Connect with us

Articles

സഹകരണ മേഖലയെ തീറെഴുതുമ്പോള്‍

Published

|

Last Updated

സഹകരണ സംഘങ്ങള്‍ പൂര്‍ണമായും സംസ്ഥാന നിയമനിര്‍മാണ സഭയുമായി ബന്ധപ്പെട്ട വിഷയമാണെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചുകൊണ്ടാണ് 2011ലെ 97ാം ഭരണഘടനാ ഭേദഗതിയിലെ കോ ഓപറേറ്റീവ് സൊസൈറ്റികളെ പ്രമേയമാക്കുന്ന ഭാഗം റദ്ദാക്കിക്കൊണ്ടുള്ള വിധിപ്രസ്താവം ജൂലൈ 20ന് സുപ്രീം കോടതി മൂന്നംഗ ബഞ്ച് നടത്തിയത്. ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, കെ എം ജോസഫ്, ബി ആര്‍ ഗവായ് എന്നിവരായിരുന്നു ബഞ്ചിലെ അംഗങ്ങള്‍.

സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് കാര്യക്ഷമത വര്‍ധിപ്പിക്കാനാണ് 97ാം ഭരണഘടനാ ഭേദഗതി ലക്ഷ്യമിട്ടത്. അത് രണ്ട് പ്രധാന മാറ്റങ്ങളാണ് മുന്നോട്ടുവെച്ചത്. സഹകരണ സംഘങ്ങള്‍ രൂപവത്കരിക്കാനുള്ള അവകാശത്തെ ഭരണഘടനാനുഛേദം 19(ഒന്ന്) (സി)യുടെ അടിസ്ഥാനത്തിലുള്ള മൗലികാവകാശമാക്കി എന്നതാണ് അതില്‍ ശ്രദ്ധേയം. അതുവഴി എല്ലാ പൗരന്മാരുടെയും പങ്കാളിത്തം സാധ്യമാക്കിയ സഹകരണ സംഘങ്ങള്‍ സാര്‍വത്രികമാകുകയായിരുന്നു. സഹകരണ സംഘങ്ങളെ നിയന്ത്രിക്കുന്ന സംസ്ഥാന നിയമങ്ങള്‍ക്ക് മേല്‍ നിരവധി വ്യവസ്ഥകള്‍ കൊണ്ടുവന്നതായിരുന്നു മറ്റൊരു മാറ്റം. പക്ഷേ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന പോലെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം പ്രശ്‌ന സങ്കീര്‍ണമാകുന്ന നിലയിലേക്കാണ് അത് കാര്യങ്ങളെത്തിച്ചത്.
ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ മൂന്ന് ലിസ്റ്റുകളാണ് അതത് വിഷയങ്ങളില്‍ നിയമ നിര്‍മാണം നടത്താനുള്ള പാര്‍ലിമെന്റിന്റെയും സംസ്ഥാന നിയമ നിര്‍മാണ സഭകളുടെയും അവകാശം അന്തിമമായി തീരുമാനിക്കുന്നത്. യൂനിയന്‍ ലിസ്റ്റിലെ എന്‍ട്രികളില്‍ പാര്‍ലിമെന്റിനും സ്റ്റേറ്റ് ലിസ്റ്റിലെ എന്‍ട്രികളില്‍ സംസ്ഥാന നിയമ നിര്‍മാണ സഭകള്‍ക്കും കണ്‍കറന്റ് ലിസ്റ്റില്‍ സംയുക്ത നിയമനിര്‍മാണാധികാരവുമാണ് ഭരണഘടന വകവെച്ചു നല്‍കുന്നത്. സ്റ്റേറ്റ് ലിസ്റ്റിലെ 32ാം എന്‍ട്രി പ്രകാരം സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമനിര്‍മാണം നടത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കാണെന്നത് സ്പഷ്ടമാണ്. അതേസമയം മള്‍ട്ടി കോ ഓപറേറ്റീവ് സൊസൈറ്റികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിയമ നിര്‍മാണാധികാരം പാര്‍ലിമെന്റിനുമാണ്. സംസ്ഥാനങ്ങളുടെ നിയമ നിര്‍മാണാധികാര പരിധിയില്‍ വരുന്ന സഹകരണ സംഘങ്ങളുടെ കാര്യത്തിലാണ് 97ാം ഭരണഘടനാ ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ 2011ല്‍ കൊണ്ടുവന്നത്. അത് ചോദ്യംചെയ്തു കൊണ്ടുള്ള ഹരജികള്‍ നേരത്തേ ഗുജറാത്ത് ഹൈക്കോടതിയിലെത്തിയിരുന്നു. സംസ്ഥാന നിയമ നിര്‍മാണ സഭകള്‍ക്ക് നിയമ നിര്‍മാണാധികാരമുള്ള വിഷയത്തിലാണല്ലോ പാര്‍ലിമെന്റ് ഭരണഘടനാ ഭേദഗതിയിലൂടെ നിയമം പാസ്സാക്കിയിരിക്കുന്നത്. സ്റ്റേറ്റ് ലിസ്റ്റിലെ ഒരു എന്‍ട്രിയില്‍ തന്നെ മാറ്റം വരുത്തുന്ന നടപടിയാണത് ഫലത്തില്‍. ഭരണഘടനയുടെ 368(2) ആര്‍ട്ടിക്കിള്‍ പ്രകാരം കുറഞ്ഞത് പകുതി സംസ്ഥാന നിയമ നിര്‍മാണ സഭകളുടെയെങ്കിലും അംഗീകാരം (Ratification) ആവശ്യമായിരുന്നു അത്തരമൊരു നീക്കത്തിന്. എന്നാല്‍ അവ്വിധത്തിലുള്ള അംഗീകാരത്തിന്റെ ബലത്തിലല്ല പ്രസ്താവിത ഭരണഘടനാ ഭേദഗതി എന്നതിനാല്‍ അത് ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ഹരജിക്കാരുടെ പ്രധാന വാദം. ഹരജി പരിഗണിച്ചതിനൊടുവില്‍ 97ാം ഭരണഘടനാ ഭേദഗതിയിലെ സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട ഭാഗം 2013ല്‍ ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കുകയുണ്ടായി. പ്രസ്തുത നടപടി ശരിവെക്കുകയായിരുന്നു കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിയിലൂടെ സുപ്രീം കോടതി ചെയ്തത്.

ക്വാസി ഫെഡറല്‍ സ്വഭാവമാണ് ഇന്ത്യന്‍ ഭരണഘടനയുടേത്. അത് ഇരട്ട ഭരണ സംവിധാനമാണ് മുന്നോട്ടുവെക്കുന്നത്. അവിടെ കേന്ദ്ര സര്‍ക്കാര്‍ എന്നത് സംസ്ഥാനങ്ങളുടെ സഖ്യമല്ല. കേന്ദ്ര സര്‍ക്കാറിന്റെ ഭരണ നടത്തിപ്പ് ശാഖകളോ ഏജന്‍സികളോ അല്ല സംസ്ഥാന സര്‍ക്കാറുകള്‍. രണ്ടിനും വേറിട്ട ഭരണഘടനാപരമായ അസ്തിത്വമുണ്ട്. അതോടൊപ്പം പരമാവധി അധികാരം കേന്ദ്ര സര്‍ക്കാറില്‍ കേന്ദ്രീകരിക്കുന്നു. അതുവഴി ശക്തമായ കേന്ദ്രീകൃത സ്വഭാവമാണ് ഭരണഘടനയുടെ ക്വാസി ഫെഡറല്‍ രീതിശാസ്ത്രം പ്രകടിപ്പിക്കുന്നത്. കൂടുതല്‍ അധികാരം യൂനിയനിലേക്ക് കേന്ദ്രീകരിക്കപ്പെട്ടതിന് പിന്നില്‍ ചരിത്രപരമായ കാരണങ്ങളുണ്ട്. വിഭജനത്തിന്റെ മുറിപ്പാടുമായാണ് ഇന്ത്യന്‍ ഭരണഘടന ഉണ്ടാക്കുന്നത്. കേന്ദ്ര സര്‍ക്കാറിന് വലിയ അധികാരം നല്‍കി അതിനെ ശക്തിപ്പെടുത്തിയില്ലെങ്കില്‍ രാജ്യം വീണ്ടും വിഭജിതമാകുമെന്ന് ഭരണഘടനാ ശില്‍പ്പികള്‍ ഭയപ്പെട്ടിരുന്നു.
ക്വാസി ഫെഡറലിസം ഭരണഘടനയുടെ മൗലിക ഘടന (Basic structure)യുടെ ഭാഗമാണ്. അത് ലംഘിക്കുന്ന വിധം സംസ്ഥാനങ്ങളുടെ നിയമ നിര്‍മാണാധികാരത്തില്‍ നിയമ വിധേയമല്ലാതെ കേന്ദ്ര സര്‍ക്കാര്‍ കൈവെക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന തീര്‍പ്പിനൊടുവിലാണ് സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട ചരിത്രപരമായ വിധികളിലൊന്ന് പോയ വാരം സുപ്രീം കോടതി പുറപ്പെടുവിച്ചത്. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ പുതുതായി സഹകരണ മന്ത്രാലയം രൂപവത്കരിക്കുകയും അതിന്റെ ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നല്‍കുകയും ചെയ്തതിന് ശേഷം ഏറെ വൈകാതെ വന്ന സുപ്രീം കോടതിയുടെ ഈ വിധി പ്രസക്തമാണ്. സഹകരണ സംഘങ്ങള്‍ക്ക് മേല്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കുള്ള അധികാരം ഇല്ലാതാക്കി സഹകരണ മേഖലയെ കേന്ദ്ര സര്‍ക്കാറിന് തീറെഴുതാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സഹകരണ മന്ത്രാലയമെന്ന് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ വിമര്‍ശമുന്നയിച്ചിരുന്നു. രാജ്യത്തെ ഗ്രാമീണ മേഖലയുടെ വളര്‍ച്ചയിലെ നാഴികക്കല്ലായ സഹകരണ മേഖലയുടെ അടിത്തറ തകര്‍ക്കുന്ന നീക്കത്തിന് പിന്നില്‍ കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക താത്പര്യങ്ങളും വന്‍കിട കുത്തകകളെ സഹായിക്കാനുള്ള പാതയൊരുക്കവുമാണ് നടക്കുന്നത്. എന്നാല്‍ അത്തരമൊരു നടപടിയുടെ ഭരണഘടനാ സാധുതയെന്തെന്ന കാര്യം പ്രസ്താവിത സുപ്രീം കോടതി വിധി ഉള്‍വഹിക്കുന്നുണ്ട്. വിധിയിലെ പ്രമേയം പാര്‍ലിമെന്റിന്റെയും സംസ്ഥാന നിയമ നിര്‍മാണ സഭകളുടെയും നിയമ നിര്‍മാണാധികാരമാണ്. പാര്‍ലിമെന്റിന് നിയമ നിര്‍മാണാധികാരമുള്ള വിഷയങ്ങളില്‍ മാത്രമേ കേന്ദ്ര സര്‍ക്കാറിന്റെ എക്‌സിക്യൂട്ടീവ് അധികാരം നിലനില്‍ക്കുകയുള്ളൂ. അക്കാര്യം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 73(1) വ്യക്തമാക്കുന്നുണ്ട്. ഭരണഘടനാനുഛേദം 162 പ്രകാരം സംസ്ഥാന നിയമ നിര്‍മാണ സഭകള്‍ക്ക് നിയമം നിര്‍മിക്കാന്‍ അധികാരമുള്ള കാര്യങ്ങളില്‍ മാത്രമേ സംസ്ഥാന നിയമ നിര്‍മാണ സഭകളുടെ എക്‌സിക്യൂട്ടീവ് അധികാരവും നിലനില്‍ക്കുകയുള്ളൂ. അങ്ങനെ വരുമ്പോള്‍ സംസ്ഥാന നിയമ നിര്‍മാണ സഭകളുടെ അധികാര പരിധിയില്‍ വരുന്ന സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക മന്ത്രാലയം തന്നെ രൂപവത്കരിച്ച് ഇടപെടാനുള്ള മോദി സര്‍ക്കാര്‍ നീക്കം ഭരണഘടനാപരമല്ല.

തുടരെയുള്ള ഭരണഘടനാവിരുദ്ധ നടപടികളുടെ പ്രവാഹത്തിനൊടുവില്‍ ഭരണകൂടത്തിന്റെ കഴുകക്കണ്ണുകള്‍ തറച്ചിരിക്കുന്നത് ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ചാക്രികമാക്കുന്ന സഹകരണ സംഘങ്ങളിലാണ്. നല്ല നിലയില്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന സഹകരണ മേഖലയെ കൂടുതല്‍ ലാഭകരമാക്കിക്കളയാം എന്ന കളങ്കമറ്റ വിചാരമാണ് പുതിയ നീക്കത്തിന് കേന്ദ്ര സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത് എന്ന് കരുതാന്‍ നിര്‍വാഹമില്ല. ഭരണഘടനാ സ്ഥാപനങ്ങളെയും ഭരണഘടനാ ആശയാടിത്തറയില്‍ നിന്ന് വെള്ളവും വളവും സ്വീകരിച്ച് വളര്‍ന്നു പന്തലിച്ച സ്ഥാപനങ്ങളെയുമെല്ലാം തങ്ങളുടെ ഇംഗിത നടത്തിപ്പിനുള്ള ഉപകരണങ്ങളാക്കി മാറ്റുകയോ കോര്‍പറേറ്റ് കുത്തകകള്‍ക്ക് കൂട്ടിക്കൊടുക്കുകയോ ചെയ്യുന്നതാണ് പോയ ഏഴ് വര്‍ഷത്തെ കേന്ദ്ര ഭരണകൂടത്തിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്. ആസൂത്രണ കമ്മീഷന്‍ മുതല്‍ കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപിലെ തെറ്റായ ഭരണ പരിഷ്‌കാര നടപടികള്‍ വരെ നീളുന്നതാണ് ആ പട്ടിക. അതിലെ അടുത്ത ഇനമായി സഹകരണ മേഖലയെക്കൂടെ മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ ബി ജെ പി ഇതര രാഷ്ട്രീയ കക്ഷികളൊക്കെയും ശക്തമായ പ്രതിഷേധമുയര്‍ത്തി ചെറുത്തു തോല്‍പ്പിക്കേണ്ടത് അനിവാര്യമാണ്.

അഡ്വ. അഷ്‌റഫ് തെച്യാട്

Latest