Connect with us

Articles

ഭയമില്ലാത്തവര്‍ക്ക് വേണ്ടി രാഹുല്‍ തുറന്നിടുന്ന വാതിലുകള്‍

Published

|

Last Updated

സര്‍വ സന്നാഹങ്ങളുമൊരുക്കിയിരുന്നു പശ്ചിമ ബംഗാള്‍ പിടിക്കാന്‍. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ അപ്രതീക്ഷിത വിജയം നല്‍കിയ അമിത ആത്മവിശ്വാസമുണ്ടായിരുന്നു. എതിര്‍ പാളയത്തില്‍ നിന്ന്, പഴുത്ത കുലയില്‍ നിന്ന് അടരുന്നത് പോലെ നേതാക്കള്‍ ഉതിര്‍ന്നുവന്നിരുന്നു. ജനതയെ വര്‍ഗീയമായി കൂടുതല്‍ ഭിന്നിപ്പിക്കാന്‍ ശ്രമം നേരത്തേ തന്നെ തുടങ്ങിയിരുന്നു. വര്‍ഗീയ സംഘര്‍ഷങ്ങളുടെ വലിയ ചരിത്രമുള്ള മണ്ണില്‍, മഹാത്മാ ഗാന്ധി നേരിട്ടെത്തി സത്യഗ്രഹമിരുന്നിട്ടും ശാന്തമാകാന്‍ ദിവസങ്ങളെടുത്ത മണ്ണില്‍, പുതിയ കാലത്ത് വിത്തിറക്കിയാല്‍ വിളവ് പൊലിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. പൗരത്വ നിയമം മാറ്റിയെഴുതിയതോടെ, ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരില്‍ മുസ്‌ലിംകളല്ലാത്തവര്‍ക്കൊക്കെ പൗരത്വം ലഭിക്കുമെന്ന സ്ഥിതി, വോട്ടുബേങ്കിലെ പലിശ നിരക്ക് കൂട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. കേന്ദ്രാധികാരം പരമാവധി ദുരുപയോഗം ചെയ്ത് സംസ്ഥാന സര്‍ക്കാറിനെ ഞെരിക്കുന്നതോടെ ജനങ്ങള്‍ക്കുണ്ടാകുന്ന രോഷം അധികാരത്തിലേക്ക് വഴി സുഗമമാക്കുമെന്ന തോന്നലുണ്ടായിരുന്നു. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്‍, തികഞ്ഞ വിധേയവേഷത്തില്‍ നിന്ന് വോട്ടെടുപ്പ് എട്ട് ഘട്ടമാക്കി സഹായിച്ചിരുന്നു. പ്രധാനനും ആഭ്യന്തരനും പരമാവധി സമയം പശ്ചിമ ബംഗാളില്‍ പ്രചാരണത്തിന് നീക്കിവെച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്റെ മൂര്‍ധന്യത്തില്‍പ്പോലും അതിലൊരു വിഘാതം ഉണ്ടായതുമില്ല. വോട്ടെടുപ്പ് ദിവസം ക്രമസമാധാനം ഉറപ്പിക്കാന്‍ നിയോഗിക്കപ്പെട്ട അര്‍ധ സൈനിക വിഭാഗം പോലും അധികാരിയുടെ മനസ്സറിഞ്ഞ് പെരുമാറുമെന്ന് ഉറപ്പാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രത്യേകമായി നിയോഗിക്കപ്പെട്ട, രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ കാലാള്‍ പടയാളികള്‍ എതിരാളികളെ തൃണമൂലം ഇല്ലാതാക്കാന്‍ പരമാവധി യത്‌നിച്ചിരുന്നു, രാഷ്ട്രീയമായും കായികമായും. കള്ളപ്പണത്തിന്റെ ഒഴുക്കിന്, തൃശൂര് കൊടകരയിലുണ്ടായതുപോലുള്ള തടസ്സമുണ്ടാകാതെ നോക്കിയിരുന്നു.

എന്നിട്ടും തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഇതുവരെ കിട്ടാത്ത ഭൂരിപക്ഷത്തില്‍ മമതാ ബാനര്‍ജി പശ്ചിമ ബംഗാളില്‍ അധികാരം നിലനിര്‍ത്തി. ബി ജെ പി നൂറ് സീറ്റ് കടക്കില്ലെന്ന, തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് മാനേജര്‍ പ്രശാന്ത് കിഷോറിന്റെ പ്രവചനം കൃത്യമായി. അധികാരം മോഹിച്ച് സംഘ പാളയത്തിലേക്ക് ചേരിമാറിയ നേതാക്കളില്‍ വലിയൊരളവ് തിരികെ തൃണമൂല്‍ ക്യാമ്പിലെത്തി വിശ്രമിക്കുന്നു. തെക്ക് കേരളത്തില്‍ മുപ്പത്തിയഞ്ച് സീറ്റ് കിട്ടിയാല്‍ ഭരിക്കുമെന്ന് വീരവാദം മുഴക്കിയവര്‍ സംപൂജ്യരായി നിന്നു. തൊട്ടപ്പുറത്ത് എ ഐ എ ഡി എം കെയുമായി സഖ്യമുണ്ടാക്കി തമിഴ്‌നാട് പിടിക്കുമെന്ന് പ്രഖ്യാപിച്ചവര്‍, പ്രതിപക്ഷ നിരയില്‍ നാല് സീറ്റുകൊണ്ട് സംതൃപ്തരുമായി. ബംഗാളിലെയും കേരളത്തിലെയും പോലെ തമിഴ്‌നാട്ടിലും കേന്ദ്ര ഏജന്‍സികളുടെ തേര്‍വാഴ്ചയുണ്ടായിരുന്നു, തിരഞ്ഞെടുപ്പിന് മുമ്പ്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഡി എം കെ നേതാക്കളുടെ വീടും ഓഫീസും നോട്ടമിട്ട് ഓടിനടന്നു. ഫലമൊന്നുമുണ്ടായില്ലെന്ന് മാത്രം. പുതുച്ചേരിയില്‍ കോണ്‍ഗ്രസ്സിലെ ചേരിമാറ്റവും എന്‍ ആര്‍ കോണ്‍ഗ്രസ്സിന്റെ സഖ്യവും മുതലെടുത്ത് അധികാരത്തില്‍ പങ്കാളിയാകാന്‍ സാധിച്ചു, ബി ജെ പിക്ക്.

ബി ജെ പി അമ്പേ തോറ്റ മൂന്ന് സംസ്ഥാനങ്ങളിലും അവരുടെ കഴിവുകേടിനൊപ്പം അവരെ കൂസാതെ നില്‍ക്കാന്‍ ത്രാണിയുള്ള പാര്‍ട്ടികളും നേതാക്കളുമുണ്ടായിരുന്നുവെന്നതാണ് വസ്തുത. കേരളത്തിലത്, എല്‍ ഡി എഫും അതിനെ നയിക്കുന്ന സി പി എമ്മുമായിരുന്നു. തോറ്റാല്‍ നേതാക്കളും അണികളും ബി ജെ പിയിലേക്ക് പോകുമെന്ന് വിലപിച്ച്, സ്വന്തം കരുത്ത് കുറച്ചുകണ്ട കോണ്‍ഗ്രസ്സ്, അന്യഥാ അവരെ വിശ്വസിക്കുന്ന ജനവിഭാഗത്തെപ്പോലും എതിരാക്കാന്‍ മടിച്ചില്ല. തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം, വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് പുതുനേതൃത്വം പാര്‍ട്ടിയില്‍ വിള്ളലുണ്ടാകാതെ കാക്കുന്നു. ആകെയുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടമായതും കള്ളപ്പണക്കേസിലും ഗ്രൂപ്പുവഴക്കിലും ബി ജെ പിയുടെ കേരള ഘടകം ആടിയുലയുന്നതും ചോര്‍ച്ചയില്ലാതെ നോക്കാന്‍ കോണ്‍ഗ്രസ്സിനെ സഹായിക്കുന്നുണ്ടാകണം. എന്തായാലും തുടര്‍ തോല്‍വിയുണ്ടാക്കുന്ന ആത്മവിശ്വാസക്കുറവ് മൂലമുള്ള ചാഞ്ചാട്ടം കോണ്‍ഗ്രസ്സില്‍ കാണുന്നില്ല.

ബംഗാളില്‍ ആടിയുലഞ്ഞ പാര്‍ട്ടിയെ വീറോടെ നയിച്ചാണ് മമത, അധികാരം നിലനിര്‍ത്തിയത്. കേരളത്തില്‍ പിണറായി വിജയന്‍ നേടിയ ചരിത്ര വിജയത്തേക്കാള്‍ തിളക്കമുണ്ട്, ദേശീയ രാഷ്ട്രീയം കണക്കിലെടുക്കുമ്പോള്‍ മമതയുടേതിന്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ വരിനിന്ന് ബി ജെ പി അംഗത്വം സ്വീകരിക്കുമ്പോള്‍ ഒരു ചാഞ്ചല്യവുമുണ്ടായില്ല മമതാ ബാനര്‍ജിക്ക്. മമത കഴിഞ്ഞാല്‍ പിന്നെ പാര്‍ട്ടിയിലെ കരുത്തനെന്ന് കരുതപ്പെടുന്ന സുവേന്ദു അധികാരി ബി ജെ പിയില്‍ ചേര്‍ന്ന് മത്സരിക്കാനിറങ്ങിയപ്പോള്‍ നന്ദിഗ്രാമില്‍ ചെന്ന് എതിര്‍ക്കാനായിരുന്നു മമതയുടെ തീരുമാനം. നന്ദിഗ്രാമില്‍ പരാജയപ്പെട്ടെങ്കിലും ബംഗാളില്‍ വിജയിച്ചു, മമത. അമിത് ഷായുടെ രാഷ്ട്രീയ തന്ത്രങ്ങള്‍, നരേന്ദ്ര മോദിയുടെ ശബ്ദഘോഷങ്ങള്‍ എല്ലാറ്റിനും മീതെ ബംഗാളിന്റെ സ്വത്വത്തെ പ്രതിഷ്ഠിച്ച്, ഭയക്കാതെ നിന്നു പഴയ കോണ്‍ഗ്രസ്സുകാരി. വിജയാനന്തരം കേന്ദ്ര സര്‍ക്കാറെന്നല്ല യൂനിയന്‍ സര്‍ക്കാറെന്നേ വിളിക്കൂ എന്ന് ചങ്കൂറ്റത്തോടെ പറഞ്ഞ്, ഫെഡറല്‍ ഭരണക്രമത്തിന്റെ പ്രാധാന്യമോര്‍പ്പിക്കുന്നു സ്റ്റാലിന്‍.

അമിതാധികാരപ്രയോഗത്തിന് വഴങ്ങാന്‍ തയ്യാറല്ലെന്ന് ഇടര്‍ച്ചയില്ലാതെയുള്ള പറച്ചിലാണത്.
ഇതേകാലം, രാജ്യത്തെ ഇതര പ്രദേശങ്ങളിലെ കോണ്‍ഗ്രസ്സ് ഘടകങ്ങളില്‍ നിന്ന് നേതാക്കളും അണികളും ബി ജെ പിയിലേക്ക് യഥേഷ്ടം പ്രവഹിക്കുന്നുണ്ടായിരുന്നു. കര്‍ണാടകയിലും മധ്യപ്രദേശിലുമൊക്കെ അത് അധികാരം നഷ്ടപ്പെടുത്തിക്കൊണ്ടായിരുന്നു. മധ്യപ്രദേശില്‍ ജനഹിതം അട്ടിമറിച്ച്, അധികാരം ബി ജെ പിയുടെ കൈകളിലെത്തിച്ച ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്ര മന്ത്രിസഭയില്‍ അംഗമായി നരേന്ദ്ര മോദിയെയും അമിത് ഷായെയും താണുവണങ്ങി മടങ്ങിയത് അടുത്ത ദിവസങ്ങളില്‍. അതിന് തൊട്ടുമുമ്പാണ് നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഉത്തര്‍ പ്രദേശില്‍ ജിതിന്‍ പ്രസാദ കോണ്‍ഗ്രസ്സ് വിട്ട് ബി ജെ പിയിലെത്തിയത്. അധികാര മോഹത്തിനോ ഭീഷണിക്കോ ഒക്കെ വഴങ്ങി പാര്‍ട്ടിയില്‍ നിന്ന് പോകേണ്ടവര്‍ക്ക് പോകാമെന്നും അത്തരക്കാരില്ലെങ്കിലും ഈ പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും ഉറപ്പിച്ച് പറയാന്‍ മമതാ ബാനര്‍ജിയെപ്പോലൊരു നേതാവ് കോണ്‍ഗ്രസ്സില്‍ ഉണ്ടായില്ല. നേതാക്കളെയും അണികളെയും പാര്‍ട്ടിയില്‍ തുടരാന്‍ പ്രേരിപ്പിക്കും വിധത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന, ഊര്‍ജമുത്പാദിപ്പിക്കുന്ന നേതൃത്വമുണ്ടായില്ല. ജനങ്ങള്‍ക്ക് കാണാവുന്ന നേതൃത്വം പാര്‍ട്ടിക്കുണ്ടാകണമെന്ന് 23 നേതാക്കള്‍ ചേര്‍ന്ന് കത്ത് നല്‍കി, മാസങ്ങള്‍ക്ക് ശേഷവും അത്തരമൊരു നേതൃത്വമുണ്ടാകേണ്ടതിന്റെ ആവശ്യകത സോണിയ – രാഹുല്‍ – പ്രിയങ്ക ഗാന്ധിമാര്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല. ബോധ്യപ്പെട്ടാല്‍ തന്നെ അതാര് എന്ന ചോദ്യത്തിന് ഈ മൂവര്‍ക്കുമൊരു ഉത്തരവുമില്ല.
അത്തരമൊരു നിര്‍ണായക ഘട്ടത്തിലാണ്, ഭയമുള്ളവര്‍ക്ക് ആര്‍ എസ് എസ് ശിബിരത്തില്‍ അഭയം തേടാമെന്ന് രാഹുല്‍ ഗാന്ധി പരസ്യമായി പറയുന്നത്. പോകേണ്ടവരൊക്കെ പോയതിന് ശേഷമുള്ള കോണ്‍ഗ്രസ്സിനെ നയിക്കാന്‍ താന്‍ തയ്യാറാണെന്ന പ്രഖ്യാപനമായി ഇതിനെ കാണണം. ആര്‍ എസ് എസിനെയും ബി ജെ പിയെയും മോദി – ഷാ ദ്വന്ദ്വത്തെയും ഭയമില്ലാത്തവര്‍ കോണ്‍ഗ്രസ്സിന് പുറത്തുണ്ടെന്നും അവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരണമെന്നും പറയുമ്പോള്‍, മമത ബംഗാളില്‍ കാണിച്ച വഴി രാഹുല്‍ തിരിച്ചറിയുന്നുവെന്ന് കരുതണം. ബംഗാളിലെ ദൗത്യത്തിന് ശേഷം പ്രശാന്ത് കിഷോര്‍, എന്‍ സി പി നേതാവ് ശരത് പവാറുമായി രണ്ട് വട്ടം ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ്സിനെ ഒഴിവാക്കി നിര്‍ത്തിക്കൊണ്ട് രാജ്യത്തൊരു ശക്തമായ പ്രതിപക്ഷ ഐക്യനിര സാധ്യമാകില്ലെന്നാണ് പിന്നീട് പ്രശാന്ത് കിഷോര്‍ പറഞ്ഞത്. ഇതിന് പിറകെ സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവരുമായി പ്രശാന്ത് കിഷോര്‍ ചര്‍ച്ച നടത്തി. അതിന് ശേഷമാണ് രാഹുലിന്റെ ഈ വാക്കുകളെന്നത് പ്രധാനമാണ്.
അധികാരമുള്ളിടത്തും ഇല്ലാത്തിടത്തും ഗ്രൂപ്പും മൂപ്പിളമത്തര്‍ക്കങ്ങളുമായി തുടരുന്ന പാര്‍ട്ടി, സംഘടനാ സംവിധാനം തീരെ ഇല്ലാതായ സംസ്ഥാനങ്ങള്‍, നിര്‍ണായക ഘട്ടത്തില്‍ നാല് വരി പ്രസ്താവനകൊണ്ട് പോലും ഒപ്പം നില്‍ക്കാത്ത പി ചിദംബരം മുതല്‍ എ കെ ആന്റണി വരെ നീളുന്ന മുതിര്‍ന്ന നേതൃനിര (കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് റാഫേല്‍ കരാര്‍ വിവാദമായപ്പോഴത്തെ മൗനം ഉദാഹരണം), ബി ജെ പിയുടേതില്‍ നിന്ന് ഭിന്നമായൊരു നയം പാര്‍ട്ടിക്കുണ്ടെന്ന് സ്വയം ബോധ്യപ്പെടുത്തേണ്ട സാഹചര്യം, എപ്പോള്‍ വേണമെങ്കിലും പിന്‍വലിഞ്ഞ് പോകാന്‍ സാധ്യതയുള്ള സ്വന്തം പ്രകൃതം – രാഹുലിന് മുന്നിലുള്ളത് ചെറിയ വെല്ലുവിളികളല്ല. പക്ഷേ, വര്‍ഗീയ വിഭജനത്തിനപ്പുറം തന്ത്രങ്ങളൊന്നുമില്ലാത്ത, ജനത്തെ പ്രതിസന്ധികളിലേക്ക് വലിച്ചെറിയുക എന്നതല്ലാതെ മറ്റൊരു ഭരണനേട്ടവും അവകാശപ്പെടാനില്ലാത്ത, ശബ്ദഘോഷവും വ്യാജ പ്രചാരണവും എക്കാലവും തുണക്കുമെന്ന വിശ്വാസത്തില്‍ തുടരുന്ന ഒരു സംവിധാനത്തെ ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നുവെന്ന സാധ്യത രാഹുല്‍ ഗാന്ധിക്ക് മുന്നിലുണ്ട്. ഭയമില്ലാത്തവര്‍ക്ക് വേണ്ടി പാര്‍ട്ടിയുടെ വാതിലുകള്‍ തുറന്നിടുക എന്ന സാഹസികതയും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest