Connect with us

Articles

മലാല; വിദ്യാഭ്യാസ അവകാശ സമരത്തിലെ ധീരമുഖം

Published

|

Last Updated

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വണ്ടി പോരാടി ലോകശ്രദ്ധ നേടിയ പാക്കിസ്ഥാന്‍ ആക്ടിവിസ്റ്റും, ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ സമ്മാന ജേതാവുമാണ് മലാല യൂസഫ്‌സായ്. ഇന്ന് മലാലയുടെ 21-ാം ജന്മദിനമാണ്. ലോകമെങ്ങുമുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ശബ്ദമുയര്‍ത്താനുള്ള ദിനമായി ജൂലൈ 12 അറിയപ്പെടുന്നു. 2013-ലാണ് ഐക്യരാഷ്ട്ര സംഘടന ജൂലൈ 12 മലാല ദിനമായി പ്രഖ്യാപിച്ചത്. പെണ്‍കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന് പ്രതിബന്ധങ്ങളുള്ള രാജ്യങ്ങളിലൂടെ യാത്രചെയ്താണ് മലാലയുടെ ഓരോ ജന്മദിനവും കടന്നുപോകുന്നത്.

പാക് താലിബാന്റെ ശക്തി കേന്ദ്രമായ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയിലെ സ്വാത് ജില്ലയിലെ മിങ്കോറയാണ് മലാലയുടെ ജന്മദേശം. വിദ്യാഭ്യാസ, യുവജന, വനിതാവകാശ പ്രവര്‍ത്തകനും സ്‌കൂള്‍ ഉടമയും കവിയുമായ സിയാവുദ്ദീന്‍ യൂസഫാണ് പിതാവ്. പഷ്തൂണ്‍ കവിയും പോരാളിയുമായ മലാലായി ഓഫ് മായിവന്ദിനോടുള്ള ഇഷ്ടമാണ് മകള്‍ക്ക് മലാല എന്ന് പേരിടാന്‍ സിയാവുദ്ദീനെ പ്രേരിപ്പിച്ചത്.
പിതാവാണ് അവളെ വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തകയാക്കി മാറ്റിയതില്‍ മുഖ്യ പങ്കുവഹിച്ചത്. 2008 സെപ്തംബറിലാണ് വിദ്യാഭ്യാസ അവകാശത്തെക്കുറിച്ച് മലാല പൊതുവേദിയില്‍ സംസാരിച്ചു തുടങ്ങിയത്. പെണ്‍കുട്ടികളുടെ പഠനാവകാശം നിഷേധിക്കുന്ന താലിബാനെതിരെ സംസാരിക്കാന്‍ പെഷവാറിലെ പ്രസ്സ് ക്ലബ്ബില്‍ മലാലയെ കൊണ്ടുപോയതും സിയാവുദ്ദീനാണ്. നിലവില്‍ ഇംഗ്ലണ്ടിലാണ് മലാല താമസിക്കുന്നത്.

2007 അവസാനമാണ് സ്വാത് ജില്ലയുടെ നിയന്ത്രണത്തിനു വേണ്ടി പാക്കിസ്ഥാനും താലിബാനും തമ്മില്‍ യുദ്ധം ആരംഭിച്ചത്. ഇത് ഒന്നാം സ്വാത് യുദ്ധം എന്നാണ് അറിയപ്പെടുന്നത്. സ്വാതിന്റെ നിയന്ത്രണം നേടിയ താലിബാന്‍ സ്വാത് വാലിയില്‍ ടെലിവിഷന്‍, സംഗീതം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ നിരോധിച്ചു. സ്ത്രീകള്‍ പുറത്തുപോയി സാധനങ്ങള്‍ വാങ്ങുന്നതിനുപോലും വിലക്കേര്‍പ്പെടുത്തി. സ്വാത് താഴ് വരയില്‍ താലിബാന്‍ നിയന്ത്രണത്തിലുള്ള ജീവിതത്തെക്കുറിച്ച് 2009-ല്‍ ബി ബി സിക്കു വേണ്ടി എഴുതുന്ന ബ്ലോഗിലൂടെയാണ് മലാല ശ്രദ്ധിക്കപ്പെടുന്നത്. അന്ന് പതിനൊന്നു വയസാണ് മലാലയ്ക്ക്. പെണ്‍കുട്ടികള്‍ സ്‌കൂള്‍ വിദ്യാഭ്യാസം നേടുന്നതിനെതിരെയുള്ള താലിബാന്റെ നിലപാടിലുള്ള പ്രതിഷേധമാണ് എഴുത്തിലൂടെ ആളിപ്പടര്‍ന്നത്.

ഒരു ദിവസം സ്‌കൂള്‍ ബസില്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍ മലാലയ്ക്കു നേരെ താലിബാന്റെ ആക്രമണമുണ്ടായി. 2012 ഒക്ടോബര്‍ ഒമ്പതിന് നടന്ന വധശ്രമത്തില്‍ മലാലയുടെ തലയ്ക്കും കഴുത്തിനും ഗുരുതരമായ പരുക്കേറ്റു. ദിവസങ്ങളോളം ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയേണ്ടിവന്നു. മാസങ്ങള്‍ക്കു ശേഷമാണ് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടത്.

പല പുരസ്‌കാരങ്ങള്‍ക്കും നാമനിര്‍ദേശം ചെയ്യപ്പെട്ട മലാല പാക്കിസ്ഥാന്റെ ആദ്യത്തെ ദേശീയ സമാധാന പുരസ്‌കാരം നേടിയ വ്യക്തിയാണ്. മലാലയോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം 2012 നവംബര്‍ 10 അന്താരാഷ്ട്ര മലാല ദിനമായി ആചരിച്ചിരുന്നു. 2015-ഓടെ ലോകത്തുള്ള എല്ലാ പെണ്‍കുട്ടികളെയും സ്‌കൂളിലെത്തിക്കാനുള്ള ഐക്യരാഷ്ട്ര പ്രചാരണ പരിപാടിയുടെ മുദ്രാവാക്യം “ഞാനും മലാല” എന്നാണ്.

മലാലയും ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തക ക്രിസ്റ്റീന ലാംബും ചേര്‍ന്നെഴുതിയ മലാലയുടെ ജീവചരിത്രമാണ് “ഞാന്‍ മലാല” എന്ന പുസ്തകം. ഈ പുസ്തകം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയോ സ്‌കൂള്‍ പുസ്തക ശാലയിലേക്ക് വാങ്ങുകയോ ചെയ്യില്ലെന്നാണ് ഓള്‍ പാക്കിസ്ഥാന്‍ പ്രൈവറ്റ് സ്‌കൂള്‍ ഫെഡറേഷന്റെ തീരുമാനം. പുസ്തകം വില്‍ക്കുന്ന കടകള്‍ ആക്രമിക്കുമെന്ന താലിബാന്‍ ഭീഷണിയും ശക്തമാണ്.

Latest