Connect with us

National

രാഹുലിന്റെ പ്രഖ്യാപനം മൃദു ഹിന്ദുത്വം കൈവിടുന്നതിന്റെ സൂചനയോ? മതനിരപേക്ഷ സമൂഹം ഉറ്റുനോക്കുന്നു

Published

|

Last Updated

കോഴിക്കോട് | ആര്‍ എസ് എസിനെ ഭയക്കുന്നവര്‍ക്കു പുറത്തുപോകാമെന്ന രാഹുല്‍ഗാന്ധിയുടെ പ്രഖ്യാപനം കോണ്‍ഗ്രസ് കാലങ്ങളായി നേരിടുന്ന മൃദു ഹിന്ദുത്വ ആരോപണത്തില്‍ നിന്നു പുറത്തു കടക്കുന്നതിന്റെ സൂചനയായിരിക്കുമോ? മതനിരപേക്ഷ സമൂഹം സമൂഹം ഉറ്റുനോക്കുന്നു. മൃദു ഹിന്ദുത്വ നിലപാടുള്ളവരെ പുറന്തള്ളാനും പുറത്തു നില്‍ക്കുന്ന മതേതര വിശ്വാസികളെ ആകര്‍ഷിക്കാനും കോണ്‍ഗ്രസ് തയ്യാറാണെന്ന കോണ്‍ഗസ് സോഷ്യല്‍ മീഡിയാ യോഗത്തിലെ രാഹുലിന്റെ പ്രഖ്യാപനം കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയ പ്രതീക്ഷ പടര്‍ത്തുകയാണ്.

കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ നിലപാടില്‍ നിന്നു പുറത്തു കടക്കണമെന്നു ശശി തരൂരിനെ പോലുള്ള കോണ്‍ഗ്രസ്സിലെ ബുദ്ധിജീവികള്‍ വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. ബാബറി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് ആരാധനക്കു തുറന്നു കൊടുത്ത രാജീവ് ഗാന്ധിയുടെ നടപടി മുതല്‍ കോണ്‍ഗ്രസ് നേരിടുന്ന ആരോപണമാണ് മൃദു ഹിന്ദുത്വം. തീവ്ര ഹിന്ദുത്വ നിലപാടുള്ള ബി ജെ പിയെ നേരിടാന്‍ കോണ്‍ഗ്രസ്സിന്റെ മൃദു ഹിന്ദുത്വ നിലപാടുകള്‍ക്കു സാധ്യമല്ലെന്ന വിമര്‍ശനത്തെ കോണ്‍ഗ്രസ് ഇതുവരെ മുഖവിലക്ക് എടുത്തിരുന്നില്ല.

കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ മൃദു ഹിന്ദുത്വ നിലപാടിനെ കൂട്ടുപിടിക്കുന്നത് വഴി പാര്‍ട്ടി വട്ടപ്പൂജ്യമാകുമെന്ന് ശശി തരൂര്‍ എം പി നിരന്തരമായി മുന്നറിയിപ്പു നല്‍കിയിരുന്നു. ബി ജെ പി ഹിന്ദുമതത്തിന്റെ യഥാര്‍ഥ അര്‍ഥം മനസ്സിലാക്കാത്തവരാണെന്നും വിശ്വാസത്തെ കോമാളിത്തമാക്കി മാറ്റിയവരാണെന്നും ആരോപിക്കുന്ന തരൂര്‍ ഇങ്ങനെയുള്ള പ്രവണതകളെ ചെറുക്കാന്‍ യുവാക്കളടക്കമുള്ള ശുഭാപ്തി വിശ്വാസികളുടെ ഐക്യം ഉണ്ടാക്കുകയാണ് വേണ്ടതെന്ന് നിലപാടാണ് ഉയര്‍ത്തുന്നത്.

വിശ്വാസത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റിയ ബി ജെ പിക്ക് തെരഞ്ഞെടുപ്പ് മാത്രമാണ് ലക്ഷ്യം. ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിക്കുന്ന ബി ജെ പിയുടെ അതേ നിലപാട് അനുകരിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെങ്കില്‍ അതൊരു വലിയ പിഴവായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരുന്നു. എക്കാലത്തും തങ്ങള്‍ നിലകൊണ്ട മതേതര തത്വങ്ങളെ മുറുകെപ്പിടിച്ച് നിവര്‍ന്നു നില്‍ക്കുകയാണ് കേണ്‍ഗ്രസ് ചെയ്യേണ്ടത്. ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ്സിനെ പുനരുജ്ജീവിപ്പിക്കാന്‍ മൃദു ഹിന്ദുത്വം മാത്രമേ പോംവഴിയുള്ളൂ എന്ന ചിന്ത കോണ്‍ഗ്രസ് ഉപേക്ഷിക്കണമെന്നായിരുന്നു ശശി തരൂര്‍ ഉള്‍പ്പെടുന്ന കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിന്റെ ശക്തമായ നിലപാട്.

സ്വതന്ത്ര ഇന്ത്യയില്‍ ബാബരിമസ്ജിദ് തര്‍ക്കഭൂമിയായി കണ്ട് പൂട്ടിയിട്ടത് കോണ്‍ഗ്രസ് സര്‍ക്കാറുകളായിരുന്നു. 1949 ഡിസംബര്‍ 22 ന് ബാബരി മസ്ജിദിനുള്ളില്‍ രാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തിവെച്ചതിനുശേഷം രാമവിഗ്രഹങ്ങള്‍ സ്വയംഭൂവായെന്ന് സംഘ പരിവാര്‍ നുണപ്രചരണം നടത്തി. 400 വര്‍ഷത്തിലേറെക്കാലം മുസ്ലിംകള്‍ തലമുറകളായി നിസ്‌കരിച്ചുപോന്ന ആരധനാലയം കൈയടക്കാനുള്ള ഈ നീക്കത്തിന് എല്ലാ സഹായവും ചെയ്തത് കോണ്‍ഗ്രസിലെ മൃദു ഹിന്ദുത്വ വിഭാഗമായിരുന്നു എന്ന ആരോപണം ശക്തമായി നിലനില്‍ക്കുകയാണ്.

പള്ളിയിലേക്ക് വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തുന്നതിന് നേതൃത്വം കൊടുത്ത ഹിന്ദുമഹാസഭാ നേതാക്കള്‍ യു പിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ കൂടിയായിരുന്നു. ഇതിനെല്ലാം സഹായവും ഫൈസാബാദ് ഡിസ്ട്രിക്ട് കലക്ടറായിരുന്ന കെ കെ നായരുടെ ഭാഗത്തുനിന്ന് ലഭിച്ചു. യു പിയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ ഗോവിന്ദവല്ല ഭായ്പന്തിന്റെ സഹായം ഇതിനു ലഭിച്ചു എന്നത് എക്കാലവും കോണ്‍ഗ്രസ്സിനുമേല്‍ കളങ്കമായി.

ബി ജെ പി സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശം ഇല്ലാതാക്കിയതിലും സംസ്ഥാന പദവി എടുത്തുകളഞ്ഞതിലും മുസ്ലിം വിരുദ്ധത പ്രകടമായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടും അത് നടപ്പാക്കുമെന്ന നിലപാടില്‍ തന്നെയാണ് കേന്ദ്രസര്‍ക്കാര്‍. യു പി യിലെ ബി ജെ പി സര്‍ക്കാര്‍ ലൗജിഹാദിന്റെ പേരില്‍ മുസ്ലിംവിരുദ്ധ നിയമംതന്നെ പാസാക്കി. ഈ വിഷയങ്ങളിലൊന്നും ബി ജെ പിയുടെ തീവ്ര ഹിന്ദുത്വ നിലപാടിനെ ശക്തമായി ചോദ്യം ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല.

അയോധ്യയിലെ ക്ഷേത്ര നിര്‍മാണ നേതൃത്വം കേന്ദ്ര സര്‍ക്കാര്‍ തന്നെ ഏറ്റെടുത്തു. അയോധ്യയിലേക്ക് വെള്ളി ഇഷ്ടിക കൊടുത്തയക്കുകയാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന കമല്‍നാഥ് ചെയ്തത്. ശിലാസ്ഥാപനത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തതിനെ എതിര്‍ക്കാതെ തങ്ങളെ പങ്കെടുപ്പിച്ചില്ലെന്ന പരാതി ഉന്നയിക്കുകയാണ് അവര്‍ ചെയ്തത്.

ബി ജെ പിയുടെ തീവ്ര ഹിന്ദുത്വത്തെ എതിര്‍ക്കാതെ തുടര്‍ച്ചയായി മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ചതോടെ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അടിത്തറ തകര്‍ന്നു. കൂട്ടത്തോടെയാണ് കോണ്‍ഗ്രസ് എം എല്‍ എമാരും മന്ത്രിമാരും ബി ജെ പിയിലേക്ക് ഒഴുകാന്‍ തുടങ്ങിയത്.

രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ഒരു കൂട്ടം എം എല്‍ എ മാരാരുമായി കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേക്കേറി കേന്ദ്രമന്ത്രിയായി. നിര്‍ണായകമായ ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പിനു മുമ്പ് ജിതിന്‍ പ്രസാദ ബി ജെ പിയില്‍ ചേര്‍ന്നു. അത്യന്തം ഗൂരുതരമായ ഈ സാഹചര്യത്തിലാണ് ആര്‍ എസ് എസിനെ ഭയക്കുന്നവര്‍ക്കു പുറത്തു പോകാമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യപനം ഉണ്ടാവുന്നത്. ഇതു മൃദു ഹിന്ദുത്വത്തെ കൈയ്യൊഴിയുന്ന നയം മാറ്റം ആണോ എന്നറിയാനാണ് മതേതര സമൂഹം കാത്തിരിക്കുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest