Connect with us

Covid19

#FACTCHECK: ടി ടി കുത്തിവെപ്പെടുത്ത് തൊട്ടടുത്ത ദിവസങ്ങളില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാൽ മരിക്കുമോ?

Published

|

Last Updated

ടെറ്റനസ് ടോക്‌സോയ്ഡ് എന്ന ടി ടി കുത്തിവെപ്പെടുത്ത് തൊട്ടടുത്ത ദിവസങ്ങളില്‍ കൊവിഡ്- 19 പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നത് മരണ കാരണമാകുമെന്ന് അവകാശപ്പെടുന്ന ശബ്ദരേഖ വാട്ട്‌സാപ്പില്‍ പ്രചരിക്കുന്നുണ്ട്. 55 സെക്കന്‍ഡ് വരുന്ന ശബ്ദരേഖയാണ് വ്യാപകമായി പ്രചരിക്കുന്നത്. ഇതിലെ സത്യാവസ്ഥയറിയാം:

പ്രചാരണം: വാട്ട്‌സാപ്പില്‍ പ്രചരിക്കുന്ന വനിതയുടെ ശബ്ദരേഖ ഇങ്ങനെ: ടി ടി കുത്തിവെപ്പെടുത്ത് പിറ്റേദിവസം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനാല്‍ ഒരാള്‍ മരിച്ചിരിക്കുന്നു. ഇങ്ങനെ മരിക്കുന്ന മൂന്നാമത്തെ ആളാണിത്. ശരീരത്തില്‍ മുറിവ് പറ്റിയിട്ട് ടി ടി എടുത്ത് പെട്ടെന്ന് തന്നെ വാക്‌സിനെടുക്കരുതെന്ന് വീട്ടിലുള്ളവരോട് പ്രത്യേകം പറയണം. നേരെ തിരിച്ച് കൊവിഡ് വാക്‌സിനെടുത്തിട്ടുണ്ടെങ്കില്‍ ടി ടിയും എടുക്കേണ്ട. ചില ഡോക്ടര്‍മാരും നഴ്‌സുമാരും ഇക്കാര്യം അന്വേഷിക്കുന്നില്ല.

യാഥാര്‍ഥ്യം: നമുക്ക് ലഭിക്കുന്ന കൊവിഡ് വാക്‌സിനുകളുമായി യാതൊരു തരത്തിലും പ്രതിപ്രവര്‍ത്തിക്കാന്‍ ശേഷിയില്ലാത്ത ടോക്‌സോയിഡ് വാക്‌സിന്‍ എന്നയിനത്തില്‍ പെട്ടതാണ് ടി ടി എന്ന ടെറ്റനസ് ടോക്‌സോയിഡ് വാക്‌സിനെന്ന് പൊതുജനാരോഗ്യ പ്രവർത്തക ഡോ.ഷിംന അസീസ് പറയുന്നു. മുതിര്‍ന്നവര്‍ക്കുള്ള വാക്‌സിനായി ടി ടി നല്‍കുന്നത് കൂടുതലും ഗര്‍ഭിണികള്‍ക്കാണ്. പിന്നെ, വല്ല അപകടമോ മറ്റോ ഉണ്ടായാല്‍ എമര്‍ജന്‍സി ആയിട്ടും കൊടുക്കും.

മുന്‍കൂട്ടി തീരുമാനിച്ച് ടി ടി എടുക്കുന്ന അവസരങ്ങളില്‍ കൊവിഡ് വാക്‌സിനുമായി 14 ദിവസം ഇടവേളയിലും അപകടങ്ങളിലും മൃഗങ്ങളുടെ ആക്രമണങ്ങളിലും മറ്റും ടി ടിയും റാബീസ് വാക്‌സിനും എപ്പോൾ വേണമെങ്കിലും എമര്‍ജന്‍സി അടിസ്ഥാനത്തില്‍ എടുക്കാം. രണ്ടായാലും സുരക്ഷിതമാണ്. ചുരുക്കത്തില്‍, ടി ടി ആളെ കൊല്ലില്ല. ടി ടി എടുത്തില്ലെങ്കില്‍ ടെറ്റനസ് വന്നാല്‍ സാരമായ രോഗമോ മരണമോ സംഭവിക്കാമെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Latest