Connect with us

കോഴിക്കോട് | കോണ്‍ഗ്രസിന്റെ ആശയാടിത്തറ കാടുമൂടി കിടക്കുകയാണെന്നും അത് വെട്ടിത്തെളിക്കുക എന്നതാണ് പുതിയ തലമുറ നേതാക്കളുടെ ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉദാത്തമായ ജനാധിപത്യബോധം, പാരിസ്ഥിതിക ബോധം, മതേതര നിലപാട് തുടങ്ങിയവയെല്ലാം കോണ്‍ഗ്രസിന്റെ പഴയ നിലപാടാണ്. അതെല്ലാം കുറേക്കൂടി ശക്തമായി നിലനിര്‍ത്തണമെന്നും അദ്ദേഹം സിറാജ്‌ൈലവിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.

ഒരു ജനാധിപത്യ പാര്‍ട്ടി എന്ന നിലയില്‍, കോണ്‍ഗ്രസില്‍ മാറ്റം വേണയോ വേണ്ടയോ എന്ന ചര്‍ച്ച പാര്‍ട്ടിയില്‍ നടന്നിരുന്നു. ആ ചര്‍ച്ചയില്‍ മാറ്റം വേണമെന്ന നിഗമനത്തിലാണ് എത്തിയത്. അതിന്റെ ഭാഗമായാണ് പഴയ നേതാക്കള്‍ മാറി പുതിയ നേതൃത്വം വന്നത്. താന്‍ അതിന് ഒരു നിമിത്തമായി എന്നേ ഉള്ളൂ. താനുള്‍പ്പെടെ ഉള്ള ആളുകള്‍ വ്യത്യസ്തമായി ചിന്തിക്കുകയും കാലം മാറിയതിന് അനുസരിച്ച് സംഘടനാ സംവിധാനങ്ങളിലും പൊതു സമീപനങ്ങളിലും പ്രതിപക്ഷ പ്രവര്‍ത്തനങ്ങളിലും മാറ്റം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. പഴയ ആളുകളെ കൂട്ടിയിണക്കി പുതിയ ആളുകളെ കൂട്ടിച്ചേര്‍ത്ത് ഉള്ള ഒരു സമീപനമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയതക്ക് എതിരായ അതിശക്തമായ നിലപാടാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളത്. കോണ്‍ഗ്രസിന്റെ ഒന്നാമത്തെ അജണ്ടയും അതാണ്. ഇവിടെ സാമൂഹികമായി നമ്മുടെ വെല്ലുവിളി വര്‍ഗീയതയാണ്. ഇക്കാര്യത്തില്‍ കെ പി സി സി പ്രസിഡന്റിന്റെ നിലപാട് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. വര്‍ഗീയതയുടെ കാര്യത്തില്‍ കെ പി സി സി പ്രസിഡന്റിന് വ്യത്യസ്ത അഭിപ്രായമില്ല.

കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് കോണ്‍ഗ്രസിന് ചില അപചയങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് പരിഹരിച്ച് മുന്നേറാനുള്ള ശ്രമമാണ് നടത്തേണ്ടത്. ദേശീയതലത്തില്‍ ജനാധിപത്യ ചേരിയില്‍ പെട്ട മുഴുവന്‍ ആളുകളും, എന്തിനേറെ കോണ്‍ഗ്രസിന്റെ ശത്രുക്കള്‍ പോലും ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് തകര്‍ന്നുപോകരുത് എന്നാണ്. കാരണം ജനാധിപത്യത്തിന്റെ വില എന്താണെന്ന് കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്. മോഡിയുടെ രണ്ടാം വരവിലൂടെ ജനാധിപത്യത്തിന് എത്രമാത്രം ക്ഷീണം സംഭവിച്ചു എന്നും ആളുകള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഈ രാജ്യത്തെ വലിയ വിഭാഗം ജനങ്ങള്‍ ജീവിക്കുന്നത് അരക്ഷിത ബോധത്തിലാണ്. അവിടെ അവര്‍ക്ക് തുണയാകേണ്ടത് കോണ്‍ഗ്രസാണ്. കാരണം ഇവരുമായി നേരിട്ട് ആശയപരമായി യുദ്ധം നടത്തുന്നതും ഏറ്റുമുട്ടുന്നതും കോണ്‍ഗ്രസാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പാര്‍ട്ടിയില്‍ ഗ്രൂപ്പിസത്തിന് അറുതി വരുത്തി എന്ന് താന്‍ പറയുന്നില്ല. സത്യസന്ധമായി പറഞ്ഞാല്‍, ഞങ്ങളെല്ലാം ഗ്രൂപ്പിന്റെ ഭാഗമായി നിന്നവരാണ്. പക്ഷേ, ഗ്രൂപ്പ് പാര്‍ട്ടിയേക്കാള്‍ വലുതാകരുത്. അത് അപകടമാണ്. ഗ്രൂപ്പ് ഉണ്ടാകുന്നതിന് കുഴപ്പമില്ല. അത് പാര്‍ട്ടിയെ വിഴുങ്ങാതിരിക്കുകയണ് വേണ്ടത്. അതിന് അനുവദിക്കുകയുമില്ല.

ഭരണം ഞങ്ങളുടെ ദൗര്‍ബല്യമല്ല. പക്ഷേ, ഇത്തവണ തോല്‍ക്കാന്‍ പാടില്ലായിരുന്നു. എന്താണ് തോല്‍വിക്കുള്ള കാരണങ്ങള്‍ എന്ന് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. സാധാരണ പോലെയല്ല, കൃത്യമായി പഠനം നടത്തി അതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച നടത്തി തീരുമാനങ്ങള്‍ ഉണ്ടാകും. ആ തീരുമാനങ്ങളുടെ ഭാഗമായി അടിസ്ഥാനപരമായ ഒരു മാറ്റം പാര്‍ട്ടിയില്‍ അടിമുടി ഉണ്ടാകും. പാര്‍ട്ടിയുടെ രൂപത്തിലും ഭാവത്തിലും എല്ലാം മാറ്റം വരും. പുതുതലമുറയേയും പഴയ തലമുറയേയും കോണ്‍ഗ്രസിന്റെ ആശയാടിത്തറ സംബന്ധിച്ച് പരിശീലിപ്പിക്കുകയാണ് എന്ന ലക്ഷ്യത്തോടെ തങ്ങള്‍ ഒരു പൊളിറ്റിക്കല്‍ സ്‌കൂള്‍ തുടങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ കാലത്തെ പുതിയ തലമുറയുടെ ചിന്തകളിലും സമീപനങ്ങളിലും ധാരാളം മാറ്റങ്ങള്‍ ഉണ്ട്. അത് മനസ്സിലാക്കി പൊതു സമൂഹത്തിന് ഗുണകരമായ രീതിയില്‍ കാര്യങ്ങള്‍ കൊണ്ടുപോകണം. കാലത്തിന് അനുസരിച്ചുള്ള ഒരു മാറ്റം ഞങ്ങള്‍ ഉണ്ടാക്കും. മുന്‍ തലമുറക്ക് എവിടെയാണ് പിഴച്ചത്, എന്തുകൊണ്ട് ഭരണം കിട്ടിയില്ല.. തുടങ്ങിയ കാര്യങ്ങള്‍  പരിശോധിച്ച് അത് പരിഹരിച്ച് മുന്നോട്ട് പോകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാറിനെ വിലയിരുത്താന്‍ സമയമായിട്ടില്ല. പക്ഷേ, രണ്ടാം വരവില്‍ അവര്‍ കാര്യങ്ങള്‍ കുറേക്കൂടി കുഴപ്പത്തിലാക്കുകയാണോ എന്ന തോന്നല്‍ ഉണ്ടാകുന്നുണ്ട്. ജനവിധി എന്തും ചെയ്യുന്നതിനുള്ള ലൈസന്‍സ് അല്ല. അവര്‍ കാര്യക്ഷമമായി മുന്നോട്ട് പോകണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.

Latest