Connect with us

National

ചന്ദ്രയാന്‍ 3: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ താപനില സംബന്ധിച്ച വിവരങ്ങള്‍ പുറത്ത്

ചാസ്‌തേയുടെ നിരീക്ഷണ പ്രകാരം ചന്ദ്രോപരിതലത്തിലെ താപനില 50 ഡിഗ്രി സെല്‍ഷ്യസാണ്. എന്നാല്‍ എട്ട് സെന്റി മീറ്റര്‍ താഴേയ്ക്ക് പോകുമ്പോള്‍ ഇത് മൈനസ് പത്ത് ഡിഗ്രിയായി കുറഞ്ഞു.

Published

|

Last Updated

ബെംഗളൂരു |  ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ നിന്ന് ചന്ദ്രയാന്‍ 3 ശേഖരിച്ച വിവരങ്ങള്‍ പുറത്തുവിട്ട് ഐഎ്‌സആര്‍ഒ. ദക്ഷിണ ധ്രുവത്തിലെ താപനില സംബന്ധിച്ച വിവരങ്ങളാണ് ഐഎസ്ആര്‍ഒയ്ക്ക് ലഭിച്ചത്. വിക്രം ലാന്‍ഡറിന്റെ ഭാഗമായ ചന്ദ്രാസ് സര്‍ഫസ് തെര്‍മോഫിസിക്കല്‍ എക്‌സ്പിരിമന്റ് (ചാസ്‌തേ) ശേഖരിച്ച വിവരങ്ങളാണ് ഐഎസ്ആര്‍ഒ പങ്കുവെച്ചത്.

ഓഗസ്റ്റ് 23ന് സോഫ്റ്റ് ലാന്‍ഡ് ചെയ്തതിന് ശേഷം ലാന്‍ഡറില്‍ നിന്ന് റോവര്‍ പുറത്തിറങ്ങി സഞ്ചാരമാരംഭിച്ചതായി ഐഎസ്ആര്‍ഒ നേരത്തെ അറിയിച്ചിരുന്നു. കൂടാതെ വിവിധ തരത്തിലുള്ള പരീക്ഷണ നിരീക്ഷണങ്ങള്‍ക്കായി ലാന്‍ഡറില്‍ തന്നെ നാല് പേ ലോഡ് ഐഎസ്ആര്‍ഒ ക്രമീകരിച്ചിട്ടുണ്ട്. ഇതില്‍ ഒന്നായ ചാസ്‌തേയുടെ പ്രധാന ഉദ്ദേശ്യം ഉപഗ്രഹത്തിലെ മണ്ണിന്റെ താപനില പഠിക്കുക എന്നതാണ്. പത്ത് സെന്‍സറുകള്‍ അടങ്ങുന്ന ദണ്ഡിന്റെ രൂപത്തിലുള്ള ഉപകരണമാണ് ചാസ്‌തേ. ചാസ്‌തേയുടെ സെന്‍സറുകള്‍ ചന്ദ്രോപരിതലത്തില്‍ താഴ്ത്തിയാണ് താപനിലയിലെ വ്യത്യാസം അളക്കുന്നത്.

ചാസ്‌തേയുടെ നിരീക്ഷണ പ്രകാരം ചന്ദ്രോപരിതലത്തിലെ താപനില 50 ഡിഗ്രി സെല്‍ഷ്യസാണ്. എന്നാല്‍ എട്ട് സെന്റി മീറ്റര്‍ താഴേയ്ക്ക് പോകുമ്പോള്‍ ഇത് മൈനസ് പത്ത് ഡിഗ്രിയായി കുറഞ്ഞു. ചന്ദ്രോപരിതലത്തിന്റെ താപപ്രതിരോധ ശേഷിയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അന്തരീക്ഷമില്ലാത്തതിനാല്‍ തന്നെ ചന്ദ്രോപരിതലത്തിലെ താപനില ക്രമാതീതമായി കൂടുകയും കുറയുകയും ചെയ്യാറുണ്ട്. അതിനാല്‍ തന്നെ താപനിലയിലെ വ്യത്യാസവും ചന്ദ്രോപരിതലത്തിന്റെ താപപ്രതിരോധശേഷിയുമടക്കം ആഴത്തില്‍ പഠിക്കാന്‍ ചാസ്‌തേ ശേഖരിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാകും. ചന്ദ്രന്‍ ആവാസയോഗ്യമാണോ എന്നീ കാര്യങ്ങളടക്കം പരിശോധിക്കാന്‍ ഇത്തരം വിവരങ്ങളുടെ അപഗ്രഥനം മൂലം സാദ്ധ്യമാകും എന്നാണ് വിലയിരുത്തല്‍.

 

---- facebook comment plugin here -----

Latest