Connect with us

First Gear

രാജ്യത്ത് ഏറ്റവും കാലപ്പഴക്കമുള്ള വണ്ടികള്‍ കൂടുതൽ ഓടുന്നത് കര്‍ണാടകയിൽ

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയില്‍ നിരത്തിലോടുന്ന ഏറ്റവും പഴക്കമുള്ള വാഹനങ്ങളുടെ കണക്കെടുപ്പ് നടന്നു. കര്‍ണാടകം ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്ത് ഡല്‍ഹിയുമാണ്. 20 വര്‍ഷത്തിലധികം പഴക്കമുള്ള 39 ലക്ഷം വാഹനങ്ങളാണ് കര്‍ണാടകയിലെ റോഡുകളില്‍ ഓടുന്നത്. ഡല്‍ഹിയില്‍ 20 വര്‍ഷത്തിലധികം പഴക്കമുള്ള 36 ലക്ഷം വാഹനങ്ങളാണുള്ളത്.

രാജ്യത്തെ മുഴുവന്‍ കണക്കെടുത്താല്‍ 20 വര്‍ഷത്തിലധികം പഴക്കമുള്ള 2,14,25,295 വാഹനങ്ങളാണുള്ളതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. 26 ലക്ഷം പഴക്കമുള്ള വാഹനങ്ങളുമായി ഉത്തര്‍ പ്രദേശാണ് മൂന്നാം സ്ഥാനത്തുള്ളത്. 20 വര്‍ഷത്തിലധികം പഴക്കമുള്ള 20.67 ലക്ഷം വാഹനങ്ങളുമായി നാലാം സ്ഥാനത്താണ് കേരളം. തമിഴ്‌നാട്ടില്‍ 15.99 ലക്ഷം വാഹനങ്ങളും പഞ്ചാബില്‍ 15.32 ലക്ഷം വാഹനങ്ങളുമാണുള്ളത്.

കേന്ദ്ര സര്‍ക്കാറിന്റെ വോളണ്ടറി വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസി യാഥാർഥ്യമാകാന്‍ പോകുകയാണ്. വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവുമാണ് പോളിസി അനുസരിച്ച് ഉപയോഗപരിധി നിശ്ചയിച്ചിരിക്കുന്നത്. മലിനീകരണം, ഇന്ധന ഇറക്കുമതി, വിലവര്‍ധന എന്നിവ കുറയ്ക്കുന്നതിനുവേണ്ടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം. കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ ഓട്ടോമാറ്റിക് ഫിറ്റ്‌നെസ് സെന്ററുകളുടെ സഹായത്തോടെ പരിശോധനയ്ക്ക് വിധേയമാക്കുകയാണ് ചെയ്യുക. ഒരേ വാഹനം മൂന്നിലധികം പ്രാവശ്യം ഫിറ്റ്‌നെസ് ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ പൊളിക്കേണ്ടി വരുമെന്നാണ് നയത്തിൽ പറയുന്നത്.

Latest