Connect with us

YOUTH CONGRESS

പോലീസിനെ ആക്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തു; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസ്

പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഒന്നാം പ്രതി

Published

|

Last Updated

തിരുവനന്തപുരം | യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ പോലീസിനെ ആക്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തു പോലീസ് കേസെടുത്തു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഒന്നാം പ്രതി. ഷാഫി പറമ്പില്‍, എം വിന്‍സിന്റ്, രാഹുല്‍ മാങ്കുട്ടത്തില്‍ തുടങ്ങി 30 പേരെ പ്രതി ചേര്‍ത്താണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന 300 പേരും പ്രതികളാണ്. മുഖ്യമന്ത്രിയുടെ ബസ്സിനു നേരെ കരിങ്കൊടി കാട്ടിയവര്‍ക്കു നേരെ ഉണ്ടായ അക്രമങ്ങള്‍ക്കെതിരെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയത്.

പ്രതിഷേധക്കാര്‍ മൂന്നു പോലീസ് വാഹനങ്ങളുടെ ചില്ല് അടിച്ചുതകര്‍ത്തു. കന്റോണ്‍മെന്റ് എസ് ഐ ഉള്‍പ്പടെ എട്ട് പോലീസുകാര്‍ക്കു പരിക്കേറ്റു. മാര്‍ച്ച് കടന്നുപോയ വഴികളിലെ നവകേരള സദസിന്റെ ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിച്ചു.മതിലുകടന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രവേശിക്കാന്‍ വനിതാപ്രവര്‍ത്തകര്‍ ഉള്‍പ്പടെ ശ്രമിച്ചു.

പൊലീസ് പ്രതിരോധിച്ചപ്പോള്‍ വലിയ വടികളെടുത്ത് പൊലീസിന് നേരെ അടിച്ചു. രണ്ട് പൊലീസുകാരുടെ കയ്യിലുണ്ടായിരുന്ന ഷീല്‍ഡ് തല്ലിപ്പൊട്ടിച്ചു. കന്റോണ്‍മെന്റ് എസ്‌ഐ ദില്‍ജിത്തിനും കല്ലേറുകൊണ്ടു. പൊലീസ് പരമാവധി സംയമനം പാലിച്ചിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ അടങ്ങിയില്ല. കല്ലും വടികളും ചെരുപ്പുമെറിഞ്ഞ് പ്രകോപിപ്പിച്ചു. അഞ്ച് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നോര്‍ത്ത് ഗേറ്റില്‍ പൊലീസുമായി ഉന്തും തള്ളുമുണ്ടായി.

പ്രതിപക്ഷനേതാവായിരുന്നു മാര്‍ച്ച് നയിച്ചത്. നാല് മണിക്കൂര്‍ നീണ്ട സംഘര്‍ഷത്തില്‍ നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. അക്രമസംഭവങ്ങളുടെ പേരില്‍ 22 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡി സി സി ഓഫീസില്‍ കയറി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ തടഞ്ഞു.

പോലീസിനു നേരെ കല്ലെറിഞ്ഞ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തെങ്കിലും ബസില്‍നിന്ന് അവരെ നേതാക്കള്‍ വലിച്ചിറക്കി. വനിതാ പ്രവര്‍ത്തകരുടെ വസ്ത്രം വലിച്ചുകീറിയെന്നാരോപിച്ച് വീണ്ടും സംഘര്‍ഷമുണ്ടായി. പിന്നീട് ഡിസിസി ഓഫിസിലേക്ക് മടങ്ങിയ പ്രവര്‍ത്തകര്‍ക്ക് പിന്നാലെ പോലീസും നീങ്ങി. ആരെയും കസ്റ്റഡിയിലെടുക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് പിന്നീട് കോണ്‍ഗ്രസ് മാറ്റി. ഏറെനേരം കാത്തുനിന്ന പോലീസിന് രണ്ട് പ്രവര്‍ത്തകരെ വിട്ടുനല്‍കി.

Latest