Connect with us

Health

രോഗബാധിതരിൽ 88 ശതമാനവും മരിക്കും; ഭീഷണി ഉയർത്തി മാര്‍ബര്‍ഗ് വൈറസ്ബാധ

Published

|

Last Updated

ജനീവ | പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഗിനിയയില്‍ എബോള വൈറസിന് സമാനമായ മാര്‍ബര്‍ഗ് വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ബര്‍ഗ് വൈറസ് പിടിപെടുന്ന 88 ശതമാനം ആളുകള്‍ക്കും മരണം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. എബോള ഉള്‍പ്പെടുന്ന ഫിലോവൈറസ് കുടുംബത്തിലെ അംഗമാണ് മാര്‍ബര്‍ഗ്.

വവ്വാലില്‍ നിന്നാണ് മനുഷ്യരിലേക്ക് ഈ രോഗം പകരുന്നത്. വവ്വാലുകള്‍ താമസിക്കുന്ന ഗുഹകളില്‍ നിന്നും ഖനികളില്‍ നിന്നും മാര്‍ബര്‍ഗ് പടരാനുള്ള സാധ്യത കൂടുതലാണ്. മാര്‍ബര്‍ഗ് രോഗിയുടെ രക്തം, മറ്റു ശരീര ദ്രവങ്ങള്‍ എന്നിവയിലൂടെയാണ് രോഗവ്യാപനം ഉണ്ടാക്കുക. വൈറസ് ശരീരത്തിലെത്തി മൂന്ന് മുതല്‍ 9 ദിവസത്തിനുള്ളിലാണ് രോഗബാധ പ്രകടമാകുക. അംഗീകൃത വാക്‌സീനുകളോ ആന്റീവൈറല്‍ ചികിത്സകളോ ഈ രോഗത്തിനില്ല. എങ്കിലും പ്രത്യേക രോഗ ലക്ഷണങ്ങള്‍ക്കുള്ള ചികിത്സയാണ് രോഗികള്‍ക്ക് നല്‍കിവരുന്നത്.

1967 ല്‍ ജര്‍മനിയിലെ മാര്‍ബര്‍ഗ് പട്ടണത്തിലാണ് വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് മാര്‍ബര്‍ഗ് എന്ന പേരുവന്നത്. ഗ്വാക്കെഡോ എന്ന സ്ഥലത്ത് ഓഗസ്റ്റ് രണ്ടിന് മരിച്ച രോഗിയില്‍ നിന്ന് ശേഖരിച്ച സാമ്പിള്‍ പരിശോധനയിലൂടെയാണ് മാര്‍ബര്‍ഗ് രോഗബാധ ഇപ്പോള്‍ കണ്ടെത്തിയത്. ഗിനിയയില്‍ എബോളയുടെ രണ്ടാം വരവ് അവസാനിച്ചെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനുശേഷമാണ് മാര്‍ബര്‍ഗ് വൈറസിന്റെ അപ്രതീക്ഷിതമായ വരവ്. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത എബോള ബാധയില്‍ 12 പേരാണ് മരണപ്പെട്ടത്.

സിയറലിയോണ്‍, ലൈബീരിയ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയിലുള്ള വനമേഖലകളിലും മാര്‍ബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് രോഗം പടരുന്നത് തടയുന്നതിനായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ദക്ഷിണാഫ്രിക്ക, കെനിയ, ഉഗാണ്ട, ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളില്‍ നേരത്തെ മാര്‍ബര്‍ഗ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആദ്യമായാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യത്ത് ഈ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.