Connect with us

Kerala

അവകാശവാദങ്ങളല്ല, അസമത്വം പരിഹരിക്കാനുള്ള നടപടികളാണ് വേണ്ടത്: എസ് എസ് എഫ്

സാമ്പത്തിക അസമത്വം പരിഹരിക്കാനുള്ള നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഊന്നല്‍ നല്‍കണമെന്ന് എസ് എസ് എഫ്

Published

|

Last Updated

ചങ്ങരംകുളം  |  സാമ്പത്തിക അസമത്വം പരിഹരിക്കാനുള്ള നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഊന്നല്‍ നല്‍കണമെന്ന് എസ് എസ് എഫ്. ലോകത്തെ അഞ്ചാമത് സാമ്പത്തികശക്തിയെന്ന് അഹങ്കരിക്കുമ്പോഴും ഇന്ത്യയിലെ സാമ്പത്തിക അസമത്വം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ആളോഹരി ജി ഡി പി വളരെ താഴ്ന്ന നിരക്കിലാണെന്നതും ആഗോള സാമ്പത്തികസൂചികകളില്‍ ഇന്ത്യയുടെ പദവി ഇടിയുന്നതും അതിന്റെ സൂചകങ്ങളാണെന്നും എസ് എസ് എഫ് പ്രസ്താവിച്ചു. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി പന്താവൂര്‍ ഇര്‍ശാദ് കാമ്പസില്‍ സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് ഇസ്ലാമിക് സെന്‍സോറിയത്തിന്റെ സമാപന സംഗമത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. കോര്‍പ്പറേറ്റ് നികുതികള്‍ കുറച്ചും നിയമങ്ങള്‍ മാറ്റിപ്പണിതും നികുതി ഇളവുകളും മറ്റ് ആനുകൂല്യങ്ങളും നല്‍കിയും ബഹുശതകോടീശ്വരന്മാര്‍ക്ക് നേട്ടമുണ്ടാക്കുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും പ്രമേയം കൂട്ടിച്ചേര്‍ത്തു.

സമ്പത്തിന്റെ 77% ശതമാനവും ജനസംഘ്യയുടെ പത്തില്‍ താഴെ ശതമാനം വരുന്നവരുടെ കൈവശമാണ്. സാമ്പത്തികമായി താഴെ തട്ടിലുള്ളവരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തയാറായില്ല എന്നത് തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയമായി മാറും. വരുമാനത്തിന്റെ കാര്യത്തില്‍ മാത്രമല്ല നികുതിയുടെ കാര്യത്തിലും വലിയ അന്തരവും വിവേചനവും സാധാരണക്കാര്‍ നേരിടുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ മൊത്തം ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) 64% ഭാഗവും ജനസംഖ്യയുടെ താഴെയുള്ള 50% ആളുകളില്‍ നിന്നാണ് പിരിച്ചെടുക്കപ്പെട്ടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം 4% മാത്രമാണ് ഉയര്‍ന്ന 10% ല്‍ നിന്ന് വന്നത്.

സമാപന സംഗമം സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ടി കെ ഫിര്‍ദൗസ് സുറൈജി സഖാഫി പ്രമേയം അവതരിപ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് സീതിക്കോയ തങ്ങള്‍, ഇര്‍ശാദ് കാമ്പസ് ജനറല്‍ സെക്രട്ടറി വാരിയത്ത് മുഹമ്മദ് അലി അന്‍വരി, സമസ്ത പൊന്നാനി താലൂക്ക് സെക്രട്ടറി റസാഖ് ഫൈസി മാണൂര്‍, കേരള മുസ്ലിം ജമാഅത്ത് എടപ്പാള്‍ സോണ്‍ പ്രസിഡന്റ് എസ് ഐ കെ തങ്ങള്‍ മോതൂര്‍, എസ് എസ് എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍ അഹ്‌സനി സെക്രട്ടറിമാരായ അനസ് അമാനി കാമില്‍ സഖാഫി, ഡോ. മുഹമ്മദ് നിയാസ്, സ്വാദിഖ് അലി ബുഖാരി, സയ്യിദ് ആഷിഖ് കോയ, ഡോ. എം എസ് മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
മൂന്ന് ദിവസം നീണ്ടുനിന്ന സ്റ്റുഡന്റ്‌സ് ഇസ്ലാമിക് സെന്‍സോറിയത്തില്‍ മൂന്ന് ഘട്ടങ്ങളിലായി നടത്തിയ മത്സരപരീക്ഷകളില്‍ നിന്നും തെരഞ്ഞെടുത്ത അഞ്ഞൂറോളം മതവിദ്യാര്‍ഥികളാണ് പങ്കെടുത്തത്. മതവിജ്ഞാനത്തിന്റെ ഏറ്റവും ആഴമേറിയ തലങ്ങള്‍ പ്രതിപാദിക്കുന്ന ‘തസവുഫ്’ എന്ന പ്രമേയമാണ് ഈ വര്‍ഷത്തെ സെന്‍സോറിയം ചര്‍ച്ച ചെയ്തത്. സമസ്ത സെക്രട്ടറിമാരായ പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ചെറുശോല അബ്ദുല്‍ ജലീല്‍ സഖാഫി, സി മുഹമ്മദ് ഫൈസി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ തുടങ്ങി വിവിധ പണ്ഡിതര്‍ വ്യത്യസ്ത സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. സെന്‍സോറിയത്തിന്റെ ഭാഗമായി സീനിയര്‍, ജൂനിയര്‍ എന്നീ വിഭാഗങ്ങളിലായി യഥാക്രമം മിന്‍ഹാജുല്‍ ആബിദീന്‍, ഹിദായത്തുല്‍ അദ്കിയ എന്നീ കിതാബുകളെ അടിസ്ഥാനമാക്കി നോളേജ് ടെസ്റ്റ് നടന്നു. നോളേജ് ടെസ്റ്റിന്റെ സീനിയര്‍ വിഭാഗത്തില്‍ പൂനൂര്‍ മദീനത്തുന്നൂര്‍ കാമ്പസിലെ മിസ്ഹബ് മുസ്തഫ, മുനവ്വിറുസ്സുന്ന ദര്‍സിലെ മുഹമ്മദ് ജംഷീദ്, മഅ്ദിന്‍ സാദാത്ത് അക്കാദമിയിലെ റുഹൈല്‍ സയ്യിദ് ഹാഷിം ബാഹസന്‍ എന്നിവരും, ജൂനിയര്‍ വിഭാഗത്തില്‍ പൂനൂര്‍ മദീനത്തുന്നൂര്‍ കാമ്പസിലെ മുഹമ്മദ് സിനാന്‍ കെ പി, ക്യു ഷോര്‍ ഹിദായ കാമ്പസിലെ മുഹമ്മദ് ഉബയ്യ്, പുതുപ്പറമ്പ് അബ്ദുല്‍ ബാരി ഇസ്ലാമിക് അക്കാദമിയിലെ മുഹമ്മദ് സ്വാലിഹ് എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. പരിപാടിക്ക് വേണ്ടി മികച്ച സംവിധാനങ്ങള്‍ സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയിരുന്നു.

 

Latest