Connect with us

Articles

മുറുമുറുപ്പ്, ഒടുക്കം പടിയിറക്കം

Published

|

Last Updated

ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ സംസ്ഥാനമാണ് കര്‍ണാടക. അന്ന് മുതലിങ്ങോട്ട് കര്‍ണാടകയിലെ ബി ജെ പി രാഷ്ട്രീയം ബി എസ് യെദ്യൂരപ്പയെ ചുറ്റിയായിരുന്നു. ബെല്ലാരിയിലെ അനധികൃത ഖനനത്തിലൂടെ സമ്പാദിച്ച കോടികള്‍ കൊണ്ട് രാഷ്ട്രീയത്തില്‍ അമ്മാനമാടിയ ജനാര്‍ദന, കരുണാകര, സോമശേഖര റെഡ്ഢിമാര്‍, ബി ജെ പി നേതൃത്വത്തിലെ കരുത്തയായിരുന്ന സുഷ്മ സ്വരാജിന്റെ പിന്തുണയോടെ കളിക്കാനിറങ്ങിയപ്പോള്‍ പോലും ഇളക്കാനായില്ല, യെദ്യൂരപ്പയുടെ സ്വാധീനം. ജനസംഖ്യയില്‍ 16 ശതമാനം വരുന്ന ലിംഗായത്ത് സമുദായത്തെ ഒപ്പം നിര്‍ത്തിയാണ് യെദ്യൂരപ്പ ബി ജെ പി നേതൃത്വവുമായി എപ്പോഴും വിലപേശിയത്. ആ സമുദായത്തെ നിയന്ത്രിക്കുന്ന വിവിധ മഠാധിപതിമാരുടെ പിന്തുണയായിരുന്നു കരുത്ത്. നാലാം തവണ മുഖ്യമന്ത്രി പദമേറിയിട്ടും കാലാവധി പൂര്‍ത്തിയാക്കാതെ പുറത്തേക്ക് പോകേണ്ടി വരുമ്പാള്‍ മഠാധിപതിമാരെ അണിനിരത്തി, നേതൃത്വത്തോട് വിലപേശാന്‍ ശ്രമിച്ചിരുന്നു അദ്ദേഹം. പക്ഷേ, ഇക്കുറി സമ്മര്‍ദത്തിന് വഴങ്ങാന്‍ ബി ജെ പിയുടെ കേന്ദ്ര നേതൃത്വം തയ്യാറായില്ല.

അഴിമതി ആരോപണത്തെത്തുടര്‍ന്ന് 2012ല്‍ മുഖ്യമന്ത്രി പദം രാജിവെക്കാന്‍ നിര്‍ബന്ധിതനായപ്പോള്‍ കര്‍ണാടക ജനപക്ഷമുണ്ടാക്കി, ബി ജെ പിയെ വെല്ലുവിളിക്കാന്‍ തയ്യാറായ കരുത്ത്, യെദ്യൂരപ്പക്ക് ഇപ്പോഴില്ലെന്ന് നേതൃത്വം തിരിച്ചറിയുന്നുണ്ട്. ബി ജെ പി നേതൃത്വത്തിലുള്ള മക്കള്‍ക്ക് ഉചിതമായ പുനരധിവാസമുറപ്പാക്കിയാല്‍ തീരാവുന്ന പരിഭവമേ 78കാരനായ നേതാവിനുള്ളൂവെന്നും. 2008ല്‍ സ്വതന്ത്ര എം എല്‍ എമാരെ വിലക്കെടുത്ത് അധികാരമുറപ്പിച്ച ഓപറേഷന്‍ കമല, 2019ല്‍ കോണ്‍ഗ്രസ്സിലെയും ജെ ഡി എസിലെയും അംഗങ്ങളെ വിലക്കെടുത്ത് ആവര്‍ത്തിച്ചാണ് യെദ്യൂരപ്പ മുഖ്യമന്ത്രിക്കസേരയിലമര്‍ന്നത്. രണ്ട് വര്‍ഷം കൊണ്ട്, ബി ജെ പിക്ക് സുഗമമായി ഭരിക്കാവുന്ന സ്ഥിതി കര്‍ണാടകയിലുണ്ടാകുകയും ചെയ്തു. ഇതിലപ്പുറമൊന്നും തത്കാലം യെദ്യൂരപ്പയില്‍ നിന്ന് ബി ജെ പി പ്രതീക്ഷിക്കുന്നില്ല.

അഴിമതി ആരോപണങ്ങളാല്‍ ചൂഴ്ന്നു നില്‍ക്കുന്നതോ, സ്വജനപക്ഷപാതം കാട്ടുന്നുവെന്ന ആരോപണമോ ഒക്കെ പാര്‍ട്ടിയിലെ യെദ്യൂരപ്പ വിരുദ്ധ ചേരി ഉപയോഗിച്ചിട്ടുണ്ടാകാം. യെദ്യൂരപ്പയെ മുന്നില്‍ നിര്‍ത്തി ഇളയ മകനും ബി ജെ പിയുടെ സംസ്ഥാന ഉപാധ്യക്ഷനുമായ ബി വൈ വിജയേന്ദ്രയാണ് ഭരിക്കുന്നത് എന്നും ഇതിനിയും തുടരാന്‍ അനുവദിക്കരുതെന്നും എം എല്‍ എമാരടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും പറയാന്‍ തുടങ്ങിട്ട് മാസങ്ങളായി. വിജയേന്ദ്ര സമാന്തര ഭരണം നടത്തുകയാണെന്നും തങ്ങളുടെ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ നേരിട്ടു വിളിച്ച് നിര്‍ദേശങ്ങള്‍ നല്‍കുകയാണെന്നും മന്ത്രിമാര്‍ തന്നെ കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. യെദ്യൂരപ്പയുടെ മൂത്തമകന്‍ ബി വൈ രാഘവേന്ദ്ര ശിവമൊഗ്ഗയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. പാര്‍ട്ടിയില്‍ സീനിയര്‍ രാഘവേന്ദ്രയാണെങ്കിലും ഇളയ മകന്‍ വിജയേന്ദ്രയെയാണ് പിന്‍മുറക്കാരനായി യെദ്യൂരപ്പ കണക്കാക്കുന്നത്. മുഖ്യമന്ത്രി പദത്തില്‍ അദ്ദേഹം തുടര്‍ന്നാല്‍ വിജയേന്ദ്ര സര്‍വാധികാരിയാകുമെന്ന തോന്നല്‍ ശക്തമായതോടെ നേതൃമാറ്റമില്ലാതെ പറ്റില്ലെന്ന കടുത്ത നിലപാടിലേക്ക് ഇതര നേതാക്കള്‍ മാറി. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും കര്‍ണാടക സ്വദേശിയുമായ ബി എല്‍ സന്തോഷിന്റെ പിന്തുണ കൂടി ഇവര്‍ക്ക് ലഭിച്ചതോടെയാണ് ലിംഗായത്ത് സമുദായ നേതാക്കളെ അണിനിരത്തിയുള്ള വിലപേശലിന് വഴങ്ങാതെ യെദ്യൂരപ്പക്ക് പുറത്തേക്കുള്ള വഴി കാട്ടുകയല്ലാതെ കേന്ദ്ര നേതൃത്വത്തിന് മറ്റു മാര്‍ഗമില്ലാതായത്.

ഇതൊക്കെയാണ് മുകള്‍പ്പരപ്പിലെ നീക്കങ്ങളെങ്കിലും മറ്റു ചിലത് കൂടിയുണ്ട് യെദ്യൂരപ്പയെ പുറത്താക്കലിന് പിന്നില്‍. ചെറുതല്ലാത്ത ഭരണവിരുദ്ധവികാരം നേരിടുന്നുണ്ട് ബി ജെ പി സര്‍ക്കാര്‍. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിലുണ്ടായ പരാജയവും ദുരിതത്തിലായ ജനങ്ങളെ സഹായിക്കുന്നതിലുണ്ടായ വീഴ്ചയും ആ വികാരത്തിന്റെ ശക്തിയേറ്റിയിരിക്കുന്നു. കര്‍ണാടകയില്‍ അധികാരത്തുടര്‍ച്ചയുണ്ടാകണമെങ്കില്‍ വര്‍ഗീയ വിഭജനത്തിന്റെ ആഴം കൂട്ടുകയല്ലാതെ മറ്റൊരു വഴിയും തത്കാലം സംഘ്പരിവാരത്തിന് മുന്നിലില്ല. തീവ്ര ഹിന്ദുത്വ അജന്‍ഡകളോട് കൂറുള്ളവനെങ്കിലും വിചാരിച്ച പോലെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ യെദ്യൂരപ്പക്ക് സാധിച്ചിട്ടില്ല. രാഷ്ട്രീയ സ്വയം സേവക് സംഘില്‍ നിന്ന് ജനസംഘത്തിന്റെയും ബി ജെ പിയുടെയും ഭാഗമായ യെദ്യൂരപ്പയില്‍ പഴയ കാലത്തിന്റെ മിതത്വം ഇപ്പോഴുമുണ്ട്. അതിനോട് യോജിക്കാനാകുന്നില്ല പുതിയ കാലത്തെ, തീവ്ര ചിന്താഗതിക്കാര്‍ക്ക്.

രാജ്യത്ത് കൊവിഡ് വ്യാപനം തുടങ്ങിയ സമയത്ത്, ഡല്‍ഹിയില്‍ തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവരില്‍ പലര്‍ക്കും രോഗബാധയുണ്ടായിരുന്നു. ഇതിനെ “കൊറോണ ജിഹാദാ”യി ചിത്രീകരിച്ച് വര്‍ഗീയ വിഷം പടര്‍ത്താന്‍ സംഘ്പരിവാര സംഘടനകളും ബി ജെ പി നേതാക്കളും മടിച്ചിരുന്നില്ല. ഇതിനെ പിന്തുണച്ചില്ലെന്ന് മാത്രമല്ല, രോഗ വ്യാപനത്തെ വര്‍ഗീയമായി മുതലെടുക്കാന്‍ ശ്രമമുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു യെദ്യൂരപ്പ. വര്‍ഗീയമായ ലക്ഷ്യങ്ങളോടെ സംഘ്പരിവാരം മുന്നോട്ടുവെച്ച അജന്‍ഡകളില്‍ പലതും, ഗോവധ നിരോധനവും മാട്ടിറച്ചി വില്‍പ്പന തടയലുമുള്‍പ്പെടെ, നടപ്പാക്കാന്‍ തയ്യാറായെങ്കിലും ചില തീവ്ര അജന്‍ഡകളെ മൗനം കൊണ്ട് അവഗണിച്ചു യെദ്യൂരപ്പ. പൗരത്വ നിയമ ഭേദഗതിക്ക് പിറകെ, ദേശീയ പൗരത്വപ്പട്ടിക തയ്യാറാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍, ഏതാണ്ടെല്ലാ ബി ജെ പി മുഖ്യമന്ത്രിമാരും തങ്ങളുടെ സംസ്ഥാനത്ത് അത് നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തുവന്നു. പൗരത്വപ്പട്ടിക കര്‍ണാടകയിലും നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി ബാസവരാജ ബൊമ്മൈ പറഞ്ഞുവെങ്കിലും യെദ്യൂരപ്പ മൗനം പാലിച്ചു. “ലവ് ജിഹാദ്” തടയുന്നതിന് ഉത്തര്‍ പ്രദേശിലേത് പോലെ നിയമം കൊണ്ടുവരണമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടപ്പോഴും മൗനമായിരുന്നു മറുപടി. ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടുവരുമെന്ന് ഉത്തര്‍ പ്രദേശിലെയും അസമിലെയും ബി ജെ പി സര്‍ക്കാറുകള്‍ പ്രഖ്യാപിച്ചപ്പോള്‍ സമാനമായ നിയമ നിര്‍മാണം കര്‍ണാടകയിലും വേണമെന്ന് ആവശ്യമുയര്‍ന്നു. കര്‍ണാടകയില്‍ അത്തരമൊരു നിയമം കൊണ്ടുവരേണ്ട ആവശ്യമില്ലെന്നാണ് യെദ്യൂരപ്പയുടെ ഓഫീസ് പ്രതികരിച്ചത്. പൗരത്വ നിയമ ഭേദഗതിയിലുയര്‍ന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്താനും സംസ്ഥാനത്ത് പലേടത്തുമുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ സംഘ്പരിവാര അനുകൂല നിലപാടെടുക്കാനും മടിക്കാതിരിക്കെ തന്നെയാണ് ചില പ്രധാന തീവ്ര അജന്‍ഡകളോട് മുഖം തിരിക്കുന്ന നിലപാട് യെദ്യൂരപ്പ സ്വീകരിച്ചത്. ഇതിനെ പൊറുപ്പിച്ചാല്‍, ഗുജറാത്ത് മാതൃകയിലൊരു ഭരണത്തുടര്‍ച്ച അസാധ്യമെന്ന തീവ്ര നിലപാടുകാരുടെ തിരിച്ചറിവാണ് അധികാരത്തില്‍ രണ്ടാണ്ട് പൂര്‍ത്തിയാകുന്ന ദിനത്തില്‍ കണ്ണീരോടെ ഇറങ്ങിപ്പോകാന്‍ യെദ്യൂരപ്പയെ നിര്‍ബന്ധിതനാക്കിയത്.
വര്‍ഗീയ വിഷം വമിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന യുവ എം പി, തേജസ്വി സൂര്യ, തന്റെ മണ്ഡലമായ ബെംഗളൂരു സൗത്ത്, ഭീകരവാദികളുടെ താവളമായിരിക്കുന്നുവെന്ന് പാര്‍ലിമെന്റില്‍ പറഞ്ഞത് കഴിഞ്ഞ സെപ്തംബറിലാണ്. ബി ജെ പി ഭരണത്തിലിരിക്കെ, ബെംഗളൂരു ഭീകരവാദികളുടെ താവളമായെന്ന് വിമര്‍ശിച്ചതിന് തേജസ്വി സൂര്യ അച്ചടക്ക നടപടിയൊന്നും നേരിട്ടില്ല. മറിച്ച്, ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രത്യേക പരിഗണനക്ക് പാത്രമാകുകയാണ് ചെയ്തത്. തേജസ്വി സൂര്യയുടെ പരാതി സ്വീകരിച്ച് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു ആഭ്യന്തര മന്ത്രി. മുഖ്യമന്ത്രി സ്ഥാനത്ത് യെദ്യൂരപ്പക്ക് അധിക കാലമില്ലെന്ന് അപ്പോള്‍ തന്നെ ഉറപ്പിച്ചതാണ്. അതിത്രത്തോളം നീട്ടിക്കൊണ്ടുപോകാനായി എന്നതില്‍ ആശ്വസിക്കാം യെദ്യൂരപ്പക്ക്.

വിരിഞ്ഞ താമര, വാടാതെ നോക്കാന്‍ സംഘ്പരിവാരത്തിന്റെ ആവനാഴിയിലുള്ള വര്‍ഗീയ ആയുധങ്ങളുടെ തീഷ്ണമായ പ്രയോഗത്തിനാകും ഒരുപക്ഷേ, വരും ദിവസങ്ങളില്‍ കന്നഡ മണ്ണ് സാക്ഷിയാകുക. അതിന് പാകത്തിലുള്ള നേതൃത്വത്തെ നിശ്ചയിക്കുമ്പോള്‍ ലിംഗായത്തുകളെയും അതിലെ മഠങ്ങളുടെ അധിപന്‍മാരെയും ഏതുവിധത്തില്‍ ബി ജെ പി തൃപ്തിപ്പെടുത്തുമെന്നതും പ്രധാനമാണ്. ലിംഗായത്തുകളില്‍ അതൃപ്തിയുണ്ടാക്കും വിധത്തിലാണ് ബി ജെ പിയുടെ തീരുമാനമെങ്കില്‍, കര്‍ണാടകയില്‍ ഭരണത്തുടര്‍ച്ചക്ക് വേണ്ടിയാകും തന്റെ തുടര്‍ പ്രവര്‍ത്തനമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ആ അതൃപ്തിയെ മുതലെടുത്ത് മകന്റെ സ്ഥാനമുറപ്പിക്കാന്‍ യെദ്യൂരപ്പ ശ്രമിച്ചുകൂടായ്കയില്ല. നിയമസഭാ തിരഞ്ഞെടുപ്പ് 2023 ആദ്യത്തിലേയുള്ളൂവെങ്കിലും കര്‍ണാടകയില്‍ രാഷ്ട്രീയം ചൂടുപിടിക്കുകയാണ്.

രാജീവ് ശങ്കരന്‍

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest