Connect with us

Oddnews

ബസിന്റെ മാതൃകയിലുള്ള വീട്; പശ്ചിമ ബംഗാളിലെ ശില്‍പിയുടെ വീട്ടില്‍ സന്ദര്‍ശകത്തിരക്ക്

Published

|

Last Updated

കൊല്‍ക്കത്ത | കൊവിഡ് കാരണം എല്ലാ തൊഴില്‍ മേഖലയിലും സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുകയാണ്. പ്രത്യേകിച്ച് കലാകാരന്മാര്‍ക്ക് വറുതിയുടെ കാലമാണിത്. നഗരപ്രദേശങ്ങളിലുള്ളവരും ഗ്രാമങ്ങളില്‍ താമസിക്കുന്നവരുമായ കലാകാരന്മാരെ കൊവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ ജീവിതം വഴിമുട്ടിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയിലെ ബോല്‍പൂര്‍ സ്വദേശി ഉദയ് ദാസ് എന്ന ശില്‍പിയുടെ വ്യത്യസ്തമായ സൃഷ്ടി സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. 45 വയസുള്ള ഉദയ് ദാസിന് ജോലിയില്ലാത്ത അവസ്ഥയാണിപ്പോള്‍. എങ്കിലും പ്രതീക്ഷ കൈവിടാതെ പ്രതിസന്ധിയോട് പൊരുതി ജീവിക്കാന്‍ തയാറായിരിക്കുകയാണ് അദ്ദേഹം. നാട്ടിലുള്ള ബന്ധന്‍ ബേങ്കില്‍ നിന്ന് 80,000 രൂപ വായ്പയെടുത്ത് ബസിന്റെ മാതൃകയില്‍ സ്വന്തമായി വീട് നിര്‍മിച്ചിരിക്കുകയാണ് ഈ ശില്‍പി.

കളിമണ്ണും സിമന്റും ഉപയോഗിച്ചാണ് ഉദയ് പ്രതിമകള്‍ നിര്‍മിച്ചിരുന്നത്. ഏഴുപേരടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബം ചെറിയ മണ്‍വീട്ടിലായിരിന്നു നേരത്തേ താമസിച്ചിരുന്നത്. അതിഥികള്‍ വന്നാല്‍ നില്‍ക്കാനുളള ഇടം പോലുമില്ലാത്ത കൂരയായിരുന്നു അത്. മഴക്കാലത്ത് സന്ദര്‍ശകര്‍ വന്നാല്‍ പുറത്തു നില്‍ക്കേണ്ട അവസ്ഥയായിരുന്നു. അതിഥികള്‍ക്ക് കയറി ഇരിക്കാനുള്ള സൗകര്യത്തിനു വേണ്ടിയാണ് ബസ് മാതൃകയിലുള്ള വീട് പണിതതെന്ന് അദ്ദേഹം പറഞ്ഞു. വീടിന് എന്തെങ്കിലും പുതുമ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബസിന്റെ മാതൃകയിലാണെങ്കിലും വീടിന് ക്രോസ് വെന്റിലേഷന്‍ നല്‍കിയിട്ടുണ്ട്. കൊവിഡ് കാലമായിട്ടും നിരവധി പേരാണ് ബസ് വീട് കാണാന്‍ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. വ്യത്യസ്ത ആശയങ്ങളിലൂടെ കലാരംഗത്ത് തന്റെതായ ശൈലി പിന്തുടരുന്ന ഉദയ് ദാസ് ആവശ്യക്കാര്‍ക്ക് വേണമെങ്കില്‍ ഇത്തരത്തിലുള്ള വീടുകള്‍ പണിതുകൊടുക്കുമെന്നും പറയുന്നു.