Connect with us

Uae

യുഎഇ യാത്രാ വിലക്ക്; ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്നത് നൂറുക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍

Published

|

Last Updated

റാസ് അല്‍ ഖൈമ | കൊവിഡുമായി ബന്ധപ്പെട്ടുള്ള യാത്രാ വിലക്ക് കാരണം യുഎഇയിലേക്ക് എത്തിച്ചേരേണ്ട നൂറുക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്ക് യുഎഇയിലേക്ക് മടങ്ങിയെത്തുന്നതിന് ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് യുഎഇ ഇന്ത്യന്‍ എംബസിയും സ്വകാര്യ ആശുപത്രികളും അധികൃതരെ സമീപിച്ചിരിക്കുകയാണ്. ഏപ്രില്‍ 25ന് ആരംഭിച്ച വിമാന യാത്രാ വിലക്ക് വീണ്ടും നീട്ടിയ സാഹചര്യത്തിലാണ് ഇളവുകള്‍ തേടി അധികൃതരുമായി ചര്‍ച്ച നടത്തിവരികയാണെന്ന് സ്വകാര്യ ആശുപത്രികളുടെ വക്താക്കളും അറിയിച്ചിരിക്കുന്നത്. നാട്ടില്‍ കുടുങ്ങിയിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ മുഴുവന്‍ വാക്‌സിന്‍ എടുത്തവരാണെന്നും ഈ സാഹചര്യത്തില്‍ ഗോള്‍ഡന്‍ വിസയുള്ളവര്‍, നയതന്ത്ര പ്രതിനിധികള്‍ തുടങ്ങിയവര്‍ക്ക് ലഭിക്കുന്ന ഇളവുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ബാധകമാക്കണമെന്നുമാണ് ഇന്ത്യന്‍ എംബസിയും സ്വകാര്യ ആശുപത്രി അധികൃതരും ഉന്നയിച്ചിരിക്കുന്ന ആവശ്യം.

വിഷയം യുഎഇ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അധികം വൈകാതെ പരിഹാരമുണ്ടാവുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും യുഎഇ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 5 ഡോക്ടര്‍മാരും 50 നഴ്‌സുമാരും ഉള്‍പ്പെടെ തങ്ങളുടെ 125 ജീവനക്കാര്‍ വിമാന യാത്രാ വിലക്ക് കാരണം തിരിച്ചുവരാനാകാതെ ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് വി പി. എസ് ഹെല്‍ത്ത് കെയര്‍ അധികൃതര്‍ പറഞ്ഞു. പുതുതായി റിക്രൂട്ട് ചെയ്ത 200 പേരും യുഎഇയിലേക്ക് വരാനാകാത്ത സാഹചര്യത്തിലാണ്. യാത്രാ നിരോധനം കാരണം 300 ജീവനക്കാര്‍ മടങ്ങി വരാന്‍ പറ്റാത്ത സ്ഥിതിവിശേഷത്തിലാണെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ അധികൃതരും കൂടാതെ തങ്ങളുടെ നിരവധി സ്റ്റാഫുകള്‍ ഇന്ത്യയില്‍ നിന്നും മടങ്ങി വരാനാകാതെ പ്രതിസന്ധിയിലാണെന്ന് തുമ്പെ ഹെല്‍ത്ത് കെയറും വ്യക്തമാക്കിയിരിക്കുന്നു.

ചുരുക്കത്തില്‍ കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിമാന യാത്രാ വിലക്ക് കാരണം ഇന്ത്യയില്‍ നിന്നും മടങ്ങി വരാനാകാതെ കുടുങ്ങിക്കിടക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ അഭാവം യുഎഇയിലെ ആരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും നടന്ന് വരുന്ന പി.സി.ആര്‍ ടെസ്റ്റുകള്‍ നടത്താന്‍ ആവശ്യമായ നഴ്‌സുമാരില്ലാത്തത് കാരണം പരിശോധനക്കെത്തുന്നവര്‍ക്ക് മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ട സ്ഥിതിവിശേഷവും പി.സി.ആര്‍ പരിശോധനാ ഫലം ലഭിക്കാന്‍ മുമ്പ് 24 മണിക്കൂര്‍ വേണ്ടിടത്ത് ഇപ്പോള്‍ ദിവസങ്ങളോളം വൈകുന്നതായും ജനങ്ങള്‍ക്കിടയില്‍ പരാതികളും ഉയര്‍ന്നിട്ടുണ്ട്.

ഇന്ത്യയിലെ കൊവിഡ് വ്യാപന ഭീഷണി ക്രമേണ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ വിമാന യാത്രാ നിരോധനം ഉടന്‍ പിന്‍വലിക്കുമെന്നും അല്ലെങ്കില്‍ ഇവര്‍ക്ക് യുഎഇയിലേക്ക് മടങ്ങിയെത്താനുള്ള ഇളവ് ലഭിക്കുന്നതോടെ നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മടങ്ങിവരാനാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.