Connect with us

Health

നിസാരക്കാരനല്ല മൂത്രാശയ അണുബാധ; ലക്ഷണങ്ങള്‍, പരിഹാര മാര്‍ഗങ്ങള്‍

Published

|

Last Updated

സ്ത്രീകളിലും പുരുഷന്മാരിലും കണ്ടു വരുന്ന ആരോഗ്യപ്രശ്‌നമാണ് മൂത്രത്തില്‍ അണുബാധ അല്ലെങ്കില്‍ യൂറിനറി ഇന്‍ഫെക്ഷന്‍. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് കൂടുതലായി രോഗം കണ്ട് വരുന്നത്. വളരെയധികം സമയം മൂത്രം കെട്ടിനിര്‍ത്തുന്നതും കൃത്യമായി ശുചിത്വം പാലിക്കാത്തതുമാണ് സ്ത്രീകളിലെ മൂത്രാശയ അണുബാധയുടെ പ്രധാനകാരണം. പുരുഷന്‍മാര്‍ക്കുണ്ടാകുന്ന യൂറിനറി ഇന്‍ഫെക്ഷന്‍ പ്രസവ വേദനയെക്കാള്‍ കഠിനമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ കണ്ടെത്തല്‍.

അപ്പര്‍ യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍, ലോവര്‍ ട്രാക്റ്റ് ഇന്‍ഫെക്ഷന്‍ എന്നിങ്ങനെ രണ്ടു തരത്തിലുള്ള അണുബാധയാണുള്ളത്. ഗര്‍ഭാശയം, കിഡ്‌നി എന്നിവ അടങ്ങിയ ഭാഗത്തിന് സമീപമുള്ള മൂത്രനാളിയാണ് അപ്പര്‍ യൂറിനറി ട്രാക്റ്റ്. മൂത്രസഞ്ചി, മൂത്രാശയം എന്നിവ ഉള്‍പ്പെടുന്ന ഭാഗമാണ് ലോവര്‍ ട്രാക്റ്റ്. ലോവര്‍ യൂറിനറിട്രാക്റ്റിനെ ബാധിക്കുന്ന അണുബാധ വളരെ വേഗത്തില്‍ ചികിത്സിച്ചു മാറ്റാന്‍ കഴിയുന്നതാണ്.

ലക്ഷണങ്ങള്‍

അടിവയറ്റില്‍ വേദന, എപ്പോഴും മൂത്രം ഒഴിക്കണമെന്ന തോന്നല്‍, മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുക, രൂക്ഷമായ ദുര്‍ഗന്ധം, മൂത്രത്തിനു നിറവ്യത്യാസം, മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍, പുരുഷന്മാരില്‍ മലാശയ ഭാഗങ്ങളില്‍ ഉണ്ടാകുന്ന വേദന എന്നിവയാണ് മൂത്രാശയ അണുബാധയുടെ പ്രധാന ലക്ഷണങ്ങള്‍.

രോഗം കൃത്യസമയത്ത് ചികിത്സിച്ച് ഭേദമാക്കിയില്ലെങ്കില്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെപ്പോലും ഗുരുതരമായി ബാധിക്കും. അണുബാധയുണ്ടായാല്‍ ഉടനടി ഡോക്ടറെ സമീപിക്കേണ്ടതാണ്. മൂത്രസഞ്ചിയിലോ, മൂത്രനാളിയിലോ കണ്ട് വരുന്ന അണുബാധയുടെ ലക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് കിഡ്നിയിലോ, യൂട്രസിലോ അണുബാധ ഉണ്ടായാല്‍ കാണിക്കുന്ന ലക്ഷണങ്ങള്‍.

കിഡ്നിയിലോ, യൂട്രസിലോ അണുബാധയുണ്ടായാല്‍ നടുവിനും വശങ്ങളിലും വേദന, അമിതമായി തണുപ്പ് തോന്നുക, പനി, ഓക്കാനം, ഛര്‍ദ്ദി എന്നിവയാണ് അനുഭവപ്പെടുക.

പരിഹാരമാര്‍ഗങ്ങള്‍

മൂത്രാശയ അണുബാധയുണ്ടായാല്‍ ഡോക്ടറെ സമീപിച്ച് കൃത്യമായ ചികിത്സ ലഭ്യമാക്കുക എന്നതാണ് പോംവഴി. മൂത്രസഞ്ചിയിലോ, മൂത്രനാളിയിലോ കണ്ട് വരുന്ന അണുബാധയ്ക്ക് പ്രധാനമായും ആന്റിബയോട്ടിക്ക് മരുന്നുകളാണ് പരിഹാരമായി നല്‍കുക. എന്നാല്‍ കിഡ്നിയിലോ, യൂട്രസിലോ കണ്ട് വരുന്ന അണുബാധയ്ക്ക് നേരിട്ട് ഞരമ്പുകളില്‍ ആന്റിബയോട്ടിക്കുകള്‍ കുത്തി വെയ്ക്കേണ്ടതായി വരും.

ഡോക്ടര്‍ നിര്‍ദേശിക്കന്ന ചെറിയ അളവിലെ ആന്റിബയോട്ടിക്ക് മരുന്നുകള്‍ കൊണ്ട് ഇതു ഭേദമാക്കാന്‍ കഴിയും. കൂടാതെ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കുക, ചൂടുള്ള കാലാവസ്ഥയില്‍ വെള്ളത്തിന്റെ അളവ് കൂട്ടണം, ജ്യൂസുകള്‍ കുടിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. മദ്യം, ശീതളപാനീയങ്ങള്‍ എന്നിവ ഒഴിവാക്കണ‌ം.

ഇളം ചൂടു വെള്ളത്തില്‍ കുളിയ്ക്കുന്നത് മൂത്രാശയരോഗം ശമിക്കാന്‍ നല്ലതാണ്. മൂത്രം ഒഴിക്കണമെന്ന് തോന്നിയാല്‍ പിടിച്ചു നിര്‍ത്താതെ ഉടന്‍ ഒഴിക്കണം. കൂടുതല്‍ സമയം മൂത്രം പിടിച്ചു നിര്‍ത്തുന്നത് അണുക്കള്‍ ശക്തരാകാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്. ധാരാളം ജലാംശം അടങ്ങിയ വെള്ളരിക്ക കഴിയ്ക്കുന്നതും പ്രകൃതിദത്തമായ പരിഹാരമാണ്. എല്ലാതരം പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

മൂത്രാശയരോഗത്തെ അകറ്റാന്‍ ഏറ്റവും നല്ലതാണ് ക്രാന്‍ബെറി ജ്യൂസ്. ക്രാന്‍ബെറി ജ്യൂസ് ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മൂത്രാശയരോഗം പിടിപെടില്ല എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ക്രാന്‍ബെറി മികച്ച ആന്റി ഓക്‌സിഡന്റ് കൂടിയാണ്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനും ക്രാന്‍ബെറി ജ്യൂസ് ഫലപ്രദമാണ്.

---- facebook comment plugin here -----

Latest