Connect with us

Books

നമ്മളൊക്കെ ബ്രഹ്മരക്ഷസിന്റെ പിടിയിലാണ് !

Published

|

Last Updated

മലയാളത്തിന്റെ ചെറുകഥാ സാഹിത്യത്തിന്റെ ചരിത്രമെഴുത്തിൽ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്ന പേര് പരാമർശിക്കാതെ ഒരിഞ്ചുപോലും മുന്നോട്ടുപോകാനാകില്ല. അത്രമാത്രം കഥയുടെ നവഭാവുകത്വം വായനക്കാരന് സമ്മാനിച്ച ചെറുകഥകളുടെ വലിയൊരു ലോകം സൃഷ്ടിച്ചെടുത്ത ശിഹാബിന്റെ തൂലികയിൽ നിന്നും പിറവിയെടുത്ത ഭാവനയുടെ അസാധാരണ തലമുള്ള ഒരു ചെറിയ നോവലാണ് ബ്രഹ്മരക്ഷസ്സ്.

96 പേജുകളിൽ ആകാംക്ഷാഭരിതമായ വായനാനുഭവം പകർന്ന് എഴുത്തിന്റെ മാന്ത്രിക ശൈലിയിൽ വായനക്കാരെ അക്ഷരാർഥത്തിൽ തളച്ചിടുന്ന ബ്രഹ്മരക്ഷസ് സൂക്ഷ്മ വിശകലനത്തിൽ മികച്ചൊരു രാഷ്ട്രീയ നോവലാണ്. ആഗോളവ്യാപകമായി കോർപറേറ്റുകൾ നടത്തുന്ന അധിനിവേശങ്ങൾ ഏതൊക്കെ തരത്തിലാകും ഇരകളെ വലയിട്ടു പിടിക്കുന്നതെന്നതിന്റെ പരീക്ഷണങ്ങളെ ആവിഷ്കരിക്കുമ്പോൾ അതിന് ബ്രഹ്മരക്ഷസ് എന്ന സങ്കൽപ്പം ഒരായുധമാകുന്ന ഭീകരമായ കാഴ്ചകൾ വായനക്കാരിൽ കൗതുകമുണർത്തുന്നു. പിറന്ന ഭൂമിയായ വിലയം കടവിലെ പ്രഭാതത്തിന്റെ ശോഭ ലോകത്ത് മറ്റെവിടെയും ഇല്ലെന്നു വിശ്വസിക്കുന്ന ശ്രീനിവാസന്റെ ഒരാത്മഗതമാണ് “കമ്പനിയുടെ വളർച്ചക്കൊപ്പം ഇത്തിരി വളർച്ച എനിക്കുമുണ്ടായി. പക്ഷേ, ജീവിതം എവിടെയോ ആവിയായിപ്പോയി. ലോകം മുഴുവൻ ചിതറിക്കിടക്കുന്ന രണ്ട് ഭൂഖണ്ഡമാണ് മലയാളി”.

മലയാളി അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രവാസ ജീവിതത്തിന് ഏറ്റവും അനുയോജ്യമായ ഒരടിക്കുറിപ്പ് തന്നെയാണിത്. വിലയംകടവിനെ മനസ്സിൽ താലോലിക്കുമ്പോഴും ശ്രീനിവാസനും പത്നി വിമലയും വീടുവെക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലം “സാധുമുക്ക് ” ആയത് മക്കൾക്ക് ഫ്ലൈറ്റിറങ്ങി പത്ത് മിനുട്ടുകൊണ്ട് വീട്ടിലെത്താനും അഞ്ച് മിനുട്ടുകൊണ്ട് ഹോസ്പിറ്റൽ, രണ്ട് മിനുട്ടിനകം ഷോപ്പിംഗ് മാൾ, വറ്റാത്ത കിണർ, നിറയെ തണൽമരം, എല്ലാം കൊണ്ടും നഗരമധ്യത്തിൽ ഒരു ഓർഗാനിക് വില്ലേജ്. ബ്രഹ്മരക്ഷസിനെ കുടിയിരുത്തി എന്ന് പറയുന്ന സ്ഥലമെല്ലാം ജെ സി ബിയെ കൊണ്ട് നിരപ്പാക്കി.
അങ്ങനെ പ്രവാസാനന്തര സുഖ സുന്ദര ജീവിതവുമായി മുന്നോട്ടു പോകുന്നതിനിടക്കാണ് ശ്രീനിവാസന്റെയും വിമലയുടെയും ഉറക്കംകെടുത്തുന്ന തരത്തിലുള്ള അനർഥങ്ങളും യുക്തിക്ക് നിരക്കാത്ത കാഴ്ചകളും സംഭവങ്ങളുമായി ബ്രഹ്മരക്ഷസിന്റെ വിളയാട്ടം സ്വപ്ന സുന്ദര വീട്ടിലേക്ക് നിത്യസംഭവമായി കടന്നെത്തുന്നത്.
അവിടന്നങ്ങോട്ട് കഥയുടെ ഗതി തന്നെ മാറുകയാണ്. ഒരു നമ്പൂതിരിയുടെ അപമൃത്യു നടന്ന വീടുവാങ്ങി ശരിക്കും വെട്ടിലായ മുൻ യുക്തിവാദിയും പുരോഗമനവാദിയും അതിനേക്കാൾ ഉപരി ലോകത്തിന്റെ വിഭിന്ന സംസ്കാരങ്ങളും ആചാരങ്ങളും കണ്ടു പരിചയിച്ച പ്രവാസികൂടിയായ ശ്രീനിവാസൻ അനുഭവിക്കുന്ന ദുരന്തങ്ങൾ ബ്രഹ്മരക്ഷസിന്റെ രൂപത്തിൽ അവരെ വേട്ടയാടുന്നത്. വേട്ടയാടുക എന്ന് പറഞ്ഞാൽ പോര. അക്ഷരാർഥത്തിൽ ശ്രീനിവാസനേയും വിമലയേയും ആ വീട്ടിൽ നിന്നും പുകച്ച് പുറത്ത് ചാടിച്ച് ആ സ്ഥലം കോർപറേറ്റുകളുടെ താത്പര്യം മാത്രം ലക്ഷ്യമാക്കിയുള്ള നാനാതരം കുതന്ത്രങ്ങൾ അവിടെ നടപ്പാക്കുകയാണ്. അതിനൊക്കെ വിദഗ്ധരായ മാർക്കറ്റിംഗ് ഏജൻസികൾ നിരന്തരമായി ആ വീട് കയറിയിറങ്ങുന്നതോടൊപ്പം ബ്രഹ്മരക്ഷസെന്ന അദൃശ്യശക്തിയും അവിടെ പിടിമുറുക്കുന്നു.
ഇവിടെയാണ് ആരാണ് ബ്രഹ്മരക്ഷസായി അവതരിക്കുന്നതെന്ന അന്വേഷണത്തിന്റെ പ്രസക്തി. അവിടെയാണ് ഈ നോവലിന്റെ രാഷ്ട്രീയ പ്രസക്തി വായനക്കാരുടെ ബോധമനസ്സിനെ ജാഗരൂകരാക്കി നിർത്തുന്നത്.

ശ്രീനിവാസനും കുടുംബവും അകപ്പെട്ട ഊരാക്കുടുക്കിൽ നിന്ന് അവരെ രക്ഷിക്കാനെന്ന വ്യാജേന വീട്ടിലേക്ക് അധിനിവേശം നടത്തി കടന്നെത്തിയ ആ സംഘം ഒരു പ്രതീകമാണ്.

ലോകത്താകെ എങ്ങനെയാണ് കോർപറേറ്റുകൾ ബുദ്ധിപരമായ അധിനിവേശത്തിലൂടെ ഭരണസിരാകേന്ദ്രങ്ങളിൽ പിടിമുറുക്കി നിസ്സഹായരായ ജനതയെ ബന്ദികളാക്കുന്നത് എന്നതിന്റെ പ്രതീകാത്മകമായ ആവിഷ്കാരം തന്നെയാണ് കഥാകൃത്ത് ബ്രഹ്മരക്ഷസ് എന്ന ഒരു സാങ്കൽപ്പിക, അദൃശ്യകഥാപാത്ര സൃഷ്ടിയിലൂടെ വായനക്കാർക്ക് മുമ്പിൽ തുറന്നിടുന്നത്.
തന്റെ വീട്ടിൽ അതിക്രമിച്ച് കടന്ന് പിന്നീട് അവിടെ കുടിയും കൂത്താട്ടവുമൊക്കെയായി അധീശത്തം സ്ഥാപിച്ചവരെ (കോർപറേറ്റ് ഏജൻസികളെ) അവിടെ നിന്ന് പുറത്താക്കാൻ കേസ് കൊടുക്കും എന്ന് ശ്രീനിവാസൻ വാമനനോട് പറയുന്നുണ്ട്. അതിന് വാമനൻ പറഞ്ഞ മറുപടിയിൽ ഈ നോവലിന്റെ രാഷ്ട്രീയം ശരിക്കും അടയാളപ്പെട്ടുകിടക്കുന്നു.

” നീ കേസു കൊടുത്താൽ നീ നാടു കടത്തി സുരക്ഷിതമാക്കിയ നിന്റെ രണ്ട് കുഞ്ഞുങ്ങളേയും ഞാൻ കൊല്ലും.” (വാമനൻ)
“അതിന് കാനഡയിലും അമേരിക്കയിലും (അവിടെയാണ് മക്കൾ ) ബ്രഹ്മരക്ഷസുണ്ടോ?”
“നിനക്കറിയാഞ്ഞിട്ടാണ്. ലോകം മുഴുവൻ ഞങ്ങളുണ്ട്. ഞങ്ങളാണ് യഥാർഥത്തിൽ ലോകം മുഴുവൻ ഭരിക്കുന്നത്.”
ശരിക്കും ഒരുവർത്തമാനകാല ആഗോളസത്യംമേൽ പ്രസ്താവത്തിൽ അടങ്ങിയിട്ടുണ്ട്.
നോവൽ വായിച്ചുതീരുമ്പോൾ നമ്മളൊക്കെ ഏതെങ്കിലും തരത്തിൽ ചില ബ്രഹ്മരക്ഷസുകളുടെയൊക്കെ പിടിയിൽ അറിയാതെ ചെന്നുപെട്ടിരിക്കുകയാണല്ലോ എന്നൊരു പ്രതീതിയിലേക്ക് ചിന്തകളെ കൂട്ടിക്കൊണ്ട് പോവുന്നു ഈ ചെറിയ നോവൽ.

ആഗോളീകരണ, കോർപറേറ്റ്, ഫാസിസ്റ്റ് കാലത്ത് ഇരകളാക്കപ്പെടുന്ന മനുഷ്യരുടെ നിസ്സഹായതയുടെ ആഴം എത്രമാത്രം ഭീകരമാണെന്ന് നമ്മെ ഓർമിപ്പിക്കാൻ അത്യസാധാരണമായ ഭാവനയിൽ ശിഹാബുദ്ദീൻ മെനഞ്ഞെടുത്ത ബ്രഹ്മരക്ഷസ് ഹൃദ്യമായ വായനാനുഭൂതി നൽകുന്ന രാഷ്ട്രീയ പ്രസക്തിയുള്ള നോവൽ കൂടിയായിട്ടുവേണം വിലയിരുത്താൻ. പ്രസാധകർ ലോഗോസ് ബുക്സ്. വില 140 രൂപ.