണെന്ന് വിശുദ്ധ ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു.

ആദിമ മനുഷ്യനും മനുഷ്യകുലത്തിന്റെ പിതാവുമായ ആദം നബി(അ)യെ മണ്ണിൽ നിന്നാണ് പടക്കപ്പെട്ടതെന്ന് വിശുദ്ധ ഖുർആനിൽ വിവിധയിടങ്ങളിൽ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. “അവനെ(ആദമി(അ)നെ) മണ്ണില്‍ നിന്നും അവന്‍ സൃഷ്ടിച്ചു.’ (ആലു ഇംറാൻ: 59) “നിങ്ങളെ അവന്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു.’ (അർറൂം: 20) “അവനത്രേ കളിമണ്ണില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത്.’ (അൽ അൻആം: 2) തിരുവചനങ്ങളും പ്രസ്തുത വിഷയം ആഴത്തിലുള്ള ചർച്ചകൾ നടത്തിയിട്ടുണ്ട്.

നബി(സ) പറഞ്ഞു:
“മനുഷ്യന്‍ ആദമില്‍ നിന്നാണ്. ആദം മണ്ണില്‍ നിന്നുമാണ്. അറബിക്ക് അനറബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല; ധര്‍മനിഷ്ഠ കൊണ്ടല്ലാതെ’ (അഹ്മദ്). “ഒരുപിടി മണ്ണിൽ നിന്നും തുടക്കം, എങ്ങോ ആറടി മണ്ണിലേക്ക് മടക്കം’ എന്ന ബൈബിൾ വചനവും “അതില്‍ (ഭൂമിയിൽ‍) നിന്നുതന്നെ നിങ്ങളെ നാം സൃഷ്ടിച്ചു, അതില്‍ത ന്നെ നിങ്ങളെ നാം മടക്കുന്നു, അതില്‍ നിന്നുതന്നെ മറ്റൊരു പ്രാവശ്യം നിങ്ങളെ നാം ഉയിർത്തെഴുന്നേൽപ്പിക്കുകയും ചെയ്യും’ (സൂറതു ത്വാഹാ : 55) എന്ന ഖുർആനിക പ്രയോഗവും മനുഷ്യന്റെ സൃഷ്ടിപ്പും മടക്കവും സങ്കേതവും മണ്ണാണെന്ന യാഥാർഥ്യത്തെയാണ് ബോധ്യപ്പെടുത്തുന്നത്.

“തുറാബ്’ എന്നാണ് മണ്ണിന്റെ അറബി പദം. ഏതു തരം മണ്ണിനും പറയാവുന്ന ഒരു പൊതുനാമമാണത്. ഹിബ്രു ഭാഷയിൽ ആദം എന്ന വാക്കിന് കളിമണ്ണ് എന്നർഥമുണ്ട്. മണ്ണിൽ നിന്ന് സൃഷ്ടിക്കപ്പെട്ടവൻ എന്ന അർഥത്തിലാകാം ഈ വാക്ക് ഉപയോഗിക്കപ്പെട്ടത്. മനുഷ്യന്റെ അടിസ്ഥാന പ്രകൃതത്തെയാണ് ഇവിടെ വിവക്ഷിക്കുന്നത്. ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യത്യസ്ത ഇനം മണ്ണിൽ നിന്നുമുള്ള സൃഷ്ടിപ്പായതിനാലാണ് മനുഷ്യന്റെ സ്വഭാവവും ആകാരവും പെരുമാറ്റവും വ്യത്യാസപ്പെടുന്നത്. മനുഷ്യന് വ്യക്തിത്വമുള്ള പോലെ മണ്ണിനും അതിന്റെതായ വ്യക്തിത്വമുണ്ട്. മനുഷ്യന് പക്വത വരാൻ ഏറെക്കാലത്തെ അനുഭവങ്ങളും അറിവുകളും ആവശ്യമാണ് എന്ന പോലെ മണ്ണിനു പാകം വരാൻ ഏറെക്കാലത്തെ കാത്തിരിപ്പ് ആവശ്യമാണ്. മണ്ണിലുള്ള ഏതെല്ലാം ധാതുലവണങ്ങള്‍ മനുഷ്യശരീരത്തിന് ആവശ്യമുണ്ടോ പ്രസ്തുത ലവണങ്ങളെയെല്ലാം ആവശ്യമായ അനുപാതത്തില്‍ വേര്‍തിരിച്ചെടുത്താണ് മനുഷ്യസൃഷ്ടിപ്പ് നടത്തിയതെന്ന് വിശുദ്ധ ഖുർആനിലെ ‘സുലാലത്തുന്‍ മിന്‍ ത്വീൻ’ (അൽ മുഅ്മിനൂൻ: 12) എന്ന പ്രയോഗത്തിന്റെ വ്യാഖ്യാനത്തിൽ പണ്ഡിതന്മാർ വിശദീകരിക്കുന്നുണ്ട്.
ചുരുക്കത്തിൽ മണ്ണും മനുഷ്യനും തമ്മിൽ അടുത്ത ബന്ധമുണ്ട്. അത് ജീവന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. പ്രശസ്ത മണ്ണ് ശാസ്ത്രജ്ഞനായ ചാൾസ് കെല്ലോഗിന്റെ വാക്കുകളിങ്ങനെ: “മണ്ണില്ലാതെ ജീവനില്ല, ജീവനില്ലാതെ മണ്ണുമില്ല’. പൂർവിക സമൂഹം മണ്ണ് പരിപാലനത്തിലും കൃഷി സംരക്ഷണത്തിലും പുലർത്തിയിരുന്ന താത്്പര്യവും ജാഗ്രതയുമെല്ലാം വളരെ വലുതായിരുന്നു. മണ്ണിനോട് ബന്ധമുള്ളതും പ്രകൃതിക്കിണങ്ങിയതുമായ വ്യവഹാരങ്ങളോടായിരുന്നു അവർക്ക് ഏറെ ഇഷ്ടം. എന്നാൽ പുതിയ കാലത്തെ മനുഷ്യർ ആധുനികതയുടെ അതിപ്രസരണത്താൽ മണ്ണിൽ നിന്നും അകലുകയും മറ്റു മേഖലകളിലേക്ക് പ്രവേശിക്കുകയും ചെയ്തത് അവന്റെ കർമശേഷിയെ മണ്ണിൽ നിന്നും കാർഷിക മേഖലയിൽ നിന്നും അകറ്റിയിട്ടുണ്ട്. പൗരാണികർ മണ്ണിനോടും പ്രകൃതിയോടും കാണിച്ചിരുന്ന കൂറും സ്നേഹവും തിരിച്ചുപിടിക്കാൻ ആധുനിക സമൂഹവും തയ്യാറാകേണ്ടതുണ്ട്.

Latest