Connect with us

Kerala

കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവം; കാണാതായ യുവതികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

Published

|

Last Updated

കൊല്ലം | കല്ലുവാതുക്കലില്‍ സ്വന്തം കുഞ്ഞിനെ യുവതി കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന കാണാതായ രണ്ട് യുവതികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഊഴായിക്കോട് സ്വദേശി ആര്യ(23) ആണ് മരിച്ചത്. ഇത്തിക്കരയാറിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ രണ്ടാമത്തെ യുവതിക്കായി ഇത്തിക്കരയാറിലും പരിസരത്തും തിരച്ചില്‍ തുടരുകയാണ്. കേസില്‍ അറസ്റ്റിലായ രേഷ്മയുടെ ഭര്‍തൃ സഹോദര ഭാര്യയും, സഹോദരിയുടെ മകളുമാണ് ഇവര്‍.

നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മാതാവായ രേഷ്മ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ഈ സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരി, സഹോദരിയുടെ മകള്‍ എന്നിവരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് വിളിപ്പിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ഹാജരാകണമെന്നായിരുന്നു ഇവരോട് പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇരുവരും എത്താതിരുന്നതിനെ തുടര്‍ന്ന് ഇന്ന് പോലീസ് അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന വിവരം ലഭിച്ചത്. ഇത്തിക്കരയാറിന് സമീപത്തുകൂടി ഇരുവരും നടന്നു പോകുന്ന സി സി ടിവി ദൃശ്യങ്ങള്‍ കിട്ടിയതിനെ തുടര്‍ന്നാണ് ആറ്റിലും പരിസരത്ത് പോലീസ് തിരച്ചില്‍ ആരംഭിച്ചത്.