Connect with us

Articles

എത്ര ക്രിമിനലുകളാണ് രാഷ്ട്രീയത്തില്‍!

Published

|

Last Updated

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ജീര്‍ണതയും അതിനെ സാധൂകരിക്കുന്ന രീതിയില്‍ ജനാധിപത്യത്തിന്റെ ആഭ്യന്തര ഘടനയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുര്‍ബലതയും പല രീതിയില്‍ ഇന്നത്തെ സാമൂഹിക ജീവിതത്തില്‍ പ്രകടമാണ്. ഇങ്ങനെ രാഷ്ട്രീയ സാമൂഹികാവസ്ഥയെ മാറ്റുന്നതില്‍ വ്യക്തികള്‍ക്കുള്ള സ്ഥാനം ചെറുതല്ല. അതാകട്ടെ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ നിന്ന് അധികാര ഘടനയിലേക്ക് മാറുമ്പോള്‍ സ്ഥിതി ഗുരുതരമാകുന്നു. ഉദ്യോഗസ്ഥ മേധാവിത്വവും അതിന്റെ തണലില്‍ വളരുന്ന അഴിമതിയും ഇതിന്റെ ശേഷിപ്പുകളാണ്.

ഇത്തരമൊരു അവസ്ഥയിലാണ് രാഷ്ട്രീയത്തിലും പൊതു വ്യവഹാരങ്ങളിലും ദുര്‍ബലമാകുന്ന ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമായിത്തീരുന്നത്. കാരണം, ജനാധിപത്യം നേരിടുന്ന ദുര്‍ബലത ഏതെങ്കിലും പ്രത്യേക വിഭാഗങ്ങളെ മാത്രം ബാധിക്കുന്നതല്ല. മറിച്ച് സമൂഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ചയെ ബാധിക്കുന്നതാണ്. കേന്ദ്രീകൃത അധികാര ഘടനയില്‍ പൊതുവെ അനുഭവപ്പെടുന്ന ജനവിരുദ്ധ നിലപാടുകള്‍ തിരുത്താനുള്ള പൗരന്റെ ഏറ്റവും ശക്തമായ ഇടമാണ് ജനാധിപത്യം. ഈ ജനാധിപത്യത്തിന്റെ നടത്തിപ്പുകാരായി തീരേണ്ടത് ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. അത്തരം വ്യക്തികള്‍ക്ക് തീര്‍ച്ചയായും ഉണ്ടാകേണ്ടത് സംശുദ്ധമായ വ്യക്തി ജീവിതമായിരിക്കണം. കാരണം, പല രീതിയില്‍ ദുര്‍ബലപ്പെടുന്ന ജനാധിപത്യ വ്യവസ്ഥയെ നിയന്ത്രിക്കുന്നവര്‍ ഉന്നതമായ സാമൂഹിക മൂല്യങ്ങളുടെ ഭാഗമാകേണ്ടതുണ്ട്. നിലവില്‍ ഈ നിരീക്ഷണത്തെ അപ്രസക്തമാക്കുന്ന തരത്തിലാണ് നമ്മുടെ ജനാധിപത്യത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വ്യക്തികളും രാഷ്ട്രീയ നേതാക്കളും ഉപയോഗിക്കുന്നത്. നമ്മുടെ പൊതു ജനപ്രാതിനിധ്യ വ്യവഹാരങ്ങളില്‍ വര്‍ധിച്ചു വരുന്ന ക്രിമിനല്‍വത്കരണത്തിനും നൈതിക രാഷ്ട്രീയ മൂല്യങ്ങളുടെ ദിനംപ്രതിയുള്ള അധപ്പതനത്തിനും ഇത് കാരണമാകുന്നു.

ജനാധിപത്യത്തില്‍ എന്തുകൊണ്ടും നിലനില്‍ക്കേണ്ടതാണ് സംശുദ്ധമായ വ്യക്തിത്വം. എന്നാല്‍ ഇന്നത് പല കാരണത്താല്‍ ജീര്‍ണിക്കുകയും അത്തരം ജീര്‍ണതയുടെ ഭാഗമായിട്ടുള്ള മനുഷ്യര്‍ രാഷ്ട്രീയ അധികാര കേന്ദ്രങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. അതിന്റെ ദുരന്തങ്ങള്‍ പൊതുസമൂഹത്തിന് അനുഭവിക്കേണ്ടിവരുന്നു. ഈയൊരു ദുരന്തം ആരംഭിക്കുന്നത് ജനാധിപത്യ സംവിധാനത്തില്‍ പൗരന്‍ എന്ന അര്‍ഥത്തില്‍ ഏതൊരാള്‍ക്കും അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകാനും ഭരണകൂടത്തെ നിയന്ത്രിക്കാനും കഴിയുമ്പോഴാണ്. ഈ സ്വാതന്ത്ര്യം പല രീതിയിലുള്ള വ്യക്ത്യാധിഷ്ഠിത കുറ്റകൃത്യങ്ങളിലേക്ക് വളരുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സ്വഭാവികതയായി മാറിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയില്‍ പാര്‍ലിമെന്റില്‍ പോലും ക്രിമിനല്‍ കുറ്റം ചെയ്തവര്‍ ജനപ്രതിനിധികളായി എത്തുന്നത് വര്‍ധിച്ചു വരികയാണ്. ഒന്നാം മോദി സര്‍ക്കാറില്‍ ഇത്തരത്തില്‍ മൂന്ന് അക്കത്തില്‍ കൂടുതല്‍ ജനപ്രതിനിധികള്‍ ക്രിമിനല്‍ കേസില്‍ പെട്ടതാണെന്ന കണക്ക് പുറത്തു വന്നതാണ്. ഈ സാഹചര്യത്തിലാണ് ഇന്നലെയുണ്ടായ സുപ്രീം കോടതി ഉത്തരവിനെ നോക്കിക്കാണേണ്ടത്.

സ്ഥാനാര്‍ഥിയായി നിശ്ചയിച്ച് 48 മണിക്കൂറിനകം രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ക്രിമിനല്‍ പശ്ചാത്തലം പരസ്യപ്പെടുത്തണം. കഴിഞ്ഞ വര്‍ഷം നടന്ന ബിഹാര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയുടെ നേരത്തേ ഉണ്ടായ ഉത്തരവ്. 48 മണിക്കൂറിനകം അല്ലെങ്കില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ ആദ്യ തീയതിക്ക് രണ്ടാഴ്ച മുമ്പ് ക്രിമിനല്‍ പശ്ചാത്തല വിവരങ്ങള്‍ അപ്ലോഡ് ചെയ്യണമെന്നായിരുന്നു ആ ഉത്തരവ്. ഇപ്പോള്‍ അത് 48 മണിക്കൂര്‍ മാത്രമായി പരിമിതപ്പെടുത്തിയാണ് കോടതിയുടെ പുതിയ ഉത്തരവ്. കഴിഞ്ഞ ഉത്തരവ് രാഷ്ട്രീയ പാര്‍ട്ടികള്‍ അനുസരിച്ചിട്ടില്ല എന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികളുടെ വിവരം അതാണ് വ്യക്തമാക്കുന്നത്.

ബിഹാറില്‍ ഒടുവില്‍ നടന്ന നിയമസഭയിലേക്കുള്ള ഒന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ 30 ശതമാനത്തിലധികം പേര്‍ ക്രിമിനല്‍ പശ്ചാത്തലത്തിലുള്ളവരായിരുന്നു. 1,064 സ്ഥാനാര്‍ഥികളില്‍ 328 പേര്‍ ക്രിമിനല്‍ സ്വഭാവത്തിലുള്ളവരാണ്. സ്ഥാനാര്‍ഥികള്‍ നല്‍കിയ നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അസ്സോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആര്‍) ആണ് കണക്കുകള്‍ പുറത്ത് വിട്ടത്. അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 244 പേര്‍ മത്സര രംഗത്തുണ്ടെന്ന് എ ഡി ആര്‍ കണക്കുകള്‍ വ്യക്തമാക്കുകയുണ്ടായി.
ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡിയുടെ സ്ഥാനാര്‍ഥികളാണ് ക്രിമിനല്‍ പശ്ചാത്തലമുള്ളവരില്‍ മുന്നില്‍. 41 പേരില്‍ 73 ശതമാനം വരുന്ന 30 പേര്‍ കുറ്റവാളികളും 22 പേര്‍ കൊടും കുറ്റവാളികളുമാണ്. 29 ബി ജെ പി സ്ഥാനാര്‍ഥികളില്‍ 72 ശതമാനം വരുന്ന 21 പേര്‍ കുറ്റവാളികളും 23 പേര്‍ കൊടും കുറ്റവാളികളുമാണ്. എല്‍ ജെ പിയുടെ 41 സ്ഥാനാര്‍ഥികളില്‍ 24 പേര്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണ്. കോണ്‍ഗ്രസ്സില്‍ 57 ശതമാനവും ജെ ഡി യുവില്‍ 43 ശതമാനവും ബി എസ് പിയില്‍ 31 ശതമാനവും ഇത്തരത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ തന്നെ മൂന്ന് സ്ഥാനാര്‍ഥികള്‍ ബലാത്സംഘ കേസില്‍ പ്രതികളാണ്. കൂടാതെ കൊലപാതക കുറ്റം ചുമത്തപ്പെട്ട 21 പേരും വധശ്രമത്തിന് ഐ പി സി 307 പ്രകാരം നിയമ നടപടി നേരിടുന്ന 62 പേരും ജനവിധി തേടുന്നവരില്‍ പെടുന്നു.
ഈയൊരു പശ്ചാത്തലത്തിലാണ് ഇന്നലത്തെ കോടതിവിധിയുടെ സാമൂഹിക പ്രസക്തി പൊതുസമൂഹം വിലയിരുത്തേണ്ടത്. പുരോഗമന കാലത്ത് സ്വാഭാവികമായി നവീകരിക്കപ്പെടേണ്ട ജനാധിപത്യം നേരേ വിരുദ്ധമായി മാറുമ്പോള്‍ അതിനെ തിരുത്തേണ്ടത് കോടതിയാണോ? വ്യത്യസ്ത മേഖലകളിലെ ഉല്‍പതിഷ്ണുക്കള്‍ ഇത്തരം അധപ്പതനത്തെ സാംസ്‌കാരികപരമായും രാഷ്ട്രീയപരമായും പരിഹരിക്കേണ്ടതല്ലേ എന്ന ചോദ്യം സ്വാഭാവികമാണ്. അത് നടത്തേണ്ടവര്‍ തന്നെ രാഷ്ട്രീയ അധികാരത്തിന്റെ ഭാഗമായി ഇത്തരം പ്രതിലോമ ജനാധിപത്യ പ്രക്രിയ വളര്‍ത്തുമ്പോള്‍ കോടതി പരിഹാരമായി മാറുന്നു എന്നതാണ് സത്യം. ഇത് സിവില്‍ സമൂഹത്തിന് നല്‍കുന്ന ആവേശം ചെറുതല്ല. അതിന്റെ ഭാഗമായി അരാഷ്ട്രീയത വളരാനും രാഷ്ട്രീയം അങ്ങേയറ്റം ജനവിരുദ്ധ പ്രക്രിയയാണ് എന്ന് സ്ഥാപിച്ചെടുക്കാനും പലര്‍ക്കും കഴിയുന്നുണ്ട്.

നമ്മുടെ ജനപ്രാതിനിധ്യ സഭ അഭിസംബോധന ചെയ്യുന്നത് ജനങ്ങളുടെ മികച്ച സാമൂഹിക ജീവിത വികാസത്തെക്കുറിച്ചാണ്. അത്തരം ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കേണ്ടവര്‍ വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും പാലിക്കേണ്ട സംശുദ്ധതക്ക് വലിയ വിലയുണ്ട്. അവരുടെ ജീവിതം സാമൂഹിക വിമര്‍ശങ്ങള്‍ക്ക് വിധേയമാണ്. അവിടെ വിചാരണ ചെയ്യപ്പെടുന്നത് വ്യക്തികളെ മാത്രമല്ല, ജനാധിപത്യത്തെ കൂടിയാണ്. അത്തരമൊരിടത്ത് കൊടും കുറ്റവാളികളാല്‍ നിയന്ത്രിക്കപ്പെടുന്ന അധികാര ബന്ധങ്ങള്‍ സമൂഹത്തിന് ഏല്‍പ്പിക്കുന്ന പരുക്ക് ചെറുതല്ല. ഇത് അനിയന്ത്രിതമായി വളര്‍ന്നു കഴിഞ്ഞാല്‍ സമൂഹം ക്രിമിനല്‍വത്കരിക്കപ്പെടുന്നു. ക്രിമിനല്‍വത്കരിക്കപ്പെട്ടവര്‍ ഭരണകൂടത്തിന് നേതൃത്വം നല്‍കുന്ന അവസ്ഥയിലേക്ക് മാറിക്കഴിഞ്ഞ ഇന്ത്യയിലെ പല സംസ്ഥാനങ്ങളെയും ഇപ്പോള്‍ തന്നെ നാം കാണുന്നുണ്ട്.

നിലവില്‍ സുപ്രീം കോടതിയുടെ ഉത്തരവ് ഏത് രീതിയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുക എന്നത് നോക്കിക്കാണേണ്ടതാണ്. കാരണം, പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും നിലവില്‍ ക്രിമിനല്‍വത്കരിക്കപ്പെട്ട അവസ്ഥയിലാണ്. പണം അധികാരത്തെ സ്ഥാപിച്ചെടുക്കാനുള്ള ഏറ്റവും എളുപ്പമായ വഴിയായി മാറുന്നു. പിന്നീട് വീണ്ടും പണം കണ്ടെത്താനുള്ള സ്രോതസ്സുകള്‍ ഉണ്ടാകുന്നത് ക്രിമിനല്‍വത്കരണം വഴിയാണ്. അതിന് നേതൃത്വം കൊടുക്കുന്നവര്‍ രാഷ്ട്രീയ അധികാര സ്ഥാനങ്ങളില്‍ എത്തുമ്പോള്‍ അവരുടെ താത്പര്യങ്ങളും സമ്പത്തിനെ കേന്ദ്രീകരിച്ചുകൊണ്ട് മാത്രമാണ്. അവിടെ ഭ്രഷ്ടരാകുന്നത് സാധാരണ ജനങ്ങളും തകരുന്നത് മഹത്തായ ഇന്ത്യന്‍ ജനാധിപത്യവുമാണ്. ഇതിനെ പരിഹരിക്കാന്‍ കോടതി വിധിക്ക് കഴിയുന്നുണ്ടെങ്കില്‍ രാഷ്ട്രീയത്തിനു മേല്‍ കോടതി തിരുത്തല്‍ ശക്തിയായി മാറുന്നതായി സമ്മതിക്കേണ്ടി വരും.

Latest