Connect with us

Ongoing News

താമരശേരിയില്‍ നിന്നും തട്ടിക്കൊണ്ടു പോയ പ്രവാസിയെ കര്‍ണാടകയില്‍ കണ്ടെത്തി

അന്വേഷണ സംഘം ഷാഫിയെ കേരളത്തിലെത്തിച്ച് കോടതിയില്‍ ഹാജരാക്കും.

Published

|

Last Updated

കോഴിക്കോട്  | താമശേരിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്തി. കര്‍ണാടകയില്‍ നിന്നാണ് ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയ ഷാഫിയെ അന്വേഷണ സംഘം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഏറെ താമസിയാതെ അന്വേഷണ സംഘം ഷാഫിയെ കേരളത്തിലെത്തിച്ച് കോടതിയില്‍ ഹാജരാക്കും.

തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കസ്റ്റഡിയിലുള്ള നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൃത്യത്തില്‍ നേരിട്ട് പങ്കുള്ളവര്‍ ഇവരിലുണ്ട്. കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ നൗഷാദ്, ഇസ്മാഈല്‍ ആസിഫ്, സുബൈര്‍, ഹുസൈന്‍ എന്നിവരെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയവരെ ഇന്ന് താമരശ്ശേരി കോടതിയില്‍ ഹാജരാക്കും.

മഞ്ചേശ്വരത്ത് നിന്ന് സാഹസികമായാണ് ക്വട്ടേഷന്‍ സംഘാംഗങ്ങളെ പിടികൂടിയത്.ശാഫിയെ പരപ്പന്‍പൊയിലില്‍ നിന്ന് കയറ്റിക്കൊണ്ടുപോയ സ്വിഫ്റ്റ് കാര്‍ സുബൈറാണ് വാടകക്കെടുത്ത് നല്‍കിയതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. നൗഷാദും ഇസ്മാഈല്‍ ആസിഫുമാണ് ഈ കാര്‍ ക്വട്ടേഷന്‍ സംഘത്തിന് എത്തിച്ചുകൊടുത്തത്. ഇവര്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം എത്തിയതായും സൂചനയുണ്ട്.സംഘം ഉപയോഗിച്ച മറ്റൊരു കാര്‍ കഴിഞ്ഞ ദിവസം കാസര്‍കോട് ചെര്‍ക്കളയിലെ വര്‍ക്ഷോപ്പില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഈ കാര്‍ വാടകക്കെടുത്ത് ക്വട്ടേഷന്‍ സംഘത്തിന് കൈമാറിയത് കാസര്‍കോട് സ്വദേശി ഹുസൈനാണ്.

 

Latest