Connect with us

National

കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവില്‍ നിന്ന് ഗര്‍ഭം ധരിക്കണമെന്ന് യുവതി; ബീജസാമ്പിള്‍ ശേഖരിക്കാന്‍ ഉത്തരവിട്ട് കോടതി

Published

|

Last Updated

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി | കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവില്‍ നിന്നും ഗര്‍ഭം ധരിക്കാന്‍ ആഗ്രഹമുണ്ടെന്നറിയിച്ച് യുവതി കോടതിയെ സമീപിച്ചു. വഡോദരയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ കഴിയുന്ന യുവാവിന് രക്ഷപ്പെടാന്‍ നേരിയ സാധ്യത മാത്രമേയുള്ളൂ എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഈ സാഹചര്യത്തില്‍ മരിക്കുന്നതിന് മുന്‍പ് ഭര്‍ത്താവിന്റെ കുഞ്ഞിനെ ഗര്‍ഭം ധരിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് യുവതി ആശുപത്രി അധികൃതരെ അറിയിച്ചു. എന്നാല്‍ ഈ ആവശ്യം അനുവദിക്കാന്‍ സാധ്യമല്ലെന്ന് പറഞ്ഞ് അധികൃതര്‍ യുവതിയെ ഒഴിവാക്കുകയായിരുന്നു.

ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും ലൈഫ് സപ്പോര്‍ട്ട് സിസ്റ്റത്തില്‍ കഴിയുന്ന ഭര്‍ത്താവിന് സമ്മതം നല്‍കാന്‍ സാധിക്കാത്ത അവസ്ഥയില്‍ യുവതിയുടെ ആവശ്യം അനുവദിക്കാനാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കോടതിയുടെ ഉത്തരവ് ഉണ്ടെങ്കില്‍ പരിഗണിക്കാമെന്ന് അധികൃതര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ യുവതി വക്കീലിനെ സമീപിച്ചു. മരിക്കുന്നതിന് മുന്‍പ് ഭര്‍ത്താവിന്റെ ബീജം ശേഖരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

തുടര്‍ന്ന് ഗുജറാത്ത് ഹൈക്കോടതി ആശുപത്രിയോട് ഐവിഎഫ് ചികിത്സയ്ക്ക് ആവശ്യമായ ബീജ സാമ്പിളുകള്‍ ശേഖരിക്കാന്‍ ഉത്തരവിട്ടു. യുവാവിന്റെ നില ഗുരുതരമായി തുടരുന്നതിനാല്‍ പെട്ടെന്ന് തന്നെ കോടതി വാദം കേള്‍ക്കുകയും ഉത്തരവ് ഇറക്കുകയുമായിരുന്നു. കോടതിയുടെ ഉത്തരവ് കിട്ടി മണിക്കൂറുകള്‍ക്കകം രോഗിയുടെ ശുക്ലം വിജയകരമായി വേര്‍തിരിച്ചെടുത്തതായി യുവാവിനെ ചികിത്സിക്കുന്ന സ്റ്റെര്‍ലിംഗ് ഹോസ്പിറ്റലിലെ സോണല്‍ ഡയറക്ടര്‍ അനില്‍ നമ്പ്യാര്‍ മാധ്യമങ്ങളോട് പറഞ്ഞു.