Connect with us

Prathivaram

അക്ഷരപുത്രി

റാബിയയെന്ന മൂന്നക്ഷരങ്ങൾക്ക് മറ്റൊരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. വിസ്മയങ്ങളുടെ ജീവിതമാണ് ഇവരുടെത്. വിധി സമ്മാനിച്ച ശാരീരിക വെല്ലുവിളിയെ പരീക്ഷണമായി കണ്ട് പഠിച്ചും പഠിപ്പിച്ചും കനൽവീഥികളിലൂടെ സഞ്ചരിച്ച റാബിയയെ തേടി ഉന്നതങ്ങളുടെ സോപാനങ്ങളാണെത്തിയത്.

Published

|

Last Updated

രാജ്യത്തെ പരമോന്നത ബഹുമതി തേടി എത്തിയപ്പോഴും “എല്ലാം പടച്ചവന്റെ അനുഗ്രഹം’ എന്നതിൽ കവിഞ്ഞൊന്നും ഇവർക്ക് പറയാനില്ല. മലപ്പുറം തിരൂരങ്ങാടിയിലെ ആരാരുമറിയാത്ത വെള്ളിനക്കാടെന്ന ചെറിയ തുരുത്തിനെ തന്റെ ചക്രക്കസേരയോടൊപ്പം ഉരുട്ടി ലോക പ്രശസ്തമാക്കിയ അക്ഷര പുത്രി കെ വി റാബിയ. രാജ്യത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ പുരസ്കാരം ലഭിച്ച റാബിയ തുടരെത്തുടരെ വന്ന പ്രതിസന്ധികളിൽ തളരാതെ ജീവിത മുന്നേറ്റം നടത്തുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് അന്തർദേശീയ പുരസ്കാരമായി 116 രാഷ്ട്രങ്ങളിൽ നിന്നൊരാളെ അന്താരാഷ്ട്ര അവാർഡിന് തിരഞ്ഞെടുത്തപ്പോൾ വെള്ളിനക്കാടിലെ റാബിയയെ തിരഞ്ഞെടുത്തതിന് പിന്നിൽ പടച്ചവന്റെ നിശ്ചയം എന്നായിരുന്നു ഇവർ പറഞ്ഞിരുന്നത്.

റാബിയയെന്ന ഈ മൂന്നക്ഷരങ്ങൾക്ക് മറ്റൊരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. വിസ്മയങ്ങളുടെ ജീവിതമാണ് ഇവരുടെത്. വിധി സമ്മാനിച്ച ശാരീരിക വെല്ലുവിളിയെ പരീക്ഷണമായി കണ്ട് പഠിച്ചും പഠിപ്പിച്ചും കനൽവീഥികളിലൂടെ സഞ്ചരിച്ച റാബിയയെ തേടി ഉന്നതങ്ങളുടെ സോപാനങ്ങളാണെത്തിയത്. കാലുകൾ തളർന്ന ഇവർ സാക്ഷരതാ പ്രവർത്തനത്തിൽ മുഴുകിനിൽക്കെകൂട്ടിനെത്തിയത് അർബുദം. എന്നിട്ടും പകച്ചു നിൽക്കാതെ മുന്നേറി രോഗത്തിൽ നിന്ന് മുക്തി നേടുന്നതിനിടെ വിധി സമ്മാനിച്ചത് വീഴ്ചയായിരുന്നു. ശരീരം അനക്കാനാകാതെ വാട്ടർ ബെഡിൽ മലർന്നു കിടന്ന് മാസങ്ങൾ കഴിഞ്ഞു. അതിൽ നിന്നും മുക്തി നേടുന്നതിനിടെയാണ് പല വിധ രോഗങ്ങൾ… ഉറ്റവരുടെയും ഉടവരുടെയും മരണങ്ങൾ… ഇങ്ങനെ തീർത്തും തീക്ഷ്ണമായ പരീക്ഷണങ്ങൾ നിറഞ്ഞ ജീവിതം. ആ കനൽവഴികളെക്കുറിച്ച് പ്രതിവാരത്തോട് റാബിയ സംവദിക്കുന്നു.
****************************************
? ബാല്യകാലത്തെക്കുറിച്ച്

! തിരൂരങ്ങാടി വെള്ളിനക്കാട്ട് കരിവേപ്പിൽ മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും ആറ് പെൺമക്കളിൽ രണ്ടാമത്തെ മകളായി ജനിച്ചു. ജന്മനാ കാലുകൾക്ക് നേരിയ സ്വാധീനക്കുറവുണ്ടായിരുന്നു. പതിനാലാം വയസ്സിൽ നടക്കാൻ പറ്റാത്ത അവസ്ഥ വന്നു. എന്നാൽ പഠനം മുടക്കിയില്ല. ഒരു കിലോമീറ്ററിലേറെ ദൂരമുള്ള സ്കൂളിലേക്കും തിരിച്ച് വീട്ടിലേക്കും എളാപ്പയുടെ മകൻ സൈക്കിളിന്റെ പിന്നിലിരുത്തിയാണ് കൊണ്ടുവന്നിരുന്നത്. എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടി തുടർന്ന് ഡിഗ്രിക്ക് ചേർന്നു. യാത്ര ദുഷ്കരമായപ്പോൾ തിരൂരങ്ങാടി ഈസ്റ്റിലെ എളാപ്പയുടെ വീട്ടിൽ താമസിച്ചായിരുന്നു കോളജ് പഠനം. പി എസ് എം ഒ കോളജിന് മുകളിലെ ക്ലാസിലേക്ക് കൂട്ടുകാരുടെ ചുമലിൽ പിടിച്ചാണ് കയറിയിരുന്നത്. പിന്നീട് എന്റെ സൗകര്യത്തിനായി ക്ലാസ് താഴെ നിലയിലേക്ക് മാറ്റുകയുണ്ടായി. പക്ഷേ, കാലിന്റെ വേദന ദിനംപ്രതി ശക്തിപ്പെട്ടതു കാരണം വീട്ടിലിരുന്നായി പീന്നീടുള്ള പഠനം.

? മതപരമായ കാര്യങ്ങളിൽ നിങ്ങളുടെ വീക്ഷണം

! ഞാനൊരു പരമ്പരാഗത മുസ്‌ലിം കുടുംബത്തിലാണ് ജനിച്ചത്. ഞാനും അതേ പാതയാണ് തുടർന്നു പോരുന്നത്. പ്രമുഖ പണ്ഡിതനായിരുന്ന മർഹൂം ടി ടി അബ്ദുല്ലക്കുട്ടി മുസ്‌ലിയാർ (ചേറൂർ) മരിക്കുന്നത് വരെ ഞങ്ങളുടെ വഴികാട്ടിയായിരുന്നു. പിതാവിന്റെ ബന്ധുകൂടിയായ അദ്ദേഹത്തിന്റെ ഉപദേശ നിർദേശമനുസരിച്ചാണ് ഞങ്ങൾ നീങ്ങിയിരുന്നത്. പിതാവ് മരിച്ചപ്പോൾ വസ്വിയ്യത്ത് അനുസരിച്ച് ജനാസ നിസ്കാരത്തിന് നേതൃത്വം നൽകിയിരുന്നത് ടി ടി ഉസ്താദ് ആയിരുന്നു.

മുസ്‌ലിമായി പിറന്ന ഏതൊരാൾക്കും പരിശുദ്ധ ഹജ്ജും ഉംറയും നിർവഹിക്കുക, മുത്ത് നബി (സ)യെ സന്ദർശിക്കുക എന്നത് ചിരകാല സ്വപ്നമാണ്. എന്നാൽ ഇതിനും എനിക്ക് ഭാഗ്യമുണ്ടായി. 2002ലാണ് ഹജ്ജും ഉംറയും മദീന സിയാറത്തും നിർവഹിച്ചത്. അതും സർക്കാറിന്റെ പൂർണ ചെലവിൽ. പിതാവിനോടൊപ്പമാണ് ഹജ്ജിന് പോയത്.

? സേവന രംഗത്തേക്ക് വരാനുണ്ടായ പശ്ചാത്തലം

! ആറ് മക്കളിൽ ആറും പെൺകുട്ടികൾ. രണ്ടാമത്തെ മകളായ എനിക്ക് അംഗ പരിമിതിയും. ഇതായിരുന്നു എന്റെ കുടുംബത്തിന്റെ സ്ഥിതി. എന്നാൽ, നിരാലംബരായ കുടുംബത്തിന് ഞാൻ താങ്ങാകുമെന്ന നിശ്ചയദാർഢ്യമാണ് ഇതിന് കാരണം. “നിശ്ചയം പ്രയാസത്തോടൊപ്പമാണ് എളുപ്പം’ എന്ന ഖുർആനിക വചനമായിരുന്നു എന്റെ ആത്മധൈര്യം. തുടർന്ന് വീടിനോട് ചേർന്ന് ഒരു ഷെഡ് നിർമിച്ച് ഈ ഗ്രാമത്തിലുള്ളവർക്ക് അക്ഷരം പകർന്നു കൊടുത്തു. വയോവൃദ്ധരടക്കം നൂറോളം സ്ത്രീകൾ അന്ന് പoനത്തിനെത്തിയിരുന്നു. കൂടാതെ ഇതോടൊപ്പം സ്കൂൾ വിദ്യാർഥികൾക്കായി ട്യൂഷൻ ക്ലാസും നടത്തി. പിന്നീട് ഇത് “ചലനം സൊസൈറ്റി ‘ എന്ന വലിയ സംരംഭമായി മാറി.

? ഇപ്പോൾ പത്മശീ പുരസ്കാരം ലഭിച്ചപ്പോൾ എന്ത് പറയുന്നു

! പടച്ചവന്റെ അനുഗ്രഹം. പടച്ചവൻ ഒരിക്കലും എന്നെ കൈവിട്ടിട്ടില്ല. താങ്ങാനാകാത്ത പ്രയാസങ്ങളുടെ നടുവിൽ കഴിയുമ്പോൾ പടച്ചവൻ പത്മശ്രീ പുരസ്കാരമായി എന്നെ സഹായിച്ചു. അതിന് എത്ര നന്ദി പറഞ്ഞാലും തീരുകയില്ല. ഈ പുരസ്കാരവും മറ്റുള്ള പുരസ്കാരങ്ങളെപ്പോലെ എനിക്ക് താങ്ങും തണലുമായി നിന്ന എല്ലാവർക്കുമുള്ളതാണ്.

? അവാർഡിന്റെ പശ്ചാത്തലത്തിൽ സമൂഹത്തോട് പറയാനുള്ളത്

! ഉൾക്കണ്ണ് കൊണ്ട് ചിന്തിക്കാതെ ഭൗതികമായ കണ്ണ് കൊണ്ട് ജീവിതത്തെ അളക്കരുത്.ഞാനിതാ തളർന്നിരിക്കുന്നു, ഞാൻ മറ്റുള്ളവരെപ്പോലെയല്ല എനിക്ക് ഒന്നിനും കഴിയില്ല എന്ന് ഞാൻ ചിന്തിച്ചില്ല. മറിച്ച് അചഞ്ചലമായ ദൈവ വിശ്വാസത്തിൽ നിന്ന് കിട്ടിയ ദൃഢനിശ്ചയമായിരുന്നു എന്റെ മുതൽക്കൂട്ട്. “ആരാണോ റബ്ബിൽ ഭരമേൽപ്പിക്കുന്നത് അവന് റബ്ബ് മതി’ എന്ന ഖുർആനിക വചനമാണ് എന്നെ മുന്നോട്ടുനയിച്ചത്. അതാണ് എന്റെ ഉയർച്ചക്ക് കാരണം.
പരീക്ഷണ ഘട്ടങ്ങളിൽ തളരാതെ മുന്നേറിയാൽ ഏത് മുൾക്കിരീടവും പട്ടുമെത്തയാക്കി ദൈവം മാറ്റും എന്നതിന് എന്റെ ജീവിതം തെളിവാണ്. റബ്ബിനെ തവക്കുൽ ചെയ്യുകയാണ് വിശ്വാസി ചെയ്യേണ്ടത്.
കഴിഞ്ഞ വർഷം എന്നെ സംബന്ധിച്ചിടത്തോളം കഠിന പരീക്ഷണങ്ങളുടെ കാലമായിരുന്നു.എനിക്ക് താങ്ങും തണലുമായിരുന്ന നാലു പേരാണ് മരിച്ചുപിരിഞ്ഞത്. എല്ലാ നിലക്കും ജീവിതം ഇരുളടഞ്ഞ ഘട്ടമായിരുന്നു. ഈ കണ്ണുനീരിലും എനിക്ക് തുണയുണ്ടാകുമെന്ന് ഞാൻ നിനച്ചതാണ്. അതാണ് അവാർഡ് രൂപത്തിൽ ദൈവം ഇറക്കിയത് എന്ന് ഞാൻ വിശ്വസിക്കുന്നു.

****************************************
55 വയസ്സ് പ്രായമുള്ള ഇവർ രോഗത്തിന്റെ പിടിയിലാണെങ്കിലും മുഖത്ത് ഒട്ടും ആശങ്കയില്ല. വലിയ നേട്ടങ്ങൾ ലഭിക്കുമ്പോൾ അമിതാഹ്ലാദവും പരീക്ഷണഘട്ടങ്ങളിൽ വിധിയെ പഴിക്കലും ഇസ്്ലാം മതവിശ്വാസിക്ക് പാടില്ല എന്ന ഉത്തമ വിശ്വാസമാണ് ഇവരുടെ വിജയനിതാനം. വിവിധ രോഗങ്ങൾ കാരണം ശരീരം തളരുമ്പോഴും തളരാത്ത മനസ്സോടെ ആ സമയം പുസ്തക വായനക്കായി വിനിയോഗിച്ച് അറിവും ചിന്തയും വളർത്തിയെടുക്കുകയാണ് ചെയ്തത്.
റാബിയ ആത്മകഥയായി എഴുതിയ “സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്’ എന്ന പുസ്തകം വായനക്കാർക്ക് ഊർജവും ആത്മവിശ്വാസവും പകരുന്നതാണ്.
പുരസ്കാരങ്ങളുടെ പെരുമഴ തന്നെ ഇവർക്ക് ലഭിച്ചിട്ടുണ്ട്. 1992ൽ നെഹ്റു യുവകേന്ദ്ര അവാർഡിലൂടെയാണ് പുരസ്കാരങ്ങളുടെ തുടക്കം. സംസ്ഥാന സാക്ഷരതാ മിഷൻ അവാർഡ്, ഡൽഹി നാഷനൽ യൂത്ത് അവാർഡ്, ബജാജ് ട്രസ്റ്റ് അവാർഡ്, കരുണാകരമേനോൻ അവാർഡ്… ഇങ്ങനെ നീളുന്നു അവ. ജൂനിയർ ചേംബർ ഇന്റർനാഷനൽ അവാർഡ് നേരിൽ സ്വീകരിക്കുന്നതിന് ജപ്പാനിലെ “സപ്പാനോ’യിൽ പോകുന്നതിനും അന്നത്തെ അമേരിക്കൻ പ്രസിഡന്റിൽ നിന്നും അവാർഡ് നേരിട്ട് സ്വീകരിക്കുന്നതിനും അവസരമുണ്ടായെങ്കിലും ശാരീരിക പരിമിതികളും രോഗങ്ങളും കാരണം വിദേശയാത്രക്ക് സാധിക്കാതെ വന്നു. പിന്നീട് ആ അവാർഡ് സംഘാടകർ തന്നെ വീട്ടിലെത്തി റാബിയക്ക് സമർപ്പിച്ചു. നാഷനൽ യൂത്ത് അവാർഡ് ഡൽഹിയിൽ അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിൽ നിന്നാണ് ഏറ്റുവാങ്ങിയത്. കേന്ദ്ര സർക്കാർ ആദ്യമായി ഏർപ്പെടുത്തിയ കണ്ണകി സ്ത്രീ ശാക്തീകരണ അവാർഡ് അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്പയിൽ നിന്നാണ് സ്വീകരിച്ചത്.

റാബിയ കൂടുതൽ പ്രശസ്തയാകുന്നതിന് മുമ്പ് അന്നത്തെ ജില്ലാ കലക്ടർ കുരുവിള ജോൺ റാബിയയെ സന്ദർശിച്ചു. വീട്ടിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥ നേരിൽ മനസ്സിലാക്കിയ കലലക്ടർ ഇങ്ങോട്ട് റോഡ് അനുവദിച്ചു. റോഡിന് റാബിയ റോഡ് എന്ന് പേരിടണമെന്ന് കലക്ടർ താത്പര്യം പ്രകടിപ്പിക്കുകയുണ്ടായി. എന്നാൽ അതിന് സമ്മതിക്കാതെ സാക്ഷരതയുടെ പേരിലുള്ള റോഡായതിനാൽ “അക്ഷര റോഡ്’ എന്ന് നാമകരണം ചെയ്യണമെന്ന റാബിയയുടെ ആവശ്യം കലക്ടർ അംഗീകരിക്കുകയായിരുന്നു.

സാക്ഷരതാ പ്രവർത്തനത്തിൽ നിന്ന് കുടിൽ വ്യവസായം, അയൽക്കൂട്ടങ്ങൾ, ട്യൂഷൻ തുടങ്ങിയവ നടത്തി. അംഗ പരിമിതർക്കായി തുടങ്ങിയ “ചലന’ത്തിൽ 300 പ്രവർത്തകരുണ്ടായിരുന്നു. സ്ത്രീകൾക്കായി വിവിധ കുടിൽ വ്യവസായങ്ങൾ ഇതിന് കീഴിൽ നടത്തി. തയ്യൽ, കുട നിർമാണം, പബ്ലിക്കേഷൻ, പാഴ് വസ്തുക്കളിൽ നിന്ന് കരകൗശല വസ്തുക്കൾ നിർമിക്കുക തുടങ്ങിയവയിലൂടെ സ്ത്രീകളെ സ്വയംപര്യാപ്തരാക്കാൻ റാബിയ നടത്തിയ വിപ്ലവാത്മകമായ സംരംഭങ്ങളാണ് ഇവരെ പിന്നീട് ലോകം മുഴുക്കെ ഉയർത്തിയത്.
മാതാപിതാക്കളടക്കം നിരവധി ഉറ്റവർ വിടപറഞ്ഞപ്പോഴും ശൂന്യതയിലേക്ക് നോക്കാതെ പിടിച്ചു നിന്ന ഇവർ ഇപ്പോൾ സ്വന്തം വീട്ടിൽ സഹോദരിയുടെ മക്കൾക്കൊപ്പമാണ് താമസിക്കുന്നത്.