Connect with us

Oddnews

നാല് വയസുകാരി പതിവായി കടലിലിറങ്ങുന്നു; മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍

Published

|

Last Updated

റിയോഡിജനിറോ | ബ്രസീലിലെ റിയോ ഡി ജനീറോയില്‍ കടലിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. നീന ഗോമസ് എന്ന നാല് വയസുകാരിയുമായി ബന്ധപ്പെട്ടാണ് വാര്‍ത്ത വൈറലായിരിക്കുന്നത്. പിതാവിനൊപ്പം കടലില്‍ പോയി മാലിന്യങ്ങള്‍ നീക്കം ചെയ്താണ് നീന കൈയടി നേടുന്നത്. മനുഷ്യനെപ്പോലെ ജല ജീവികള്‍ക്കും ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്ന ചിന്തയാണ് കടലിലെ മാലിന്യം നീക്കം ചെയ്യാന്‍ അവളെ പ്രേരിപ്പിച്ചത്.

ഗ്വാനബറ ബേയിലെ ജല അടിത്തട്ടിനെക്കുറിച്ച് 2017 ല്‍ നീനയുടെ പിതാവ് ഗോമസ് ഒരു സിനിമ നിര്‍മിച്ചിരുന്നു. കടല്‍ മാലിന്യങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ അറിവുണ്ട്. റിയോയിലെ ഗ്വാനബാര ബേയിലെ മലിനമായ കടലിലേക്ക് പാഡില്‍ ബോര്‍ഡിലാണ് നീനയും പിതാവും സഞ്ചരിക്കുന്നത്. ഗോമസ് പാഡില്‍ ബോര്‍ഡ് നിയന്ത്രിക്കുമ്പോള്‍ നീന കടലില്‍ നിന്ന് കൈകൊണ്ട് മാലിന്യങ്ങള്‍ ശേഖരിക്കുകയാണ് പതിവ്. മകള്‍ ജനിച്ച ശേഷം ഗോമസ് റിയോ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ടോ മാര്‍ അര്‍ബറോ എന്ന പഠന കേന്ദ്രം സ്ഥാപിച്ചു. പിന്നീട് കടല്‍ ദുരന്തങ്ങളെ ചെറുക്കാനുള്ള ശ്രമങ്ങളില്‍ അദ്ദേഹം മകളെയും കൂടെക്കൂട്ടുകയായിരുന്നു.

ആയിരക്കണക്കിന് റിയോ നിവാസികള്‍ മത്സ്യബന്ധനത്തിലൂടെയാണ് ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. കടലിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ 10 ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്നുമുണ്ട്. ഇവരൊക്കെ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും കടലിലാണ് എത്തപ്പെടുന്നത്. പ്രതിവര്‍ഷം ആയിരക്കണക്കിന് സമുദ്ര സസ്തനികള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭക്ഷിക്കുന്നതിലൂടെ ചത്തൊടുങ്ങുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മാലിന്യങ്ങള്‍ കാരണം ജീവജാലങ്ങള്‍ക്ക് ഭൂമിയില്‍ സ്വസ്ഥമായി ജീവിക്കാനുള്ള അവകാശമാണ് ഇല്ലാതാകുന്നതെന്ന് പ്രഖ്യാപിച്ച് ഗ്രേറ്റാ തുംബര്‍ഗ് എന്ന സ്വീഡിഷ് കൗമാരക്കാരി രംഗത്തെത്തിയിരുന്നു. ഗ്രേറ്റയുടെ പാത നീന പിന്തുടരുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

Latest