Connect with us

air india express

രണ്ടാം ദിവസവും സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; വലഞ്ഞ് യാത്രക്കാര്‍

ജോലിക്ക് എത്താതിരുന്നവര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി കമ്പനി

Published

|

Last Updated

കോഴിക്കോട് | തുടര്‍ച്ചയായ രണ്ടാം ദിവസവും സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ദീര്‍ഘ ദൂരം യാത്ര ചെയ്ത് എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം കമ്പനി അറിയിക്കുന്നത്. ഇതോടെ നിരവധി പേരാണ് കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എയര്‍പോര്‍ട്ടുകളില്‍ പ്രതിഷേധിക്കുന്നത്.

അതിനിടെ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരത്തില്‍ കടുത്ത നടപടി തുടങ്ങി കമ്പനി. മെഡിക്കല്‍ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നവര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് 90ലധികം വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി. ജൂനിയര്‍ ക്രൂ ജീവനക്കാരും അവധിയിലാണ്. കേരള സെക്റ്ററില്‍ ആറ് ജീവനക്കാര്‍ക്കാണ് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

ന്യായമായ കാരണമില്ലാതെയാണ് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും നൂറിലധികം പേരുടെ മെഡിക്കല്‍ ലീവിന് പിന്നില്‍ കൂട്ടായ തീരുമാനം ഉണ്ടെന്നും പിരിച്ചുവിടല്‍ നോട്ടീസില്‍ കമ്പനി ചൂണ്ടിക്കാണിക്കുന്നു. ഇന്ന് വൈകിട്ട് നാലിന് ചര്‍ച്ച നടക്കും.

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് തൊഴിലാളി സമരത്തെ തുടര്‍ന്ന് കണ്ണൂരില്‍ ഇന്ന് ഇതുവരെ നാല് സര്‍വീസുകള്‍ റദാക്കി. 4.20ന്റെ ഷാര്‍ജ വിമാനം അവസാന നിമിഷം റദ്ദാക്കിയതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. കരിപ്പൂരില്‍ അല്‍ ഐന്‍, ജിദ്ദ , ദോഹ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. 8.30 ന് പുറപ്പെടേണ്ട തിരുവനന്തപുരം – മസ്‌ക്കറ്റ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് റദ്ദാക്കി. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട വിമാനവും റദ്ദാക്കി. ഇതോടെ പ്രതിഷേധവുമായി യാത്രക്കാരെത്തി. തിരുവനന്തപുരത്ത് നിന്ന് രാത്രി 10.10 ന് ദമാമിലേക്ക് പോകേണ്ട വിമാനവും റദ്ദാക്കിയിരുന്നു. സമരം നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ഇന്ന് കാര്യമായി ബാധിച്ചിട്ടില്ല. വൈകിട്ട് 3 ന് കൊല്‍ക്കത്തയിലേക്കുള്ള ഒരു ആഭ്യന്തര സര്‍വീസ് മാത്രമാണ് ഇന്ന് ഇതുവരെ എയര്‍ ഇന്ത്യ ക്യാന്‍സല്‍ ചെയ്തിട്ടുള്ളത്.

വിമാനത്താവളത്തിലേക്ക് വരുന്നതിന് മുന്‍പ് യാത്രക്കാര്‍ വിമാനമുണ്ടോയെന്ന് വിളിച്ച് ചോദിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജ്‌മെന്റ് അറിയിച്ചു.വരും ദിവസങ്ങളിലും എയര്‍ ഇന്ത്യ സര്‍വീസുകള്‍ തടസ്സപ്പെട്ടേക്കും. കമ്പനി സി ഇ ഒ അലോക് സിംഗ് ജീവനക്കാര്‍ക്ക് ഇമെയില്‍ അയച്ചു. നിയന്ത്രിത ഷെഡ്യൂള്‍ ഏര്‍പ്പെടുത്താന്‍ കമ്പനി നിര്‍ബന്ധിതമായെന്ന് അലോക് സിംഗ് അറിയിച്ചു. വരും ദിവസങ്ങളിലെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ്. ജീവനക്കാരുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്നും അലോക് സിംഗ് വ്യക്തമാക്കി. വിമാനത്താവളങ്ങളില്‍ നിന്ന് കൃത്യമായ അറിയിപ്പോ അടിസ്ഥാന സൗകര്യങ്ങളോ ലഭിച്ചില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. യാത്ര തുടരാന്‍ കഴിയാതെ പോയവര്‍ക്ക് ടിക്കറ്റ് തുക തിരിച്ചു നല്‍കുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്.

 

Latest