Connect with us

Kerala

ലോക്ഡൗണ്‍ ഇളവ് മറയാക്കി വര്‍ഗീയ വിഭജനത്തിന് ബി ജെ പിയുടെ ആസൂത്രിത നീക്കം

Published

|

Last Updated

കോഴിക്കോട് | കേരളത്തില്‍ ലോക്ഡൗണ്‍ ഇളവ് നല്‍കിയത് മറയാക്കി വര്‍ഗീയ വിഭജനത്തിന് ബിജെപി കരുക്കള്‍ നീക്കുന്നു. ബലിപെരുന്നാളിന് മുന്നോടിയായുള്ള ദിവസങ്ങളില്‍ വ്യാപാരമേഖലയുടെ സമ്മര്‍ദത്തിന് വഴങ്ങി സര്‍ക്കാര്‍ അനുവദിച്ച ഇളവുകളാണ് വര്‍ഗീയ ലേബല്‍ ചാര്‍ത്തി ബിജെപി പാളയങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനകള്‍. കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങളെ ദേശീയ വിഷയമാക്കാനുള്ള ആസൂത്രിത നീക്കവും ഇതിന് പിന്നിലുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

കേരളത്തില്‍ കൊവിഡ് കേസുകള്‍ കുറയാത്തത് സംസ്ഥാന സര്‍ക്കാറിന്റെ പിടിപ്പുകേടുകൊണ്ടാണെന്നു കഴിഞ്ഞ ദിവസം ബി ജെ പി ദേശീയ വക്താവ് സംപീത് പത്രയ ആരോപണമുന്നയിച്ചതിന് പിന്നില്‍ മലയാളികളായ രണ്ടു കേന്ദ്രമന്ത്രിമാരാണെന്നാണ് വിവരം. കേന്ദ്രമന്ത്രിമാരായ വി മുരളീധരനും രാജീവ് ചന്ദ്രശേഖറും ഈ വിഷയം വര്‍ഗീയവത്കരിക്കാനുള്ള നീക്കത്തിലാണെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.

മഹാമാരിയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുപയോഗിക്കുകയാണ് സംസ്ഥാന സര്‍ക്കാറെന്നാണ് ഇളവിനെ പരാമര്‍ശിച്ചുകൊണ്ട് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ആരോപിക്കുന്നത്. കൊവിഡ് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കേരളത്തിന് സാധിച്ചുവെന്നത് വ്യാജ പ്രചാരണമാണെന്നും അദ്ദേഹം ദേശീയ മാധ്യമങ്ങളിലൂടെ ആരോപിച്ചു. കൊവിഡ് രണ്ടാം തരംഗത്തെ പരാജയപ്പെടുത്താന്‍ നരേന്ദ്രമോദി കഠിനപരിശ്രമം നടത്തുമ്പോള്‍ ചില രാഷ്ട്രീയക്കാര്‍ നിരുത്തരവാദപരമായ പെരുമാറ്റത്തിലൂടെ രാജ്യത്തെ മൂന്നാം തരംഗത്തിലേക്ക് കടത്തിവിടുകയാണെന്ന് പ്രസതാവനയിറക്കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഇതിന് പിന്തുണ നല്‍കുകയും ചെയ്തു.

അതേസമയം, എത്ര പേരില്‍ കൊവിഡ് വന്നിട്ടുണ്ടാകും എന്ന് കണക്കാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ദേശീയ സിറോ സര്‍വേ ഫലപ്രകാരം ഏറ്റവും കുറവ് (44 ശതമാനം) കൊവിഡ് വന്നത് കേരളത്തിലും ഏറ്റവും കൂടുതല്‍ മധ്യപ്രദേശിലുമാണ് (75.9.ശതമാനം). കണക്കുകള്‍ പ്രകാരം കേരളത്തില്‍ 44 ശതമാനം പേര്‍ക്ക് മാത്രമേ ജൂലൈ ആദ്യം വരെ കൊവിഡ് ബാധിച്ചിട്ടുള്ളൂ. അതേസമയം, ദേശീയ ശരാശരി 67.6 ശതമാനമാണ്.

ഒരാള്‍ക്ക് കൊവിഡ് വന്നു ഭേദമായാല്‍ അയാളില്‍ ആന്റിബോഡി ഉണ്ടാവുകയും കൊവിഡ് പിന്നീട് വരാന്‍ സാധ്യത കുറയുകയും ചെയ്യുന്ന ആര്‍ജിത പ്രതിരോധ ശേഷി കേരളത്തില്‍ കുറവാണെന്നാണു വിദഗ്ധര്‍ പറയുന്നത്.
കേരളത്തില്‍ കൊവിഡ് വന്നവരുടെ എണ്ണം കുറവായതിനാലാണ് ആര്‍ജിത പ്രതിരോധ ശേഷിയും കുറയുന്നത്. സിറോ സര്‍വ്വേ ഫലം അനുസരിച്ച് കൊവിഡിനെതിരെ ഉള്ള ആര്‍ജിത പ്രതിരോധ ശേഷി ഏറ്റവും കുറവ് കേരളത്തിലും ഏറ്റവും കൂടുതല്‍ മധ്യപ്രദേശിലുമാണ്. കേരളത്തില്‍ ആര്‍ജിത പ്രതിരോധത്തിന് ഇനിയും സമയമെടുക്കും. കേരളത്തില്‍ 44 ശതമാനം ആളുകള്‍ക്ക് മാത്രമാണ് ഇതുവരെ രോഗം വന്നത്. അതുകൊണ്ടുതന്നെ ഇനിയും ആളുകള്‍ക്ക് രോഗം വന്നേക്കാമെന്നാണ് നിഗമനം.

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ കേരളത്തിനു മേല്‍ കേന്ദ്രസര്‍ക്കാരും ബി ജെ പി നേതൃത്വവും പഴി ചാരുന്നതിനെ പ്രതിരോധിക്കാന്‍ സി പി എം രംഗത്തുവന്നിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ തന്നെ ദേശീയ സിറോ സര്‍വേ ഫലം മുന്‍നിര്‍ത്തി ബി ജെ പി വാദങ്ങളെ പൊളിക്കാനാണ് സി പി എം നീക്കം.

സൗജന്യ ഉപദേശം നല്‍കാതെ കേരളത്തിന് ആവശ്യമായ വാക്‌സിന്‍ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന് മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. ഇപ്പോള്‍ കേരളത്തില്‍ കൊവിഡ് കൂടാന്‍ കാരണം വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടതാണെന്നും പെരുന്നാളിനോടനുബന്ധിച്ച് ഇളവ് അനുവദിച്ചത് കൊണ്ടാണ് കേരളത്തില്‍ കൊവിഡ് കൂടിയതെന്ന ബി ജെ പി പ്രചരണത്തിനു പിന്നില്‍ വര്‍ഗീയ ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Latest