Connect with us

Pathanamthitta

ആറന്മുള ഉത്തൃട്ടാതി ജലോത്സവം;10.50 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍

ജലോത്സവം കാണുന്നതിനായി എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇരുകരകളിലുമുള്ള ഗാലറികളുടെ അറ്റകുറ്റപണികള്‍ക്കുമായും 11 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്

Published

|

Last Updated

പത്തനംതിട്ട |  ആറന്മുള ഉത്തൃട്ടാതി ജലോത്സവവുമായി ബന്ധപ്പെട്ട് പമ്പാ നദിയിലെ എക്കലും ചെളിയും നീക്കം ചെയ്യുന്നതിനായി 10.50 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് ജലസേചന വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ആറന്മുളയുടെ തനതു പൈതൃകമായ ജലോത്സവത്തിന്റെ നടത്തിപ്പിനു വേണ്ട സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്യും. സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വകുപ്പ് ആരംഭിച്ചു. ജലോത്സവം കാണുന്നതിനായി എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇരുകരകളിലുമുള്ള ഗാലറികളുടെ അറ്റകുറ്റപണികള്‍ക്കുമായും 11 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളിലായുണ്ടായ പ്രളയത്തെതുടര്‍ന്ന് കടവുകളില്‍ മണ്‍പുറ്റുകള്‍ അടിഞ്ഞുകൂടിയത് പള്ളിയോടങ്ങള്‍ സുരക്ഷിതമായി കടന്നു പോകുന്നതിന് പ്രതിബന്ധം സൃഷ്ടിക്കുന്നുണ്ട്. പള്ളിയോടങ്ങളുടെ യാത്രക്ക് തടസ്സമായി നില്‍ക്കുന്ന മണ്‍പുറ്റുകള്‍ എത്രയും വേഗം നീക്കം ചെയ്യും. നാടിന്റെ പൈതൃകം സൂക്ഷിക്കുന്നതിനും സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായിട്ടും നടന്നു വരുന്ന ജലോത്സവത്തിന് ജലസേചന വകുപ്പിന്റെ പിന്തുണയുണ്ട്. മത്സരവള്ളംകളിയുടെ നടത്തിപ്പിന് ആവശ്യമായ ജലം എത്തിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും വരും വര്‍ഷങ്ങളില്‍ ഇതിനു വേണ്ട സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും ആറന്മുള വാട്ടര്‍ സ്റ്റേഡിയം സന്ദര്‍ശിച്ചശേഷം മന്ത്രി പറഞ്ഞു. പ്രമോദ് നാരായണ്‍ എം എല്‍ എ, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി ജി ഗോപകുമാര്‍, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ എസ് രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Latest