Connect with us

Health

കൊവിഡിനെ പ്രതിരോധിക്കാന്‍ കരിഞ്ചീരകത്തിന് സാധിക്കും; ആസ്‌ത്രേലിയന്‍ പഠന റിപ്പോര്‍ട്ട്

Published

|

Last Updated

സിഡ്നി: കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ നിജല്ലാ സാറ്റിവ അഥവാ കരിഞ്ചീരകത്തിന് കഴിയുമെന്ന് ആസ്‌ത്രേലിയയിലുള്ള ഒരു സംഘം ഗവേഷകര്‍. സിഡ്‌നി സാങ്കേതിക സര്‍വകലാശാലയിലെ ഗവേഷകരാണ് കരിഞ്ചീരകത്തില്‍ ശ്വാസകോശ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്ന സാര്‍സ്-കോവ്-2നെ പ്രതിരോധിക്കാന്‍ കഴിയുന്ന ഘടകം കണ്ടത്തിയത്. ഉത്തരാഫ്രിക്കയിലും പടിഞ്ഞാറന്‍ ഏഷ്യയിലുമാണ് ഈ കരിഞ്ചീരകം വിളയുന്ന സസ്യം കാണപ്പെടുന്നത്. പൊള്ളല്‍, അണുബാധ എന്നിവയ്ക്ക് പരമ്പരാഗതമായി ഉപയോഗിക്കുന്ന ഔഷധമാണ് കരിഞ്ചീരകം.

കരിഞ്ചീരകത്തില്‍ അടങ്ങിയിരിക്കുന്ന തൈമോക്വിനോണ്‍ എന്ന ഘടകത്തിന് കൊവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. കൊവിഡ് 19 സാരമായി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ കാണപ്പെടുന്ന സൈറ്റോകൈന്‍ ആക്രമണത്തെ പ്രതിരോധിക്കാനും കരിഞ്ചീരകത്തിന് കഴിയും. നിരവധി തവണ ലബോറട്ടറികളില്‍ മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ തൈമോക്വിനോണ്‍ ഉപയോഗിച്ചിട്ടുണ്ട്. രോഗപ്രതിരോധ ശേഷിയെ മെച്ചപ്പെടുത്താന്‍ തൈമോക്വിനോണിന് സാധിക്കുമെന്നാണ് പഠനങ്ങളില്‍ നിന്ന് തെളിഞ്ഞിട്ടുള്ളത്. ശരീരത്തില്‍ പഴുപ്പുണ്ടാക്കുന്ന രാസ ഘടകങ്ങളായ ഇന്റര്‍ല്യൂക്കിന്‍സിനെ ഇല്ലാതാക്കാനും തൈമോക്വിനോണിന് കഴിയുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.

കൊവിഡ് വൈറസ് ബാധയ്ക്കെതിരെ പ്രവര്‍ത്തിക്കാന്‍ നിജല്ലാ സാറ്റിവയ്ക്കും തൈമോക്വിനോണിനും സാധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, നിജല്ലാ സാറ്റിവയ്ക്ക് ആമാശയത്തിലും കുടലുകളിലുമുള്ള ദഹന പ്രക്രിയ സുഗമമല്ല എന്ന വസ്തുത നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് കൊവിഡ് 19 രോഗ ബാധയ്‌ക്കെതിരെ ഉപയോഗിക്കണമെങ്കില്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കി.

നാനോടെക്‌നോളജിയിലെ പുരോഗതിയ്ക്ക് അനുസരിച്ച് നിജല്ല സാറ്റിവ വായിലൂടെ കഴിക്കാന്‍ സാധിക്കുന്ന മരുന്നായി നിര്‍മിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു രോഗിക്ക് മൂക്കില്‍ ഒഴിക്കുന്ന സ്‌പ്രേ, പേസ്റ്റ് എന്നീ രീതിയില്‍ മരുന്ന് നല്‍കിയപ്പോള്‍ ഫലമുണ്ടായിട്ടുണ്ടെന്ന് സര്‍വകലാശാലയിലെ ഗവേഷകന്‍ ഡോ. വിസ്സാം സൗബ്ര പറഞ്ഞു. ആസ്തമ, കരപ്പന്‍, സന്ധിവാതം, മുട്ടിലെ തേയ്മാനം, ശരീരത്തിലെ മൃദുകലകള്‍ കല്ലിക്കുന്ന രോഗാവസ്ഥയായ സ്‌ക്ലെറോസിസ് എന്നീ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് തൈമോക്വിനോണ്‍ പ്രധാന പങ്കുവഹിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയവ ചികിത്സിക്കുന്നതിനും നിജല്ല സാറ്റിവ ഉപയോഗപ്രദമാണെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്.

Latest