Connect with us

Kerala

ഐ എന്‍ എല്ലിനെ അടര്‍ത്താന്‍ കരുനീക്കവുമായി മുസ്്ലിം ലീഗ്

Published

|

Last Updated

കോഴിക്കോട് | പിറവിയെടുത്തു കാല്‍ നൂറ്റാണ്ടിനു ശേഷം ആദ്യമായി മന്ത്രിസഭാ പ്രവേശനം ലഭിച്ച ഐ എന്‍ എല്‍ അധികാരം നേടി മാസങ്ങള്‍ക്കുള്ളില്‍ പരസ്പരം പോരടിക്കുമ്പോള്‍ കരുനീക്കവുമായി മുസ്‌ലിം ലീഗ്.
പരസ്പരം പുറത്താക്കിക്കൊണ്ടുള്ള ഐ എന്‍ എല്‍ വാര്‍ത്തകള്‍ പുറത്തുവന്ന ഉടനെ മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി വിമത വിഭാഗങ്ങളെ സ്വീകരിക്കാന്‍ തയാറാണെന്നു പ്രഖ്യാപിച്ചതോടെ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്കു പിന്നില്‍ മുസ്‌ലിം ലീഗിന്റെ കരുനീക്കമാണെന്ന പ്രതീതി സൃഷ്ടിച്ചു. ഇരു പക്ഷവും ലീഗാണ് പ്രശ്നങ്ങള്‍ക്കു പിന്നില്‍ എന്ന് ആരോപിക്കുകയും ചെയ്തു.

ലീഗ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി ലീഗിന്റെ സിറ്റിംഗ് സീറ്റില്‍ നിന്നു ജയിച്ച അഹമ്മദ് ദേവര്‍ കോവില്‍ മന്ത്രിയായത് മുസ്‌ലിം ലീഗിന്റെ ആത്മാഭിമാനത്തിനേറ്റ കനത്ത ക്ഷതമായിരുന്നു. ബാബരി മസ്ജിദ് തകര്‍ച്ചയുടെ നാളുകളില്‍ കോണ്‍ഗ്രസ് സമീപനത്തില്‍ പ്രതിഷേധിച്ചാണ് ലീഗിന്റെ സമുന്നത നേതാവായിരുന്ന ഇബ്‌റാഹിം സുലൈമാന്‍ സേട്ട് 1994ല്‍ ഐ എന്‍ എല്‍ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നല്‍കിയത്.

പേരിലെ മുസ്ലിം വരെ ഒഴിവാക്കി തികച്ചും സെക്യുലറായ ഒരു പാര്‍ട്ടിയായി മതനിരപേക്ഷ ജനാധിപത്യ സമൂഹത്തില്‍ നിലയുറപ്പിക്കുകയായിരുന്നു പാര്‍ട്ടിയുടെ ലക്ഷ്യം. സി പി എം ദേശീയ നേതാവ് ഹര്‍കിഷന്‍ സുര്‍ജിതുമായി ആലോചിച്ചായിരുന്നു പാര്‍ട്ടിയുടെ പേരുപോലും നിശ്ചയിച്ചത്. സേട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കിയ കാലത്ത് കാസര്‍കോട്, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളില്‍ പാര്‍ട്ടിയ്ക്ക് ശക്തമായ സ്വാധീന കേന്ദ്രങ്ങളുണ്ടായിരുന്നു. മലബാറില്‍ സേട്ടിന്റെ പൊതുയോഗങ്ങളില്‍ തടിച്ചു കൂടിയ ജനങ്ങള്‍ പിന്നീട് ഐ എന്‍ എല്‍ പൊതുയോഗങ്ങളിലും ആര്‍ത്തിരമ്പിയപ്പോള്‍ ലീഗ് നടുങ്ങിയിരുന്നു. ലീഗ് വിട്ട ശക്തരായ നേതാക്കളുടെ സാന്നിധ്യവും പുതിയ പാര്‍ട്ടിക്കു കരുത്തായി. പിന്നീട് തുടര്‍ച്ചായി പ്രമുഖ നേതാക്കളുടെ മരണവും മുന്നണിയില്‍ പ്രവേശനമില്ലാത്ത അവസ്ഥയുമെല്ലാം ഐ എന്‍ എല്ലിനെ ശോഷിപ്പിച്ചു. ഭാഗ്യാന്വേഷികളായ നേതാക്കള്‍ പലരും ലീഗിലേക്കു തിരിച്ചു പോയി.

കാല്‍നൂറ്റാണ്ടിനിടെ എല്ലാം ശോഷിച്ച ശേഷമാണ് ഭാഗ്യം തെളിഞ്ഞ് ഐ എന്‍ എല്‍ മന്ത്രിസഭയിലെത്തിയത്. പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയപ്പോള്‍ പാര്‍ട്ടിക്ക് ആദ്യമായി മന്ത്രിസ്ഥാനം ലഭിച്ചു. കോഴിക്കോട് സൗത്തില്‍ ലീഗിലെ ഏക വനിതാ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയ അഹമ്മദ് ദേവര്‍കോവില്‍ മന്ത്രിയാവുകയും ചെയ്തു. രണ്ടര വര്‍ഷത്തേക്കാണ് മന്ത്രിസ്ഥാനം അനുവദിച്ചതെങ്കിലും ഐ എന്‍ എല്‍ പ്രസ്ഥാനത്തിന് അതുപകര്‍ന്ന ഉണര്‍വ് അപാരമായിരുന്നു. സേട്ടിന്റെയും കേയി സാഹിബിന്റെയും സ്വപ്നങ്ങള്‍ അഹമ്മദ് ദേവര്‍കോവലിലൂടെ ഉണര്‍ന്നെണീക്കുമെന്നായിരുന്നു പ്രതീക്ഷ. എല്ലാ പ്രതീക്ഷകളും തകിടം മറിച്ചായിരുന്നു പിന്നീടിങ്ങോട്ട് പാര്‍ട്ടിയിലെ അധികാര കേന്ദ്രങ്ങളുടെ നീക്കം. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടി നേതാക്കള്‍ക്കു മുന്നറിയിപ്പുകള്‍ നല്‍കേണ്ടി വന്നു. പാര്‍ട്ടിയെ കളങ്കപ്പെടുത്തിയതെല്ലാം പാര്‍ട്ടിക്കുള്ളിലെ അസംതൃപ്തര്‍ രഹസ്യങ്ങള്‍ വിളിച്ചു പറഞ്ഞപ്പോഴാണ്.

രണ്ടര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം എല്‍ ഡി എഫ് സര്‍ക്കാറില്‍ ഐ എന്‍ എല്ലിന് ലഭിക്കുന്ന മന്ത്രിസ്ഥാനം മലബാറിലെ മുസ്ലിം രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്നതില്‍ നിര്‍ണായകമാകുമെന്നായിരുന്നു നിരീക്ഷിക്കപ്പെട്ടത്. ഇത് ഏറെ ആശങ്കപ്പെടുത്തിയത് ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ “അട്ടിപ്പേറവകാശം” ഉണ്ടെന്നു കരുതുന്ന മുസ്ലിം ലീഗിനെ തന്നെയായിരുന്നു. തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് കനത്ത തിരിച്ചടിയേല്‍ക്കുകയും അണികള്‍ നേതാക്കളെ ചോദ്യം ചെയ്യുകയും ചെയ്യുന്ന കാലത്താണ് ഐ എന്‍ എല്ലിനുള്ള മന്ത്രിപദമെന്നതും ശ്രദ്ധേയിരുന്നു.

1994 ല്‍ പിറവിയെടുത്ത ഐ എന്‍ എല്‍ 1995ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം നിന്നപ്പോള്‍ മലപ്പുറത്തെ അഞ്ച് മുനിസിപ്പാലിറ്റികളുള്‍പ്പെടെ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും ലീഗിനു നഷ്ടമായി. പക്ഷെ അവരുടെ ഇടതുമുന്നണി പ്രവേശനം യാഥാര്‍ഥ്യമായില്ല. ഇ എം എസും ഇ കെ നായനാരും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഐ എന്‍ എല്ലിനെ ഇടതു മുന്നണിയിലെടുക്കാമെന്ന നിലപാടിലായിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ വിയോജിപ്പ് ശക്തമായതിനാല്‍ മുന്നണി പ്രവേശനം നീണ്ടുപോയി. ഇതോടെ അണികളില്‍ വലിയൊരു ഭാഗം ലീഗിലേക്കു തന്നെ തിരിച്ചു പോയി. 2001 നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ക്കു മത്സരിക്കാന്‍ ഇടതുമുന്നണി സീറ്റ് നല്‍കി. മുന്നണിയുടെ പടിപ്പുറത്തു കാത്തിരിക്കുന്നവര്‍ എന്നു ലീഗിന്റെ നിരന്തരമായ പരിഹാസമേറ്റെങ്കിലും ഐ എന്‍ എല്‍ ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം ഉറച്ചുനിന്നു. ആ അചഞ്ചലമായ നിലപാടിനുള്ള അംഗീകാരമായിരുന്നു മുന്നണി പ്രവേശവും പിന്നീടുള്ള മന്ത്രിസ്ഥാന ലബ്ദിയും.

ഐ എന്‍ എല്ലിന്റെ അധികാര പ്രവേശനം സമുദായ മനസ്സിന്റെ ദിശാമാറ്റം വേഗത്തിലാക്കുമോയെന്ന ആശങ്ക ലീഗില്‍ ശക്തമായിരുന്നു. തെക്കന്‍ ജില്ലകളില്‍ വനിതാ ലീഗില്‍ നിന്നുള്‍പ്പെടെ വലിയ തോതില്‍ പ്രവര്‍ത്തകരും നേതാക്കളും രാജിവച്ച് ഐ എന്‍ എല്ലില്‍ ചേരുന്ന പ്രവണത ദൃശ്യമായിരുന്നു. സമുദായ സംഘടനകള്‍ക്കു പോലും ആശ്രയിക്കാവുന്ന ഒരു അധികാര കേന്ദ്രമായി ഐ എന്‍ എല്‍ മാറുന്നത് പാര്‍ട്ടിയില്‍ വിമത പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് ലീഗ് ഭയപ്പെട്ടു. അതുകൊണ്ട് തന്നെയാണ് ഐ എന്‍ എല്ലില്‍ ഛിദ്രമുണ്ടാക്കാന്‍ ലീഗ് കരുക്കള്‍ നീക്കുന്നു എന്ന ആരോപണം ഗൗരവമുള്ളതാകുന്നത്.

Latest