Connect with us

Business

എടിഎം വഴിയുള്ള പണം പിന്‍വലിക്കല്‍ നിരക്ക് വര്‍ധിക്കും; ജനുവരി മുതല്‍ പ്രാബല്യത്തില്‍

പുതിയ മാറ്റം പ്രകാരം എടിഎം ഇടപാടിന് 21 രൂപ വീതം ഈടാക്കാനാണ് അനുമതി.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിരക്കുകള്‍ പരിഷ്‌കരിച്ചു. ഇനിമുതല്‍ എടിഎമ്മില്‍ നിന്ന് ബാങ്ക് ഉപഭോക്താക്കള്‍ പണം പിന്‍വലിക്കാന്‍ അധിക തുക നല്‍കേണ്ടി വരും. 2022 ജനുവരി മുതലാണ് എടിഎം പണം പിന്‍വലിക്കലിന് അധിക പണം നല്‍കേണ്ടത്.

പുതിയ മാറ്റം പ്രകാരം എടിഎം ഇടപാടിന് 21 രൂപ വീതം ഈടാക്കാനാണ് അനുമതി. സൗജന്യ ഇടപാടുകള്‍ക്ക് പുറമെയുള്ള ഇടപാടുകള്‍ക്കാണ് ഉപഭോക്താവ് അധിക പണം നല്‍കേണ്ടി വരിക. നിലവില്‍ സൗജന്യ ഇടപാടുകള്‍ക്ക് പുറത്തുള്ള ഉപയോഗത്തിന് 20 രൂപയും നികുതിയുമാണ് ഈടാക്കുന്നത്. ഇത് 21 രൂപയും നികുതിയുമാകും. 2022 ജനുവരി ഒന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.

നിലവില്‍ ബാങ്കുകള്‍ എടിഎം വഴി അഞ്ച് സൗജന്യ ഇടപാടുകളാണ് അനുവദിക്കുന്നത്. മറ്റ് ബാങ്കുകളുടെ എടിഎം ഇടപാടുകള്‍ ഉപയോഗിക്കുമ്പോള്‍ മൂന്ന് സൗജന്യ ഇടപാടാണ് മെട്രോ നഗരങ്ങളില്‍ ലഭിക്കുക. നോണ്‍ മെട്രോ നഗരങ്ങളില്‍ ഇത് അഞ്ചാണ്. 2019 ല്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ സിഇഒയുടെ നേതൃത്വത്തിലുള്ള സമിതി ഇടപാടിന് 24 രൂപ വീതം ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.

നിലവിലെ 15 രൂപയുള്ള ഇന്റര്‍ചേഞ്ച് ഫീ ഇനി മുതല്‍ 17 രൂപയാക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുമുണ്ട്. ഇതും ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും. സാമ്പത്തികേതര ഇടപാടുകള്‍ക്ക് നിലവിലെ ഇന്റര്‍ചേഞ്ച് ഫീ അഞ്ചില്‍ നിന്ന് ആറാക്കി വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്. ഇന്റര്‍ചേഞ്ച് ഫീ ഏറ്റവും ഒടുവില്‍ പരിഷ്‌കരിച്ചത് 2012 ലാണ്. 2014 ലാണ് ഏറ്റവുമൊടുവില്‍ ഉപഭോക്താക്കളുടെ നിരക്ക് പരിഷ്‌കരിച്ചത്.

 

---- facebook comment plugin here -----

Latest