Connect with us

Cover Story

കണ്ണീരിൽ കുതിർന്ന ചകിരിനാരുകൾ

Published

|

Last Updated

വാർധക്യം വരഞ്ഞിട്ട ചുളിവുകൾക്കൊപ്പം ക്ഷയിച്ചു തുടങ്ങിയ തന്റെ കൈവിരലുകളാൽ തങ്കവർണമാർന്ന നേർത്ത നാരുകൾ ചികഞ്ഞെടുത്ത് കൈവെള്ളകളിൽ പിരിച്ചെടുക്കുമ്പോൾ കാളിപ്പെണ്ണൊന്നു നോക്കിച്ചിരിച്ചു. നേർത്തതെങ്കിലും ദൃഢമായ ചകിരിനാരുകൾ ഉരയുമ്പോൾ കൈകൾക്കിടയിലുണ്ടാകുന്ന ചൂട് കുറക്കാനായി തൊട്ടരികിൽ നിറച്ചുവെച്ച പ്ലാസ്റ്റിക് പാട്ടയിലെ വെള്ളത്തിൽ വിരൽ മുക്കിയെടുത്ത് വീണ്ടും നാര് പിരിച്ചു തുടങ്ങവെ കാളി തന്റെ ഓർമക്കെട്ടുകൾ ഓരോന്നായി അഴിച്ചുതുടങ്ങി. ബാല്യമാണ് പറഞ്ഞുതുടങ്ങിയത്. ചുക്കിച്ചുളിഞ്ഞതും ഒട്ടിയതുമായ കവിൾത്തടങ്ങൾ അൽപ്പമൊന്നു തുടുത്തുവോ…

അമ്മയും അച്ഛനുമൊക്കെ പണിക്ക് പോകുമായിരുന്നു. കായലിലും കുളത്തിലും നനച്ച തൊണ്ട് തല്ലി നാരെടുക്കലും കയറുപിരിക്കലുമൊക്കെയാണ് അന്നത്തെ പണി. ഞാനും ഓളുമൊന്നും സ്കൂളിൽ പോയിട്ടില്ല. ദിവസം പത്ത് പന്ത്രണ്ട് തേങ്ങയുടെ തൊണ്ട് തല്ലിയങ്ങനെ ഞങ്ങളും കയറുപിരിക്കാൻ പഠിച്ചു. എനിക്കന്ന് വയസ്സ് പത്തായിരുന്നു പ്രായമെന്ന് തോന്നുന്നു. കയറുപുരയിൽ ഒപ്പമിരിക്കുന്ന അനുജത്തി ചിരുതക്കുട്ടിയെ നോക്കി ഉറപ്പുവരുത്തി കാളി കഥ തുടർന്നു.

പട്ടിണി; കേരളം കരകയറിയ വഴി

കേരളത്തിന്റെ പരമ്പരാഗത കയര്‍ വ്യവസായത്തിന് ഒരു പ്രതാപകാലമുണ്ടായിരുന്നു. കഴിഞ്ഞുപോയ തലമുറകളിൽ തൊഴിൽ ദാരിദ്ര്യവും അരക്ഷിതാവസ്ഥയും നിറഞ്ഞ ഒരു ഇരുണ്ടകാലത്ത് സ്വർണ നാരുകൾ എന്നറിയപ്പെടുന്ന ചകിരി നാരുകൾ ജീവിതത്തിനു നിറം നൽകിയത് നിരവധി കുടുംബങ്ങൾക്കായിരുന്നു. തൊണ്ടു തല്ലി പട്ടിണി മാറ്റിയ ഒരു കാലമുണ്ടായിരുന്നു കേരളക്കരയാകെ. പതിറ്റാണ്ടുകള്‍ക്ക് മുന്നേ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗങ്ങളിലൊന്നുമായിരുന്നു ഇത്. പച്ചത്തൊണ്ട് കായലിലിട്ട് മാസങ്ങളോളം അഴുകിയ ശേഷം തൊഴിലാളികൾ തൊണ്ട് തല്ലി ചകിരിയാക്കുന്നത് തീരനാടുകളിലെ നിത്യക്കാഴ്ചയായിരുന്നു.

കേരള സംസ്ഥാന രൂപവത്കരണ വേളയില്‍ കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്‍ഷികേതര മേഖല കയര്‍ വ്യവസായമായിരുന്നു. കൃഷി കഴിഞ്ഞാല്‍ തീരപ്രദേശങ്ങളിലെ ജനങ്ങളുടെ ഏറ്റവും പ്രധാന ഉപജീവന മാർഗം കയര്‍പ്പണിയായിരുന്നു. പ്രത്യക്ഷമായും പരോക്ഷമായും അഞ്ചരലക്ഷത്തോളം പേർക്ക് ഉപജീവനമായിരുന്നു ഈ വ്യവസായം. കയര്‍ വട നിർമാണം കോഴിക്കോട് പ്രദേശത്തെ കേന്ദ്രീകരിച്ചാണ് അഭിവൃദ്ധിപ്പെട്ടതെങ്കില്‍ കയര്‍ നെയ്ത്ത് വ്യവസായം ആലപ്പുഴ പട്ടണത്തെ കേന്ദ്രീകരിച്ചാണ് വികസിച്ചത്. കയര്‍ വ്യവസായത്തിന്റെ നാഡീ കേന്ദ്രമാണ് ആലപ്പുഴ എന്നുതന്നെ പറയാം. കയര്‍പിരി വ്യവസായം കേരളത്തിലെ കായലോര പ്രദേശത്തുടനീളം പരന്നുകഴിഞ്ഞിരുന്നു അക്കാലത്ത്.

കയർ സഹകരണ സംഘങ്ങൾ

വടക്കേ മലബാറിലെ ബീഡി വ്യവസായം പോലെ കിഴക്കിന്റെ വെനീസെന്നറിയപ്പെട്ട ആലപ്പുഴയുടെ നനുത്ത മണ്ണിലും ഒരു പൊതു രാഷ്ട്രീയ ബോധം സൃഷ്ടിച്ചെടുക്കാൻ കയർ മേഖലക്ക് കഴിഞ്ഞിട്ടുണ്ടായിരുന്നു. “കയറുപിരിക്കും തൊഴിലാളിക്കൊരു കഥയുണ്ടുജ്ജ്വലസമരകഥ” എന്ന് വയലാർ പാടിയതും അതുകൊണ്ട് തന്നെയാണ്.
1968ലാണ് കയര്‍ സഹകരണ സംഘങ്ങള്‍ രൂപം കൊണ്ടത്. അന്നന്നത്തെ വരുമാനം കൊണ്ട് ജീവിക്കുന്നവരായിരുന്നു തീരദേശത്തുള്ളവർ. സമ്പാദ്യ ശീലം തീരെ കുറഞ്ഞവർ. ഇവർക്കിടയിലേക്കാണ് കൂട്ടായ്മയുടെ വലിയ സന്ദേശം പകർന്ന് സഹകരണ സംഘങ്ങളെത്തിയത്. അത് തൊഴിലാളികളെ ഒന്നിപ്പിച്ചു. അവർക്ക് നാളെയും ജീവിക്കാനുള്ള കരുതൽ വേണമെന്ന് ഓർമിപ്പിച്ചു. തൊഴിൽ നിലനിർത്താനുള്ള സാമ്പത്തിക സഹായം ഉറപ്പാക്കി. ഉത്പന്നങ്ങൾക്ക് വിലകിട്ടാൻ ഇടനിലക്കാരെ ഒഴിവാക്കി. വിപണി കണ്ടെത്താൻ വഴിയൊരുക്കി. ഇതൊക്കെ കയർ വ്യവസായ രംഗത്തെ സഹകരണ സംഘങ്ങളുടെ സംഭാവനയാണ്.

എന്നാൽ, 1980ന് ശേഷം കേരളത്തിലെ കയർ മേഖല കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും നാരുകൾ നെയ്തു തുടങ്ങിയിരുന്നു. വ്യവസായ മേഖലയിലെ യന്ത്രവത്കരണവും വൈവിധ്യവത്കരണവും ഉൾക്കൊള്ളാനാകാതെ തളർന്ന മേഖലയെ ഉപേക്ഷിച്ച് പരമ്പരാഗത തൊഴിലാളികളിൽ പലരും തൊഴിലുപേക്ഷിച്ചു. കാലത്തിന്റെ മാറ്റങ്ങളുൾക്കൊണ്ട് മാറാൻ സഹകരണ സംഘങ്ങൾക്ക് കഴിയാതെ പോയതായിരുന്നു അന്നത്തെ ആ തിരിച്ചടിക്ക് കാരണമായിരുന്നത്.
ഇന്ന് കേരളത്തിലെ പത്ത് പ്രോജക്ട് ഓഫീസുകൾക്ക് കീഴിലായി 1100 സംഘങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ. ഇതിൽ 583 സംഘങ്ങളാണ് നിലവിൽ പ്രവർത്തിക്കുന്നതായുള്ളത്. ഇതിനുപുറമെ 100 സംഘങ്ങൾ പുതിയതായി വന്നിട്ടുമുണ്ട്. എല്ലാ സംഘങ്ങളും യന്ത്രവത്കരിച്ച് പ്രോജക്ട് ഓഫീസുകൾ വഴി സംസ്ഥാനത്ത് കയർ വ്യവസായം ലാഭകരമാക്കാനുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത്.

തമിഴർ കെട്ടിപ്പൊക്കിയ കയർ കോട്ടകൾ

കേരളം പ്രതിസന്ധിയിൽ പകച്ചുപോയ സമയം മുതലാക്കി യന്ത്ര സഹായത്താൽ തമിഴന്മാർ മേഖലയിൽ പുതിയ ചുവടുറപ്പിച്ചു കഴിഞ്ഞിരുന്നു. കിട്ടുന്ന തൊണ്ടുകൾ മുഴുവനും യന്ത്രത്തിൽ തല്ലി ചകിരിയാക്കി അവർ നമുക്കു തന്നെ കയറ്റിയയച്ചു. അങ്ങനെ സ്വന്തമായി കയറുണ്ടാക്കിയ മലയാളികൾ അവസാനം തമിഴർ തല്ലിയ തൊണ്ട് വാങ്ങി കയർ പിരിക്കേണ്ട അവസ്ഥയിലായി.
എണ്‍പതിന്റെ മധ്യത്തോടെ കേരളത്തിൽ നിന്നുള്ള കയര്‍ യാണിന്റെ കയറ്റുമതി 70 ശതമാനമായി കുറഞ്ഞു. തൊണ്ണൂറുകളുടെ അവസാനത്തോടെ കയറ്റുമതി വീണ്ടും കൂടിത്തുടങ്ങി. എന്നാൽ രണ്ടായിരത്തിന് ശേഷം വീണ്ടും തമിഴ്നാട്ടില്‍ നിന്നുള്ള പച്ചത്തൊണ്ട് ഉപയോഗിച്ച് ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനില്‍ കയര്‍ പിരിക്കുന്നത് അതിവേഗത്തില്‍ വളരാന്‍ തുടങ്ങി. ഇന്ത്യയിലെ ആഭ്യന്തര കമ്പോളത്തിന്റെ നല്ല പങ്കും ഈ യന്ത്രപ്പിരി കയര്‍ പിടിച്ചടക്കി. അതോടെ കേരളത്തിലെ കയര്‍ത്തൊഴിലാളികള്‍ വലിയതോതില്‍ കശുവണ്ടി വ്യവസായത്തിലും മറ്റും പണിക്കു പോയിത്തുടങ്ങി.


കൈവെള്ളയിൽ നിന്നകലുന്ന സ്വർണനൂലുകൾ
കാളിയും ചിരുതക്കുട്ടിയും പത്മിനിയുമൊക്കെ പാണ്ടിപ്പാടത്തെ കയർ സംഘത്തിലെ മുതിർന്ന അംഗങ്ങളാണ്. ഇവരുൾപ്പെടെ പന്ത്രണ്ട് പേർ മാത്രമാണിപ്പോൾ പരമ്പരാഗത രീതിയിൽ കൈകൊണ്ട് കയർപിരിക്കുന്നവരായി ഇവിടെയുള്ളൂ. കടലുണ്ടി, കൊളത്തറ, ചാലിയം, കൊടല്‍ നടക്കാവ്, നല്ലളം, ഒളവണ്ണ, പെരുമുഖം എന്നിങ്ങനെ ജില്ലയില്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത് 103 സംഘങ്ങളായിരുന്നു. ഇതിൽ അറുപത് കയര്‍ വ്യവസായ കേന്ദ്രങ്ങളാണ് നിലവിൽ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലായി 2786 തൊഴിലാളികളാണ് പണിയെടുക്കുന്നത്.
കേരളത്തിൽ തന്നെ പരമ്പരാഗത രീതിയിൽ കയർ പിരിക്കുന്നവരുള്ളത് ഇന്ന് കോഴിക്കോട് മാത്രമാണ്. ഇത്തരത്തിൽ കയറുപിരിക്കുന്നവരിൽ പാണ്ടിപ്പാടത്തെ പന്ത്രണ്ടു പേരും കടലുണ്ടിയിലെ നാലുപേരും നല്ലളത്തെയും കൊയിലാണ്ടിയിലെയും പോലെ ചുരുക്കം ചിലയാളുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ആധുനിക മെഷീനുകളുടെ കടന്നു വരവോടെ കയറു പിരിക്കുന്നതിന് അധ്വാനം കുറവായെങ്കിലും ഈ മേഖലയിലേക്ക് പുതുതായി കടന്നുവരുന്നവര്‍ കുറഞ്ഞു.

വാർധക്യത്തിന്റെ അവശതകൾ മറന്ന് കൈയുപയോഗിച്ച് കയറുപിരിക്കുന്നവരിലെ അവസാന കണ്ണികളായ തൊഴിലാളികളെ സംരക്ഷിക്കാനായി കയർ ഡെവലപ്പ്മെന്റ് ബോർഡ് ശ്രമിക്കുന്നുമുണ്ട്. പൈതൃകമായി നിലനിൽക്കുന്ന ഇത്തരം തൊഴിൽ ചെയ്യുന്ന തൊഴിലാളികൾ ഒരു ദിവസം ചുരുങ്ങിയത് രണ്ട് കിലോ കയറെങ്കിലും നിർമിക്കുന്നുണ്ട്. ഈ കയറുകൾക്ക് കിലോക്ക് എഴുപത് രൂപയാണ് വില. ഇത്തരത്തിൽ നിർമിക്കുന്ന കയറിന് ഉറപ്പ് കൂടുതലാണ്.
രാജ്യമൊട്ടാകെ കയറിന്റെ പെരുമ പേറിയ കൊയിലാണ്ടി സഹകരണ സംഘമിപ്പോള്‍ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്. സംസ്ഥാനത്ത് സംഘങ്ങളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ജില്ലയാണ് കോഴിക്കോട്. ഇവിടെ കടലുണ്ടി കയര്‍ വ്യവസായ സംഘത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്നത്. 120 തോളം ആളുകള്‍ ഇവിടെ സംഘങ്ങളിലും വീടുകളിലുമായി ജോലി ചെയ്തു വരുന്നുണ്ട്. ഇവിടെ മെഷീന്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. തൊണ്ടടിക്കുന്നതിനും കയറു പിരിക്കുന്നതിനുമെല്ലാം മെഷീനുകളാണുള്ളത്. ഘട്ടം ഘട്ടമായി മൂന്നാളുകള്‍ വരെ തൊഴിലെടുത്തിരുന്ന കയർ നിർമാണത്തിന് മെഷീന്‍ വന്നതോടെ ജോലി ഒരാള്‍ക്ക് മാത്രമായി ചുരുങ്ങി. ഒരു ദിവസം 350 രൂപയാണ് ഒരു തൊഴിലാളിക്ക് കൂലി. എട്ട് മണിക്കൂറാണ് ജോലി സമയം. പരിചയസമ്പന്നനായ ഒരു തൊഴിലാളി ഒരു ദിവസം ജോലി ചെയ്താല്‍ കിട്ടുന്ന കയറിന്റെ തൂക്കം അഞ്ച് കിലോയാണ്. മെഷീനിലെ കയറിന് കിട്ടുക കിലോക്ക് 35 രൂപയാണ്.
ലോക്ക്ഡൗണായതോടെ തൊഴിലാളികള്‍ക്ക് വരുമാനവും നിലച്ചു. കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ പല സംഘങ്ങളില്‍ നിന്നും കയര്‍ഫെഡ് സാധനങ്ങള്‍ എടുക്കാതെയായി. നൂറ് ക്വിന്റലിനുമുകളില്‍ ഉത്പന്നങ്ങളാണ് പല സഹകരണ സംഘങ്ങളിലും കെട്ടിക്കിടക്കുന്നത്. അതോടെ തൊഴിലാളികള്‍ക്ക് അന്നുമുതലുള്ള കൂലിയും ലഭിക്കാതെയായി. ലോക്ക്ഡൗണില്‍ പകുതി തൊഴിലാളികളെ വെച്ച് തൊഴില്‍ശാലകള്‍ പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ പലതും വീണ്ടും ചലിച്ചു തുടങ്ങി. കയര്‍ ഉത്പന്നങ്ങള്‍ക്ക് ഉത്പാദനച്ചെലവിനനുസരിച്ച് വില ലഭിക്കാത്തതാണ് ഇപ്പോഴത്തെ പ്രധാന പ്രതിസന്ധി.

കേര നാട്ടിൽ തൊണ്ടിനും ക്ഷാമം?

ഒരു ദിവസം പതിനായിരത്തോളം പച്ചത്തൊണ്ടുകൾ യന്ത്രത്തിൽ അടിക്കാമെങ്കിലും നാലായിരത്തിനും മൂവായിരത്തിനും താഴെ മാത്രം തൊണ്ടാണ് സഹകരണ സംഘങ്ങള്‍ക്ക് പലപ്പോഴും ലഭിക്കുന്നത്. ആവശ്യമായ തൊണ്ട് അതതു പ്രദേശങ്ങളില്‍ നിന്നുതന്നെയാണ് എത്തിച്ചിരുന്നത്. എന്നാല്‍ തമിഴ്നാട്ടില്‍ നിന്ന് കൂടുതല്‍ വില കൊടുത്ത് തൊണ്ട് എടുക്കാന്‍ തുടങ്ങിയതോടെ പ്രാദേശികമായി തൊണ്ട് ലഭിച്ചിരുന്നതെല്ലാം നിലച്ചു. തേങ്ങയിടാൻ ആളെ കിട്ടാത്തതും പച്ചത്തൊണ്ടിന്റെ ലഭ്യത കുറച്ചു. മാത്രവുമല്ല പല സ്ഥലങ്ങളില്‍ നിന്നും പോയെടുക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ സംഘത്തിലെത്തിച്ചു തരുന്നവ മാത്രം ശേഖരിച്ചു പോന്നു. എന്നാല്‍ തമിഴ്നാട്ടില്‍ നിന്നും മറ്റും വലിയ വാഹനങ്ങളിലായി ഉള്‍പ്രദേശങ്ങളില്‍ വരെയെത്തി ചോദിക്കുന്ന നിരക്കിന് പച്ചയും ഉണങ്ങിയതുമെല്ലാം ശേഖരിക്കും. അതിനാല്‍ പ്രാദേശികമായി വീടുകളില്‍ നിന്നും കൊപ്ര സംഭരണ ശാലകളിൽനിന്നുമെല്ലാം ഉയര്‍ന്ന വിലക്ക് തമിഴ്നാടിന് തൊണ്ട് വില്‍ക്കാന്‍ തുടങ്ങി. തൊണ്ടില്‍ നിന്നുള്ള ചകിരിച്ചോറ് വില്‍പ്പനയിലൂടെ സംഘങ്ങള്‍ക്ക് ലഭിച്ചിരുന്ന ലാഭവും അതോടെ ഇല്ലാതായി. തൊണ്ടിന്റെ ലഭ്യതക്കുറവ് മൂലം തൊഴിലാളികള്‍ക്ക് ജോലിയുമില്ലാതാകുന്നതായി കടലുണ്ടി കയര്‍ വ്യവസായ സംഘം സെക്രട്ടറി അനിത പറയുന്നു.

കയറും സർക്കാറും

സംസ്ഥാനത്തെ കയര്‍ വ്യവസായത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നത് കയര്‍ വികസന ഡയറക്്ടറേറ്റാണ്. കേരള സംസ്ഥാന സഹകരണ കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (കയര്‍ ഫെഡ്), കേരള സംസ്ഥാന കയര്‍ കോർപറേഷന്‍ ലിമിറ്റഡ് (കെ എസ് സി സി), ഫോം മാറ്റിംഗ്‌സ് ഇന്ത്യ ലിമിറ്റഡ് (ഫോമില്‍), ദേശീയ കയര്‍ ഗവേഷണ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍ സി ആര്‍ എം ഐ), സെന്‍ട്രല്‍ കയര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കയര്‍ ബോര്‍ഡ് എന്നിവയാണ് കയര്‍ മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍. കേരളത്തിലെ കയര്‍ വ്യവസായത്തിന്റെ വികസനത്തിനും പ്രോത്സാഹനത്തിനുമായുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ സഹായം കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കയര്‍ ബോര്‍ഡ് വഴിയാണ് ലഭിക്കുന്നത്. സംസ്ഥാനത്തെ കയര്‍ വ്യവസായ മേഖലയില്‍ വ്യാപിച്ചു കിടക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങളുടെ അപ്പെക്‌സ് ഏജന്‍സിയാണ് കയര്‍ഫെഡ്. അംഗങ്ങളായുള്ള സഹകരണ സംഘങ്ങളില്‍ നിന്നും കയര്‍ ഉത്പന്നങ്ങള്‍ ശേഖരിക്കുകയും വിപണനം ചെയ്യുകയുമാണ് കയര്‍ ഫെഡിന്റെ പ്രധാന പ്രവര്‍ത്തനം. അമേരിക്ക, സ്‌പെയിന്‍, നെതര്‍ലാൻഡ്, ചൈന എന്നിവിടങ്ങളിലേക്കാണ് കയര്‍ പ്രധാനമായി കയറ്റുമതി ചെയ്യുന്നത്. കൊറോണയെ തുടര്‍ന്ന് കയറ്റുമതി സ്തംഭിച്ചിരിക്കുകയാണ്. വൈകാതെ കയറ്റുമതി പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.

തിരിച്ചുപിടിക്കാം, കയർ പെരുമ

പ്രകൃതിദത്തമായ ചകിരി നാരുകളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന കയര്‍ ഉത്പന്നങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തും ഒരേ പോലെ വിപണന സാധ്യതയുണ്ട്. കയര്‍ ഭൂവസ്ത്രം, കയര്‍ പായ, കാര്‍പെറ്റുകള്‍, കയര്‍ ടൈല്‍സ്, റബ്ബറൈസ്ഡ് കയര്‍ ഉത്പന്നങ്ങള്‍, പരവതാനികൾ, ചവിട്ടികള്‍, കയര്‍ തടുക്കുകൾ തുടങ്ങി വീട്, അപ്പാര്‍ട്ടുമെന്റുകള്‍, ഹോട്ടലുകള്‍ എന്നിവക്കാവശ്യമായ ആഡംബര ഉത്പന്നങ്ങള്‍ നിർമിക്കാന്‍ ഉപയോഗിക്കുന്നതടക്കം വാണിജ്യ മേഖലയിലും കയറിന് ഏറെ ഉപയോഗമുണ്ട്. പ്രകൃത്യായുള്ള തിളക്കം, ദൃഢത, ഈര്‍പ്പം നിലനിര്‍ത്താനുള്ള കഴിവ് എന്നിവ കയറിന്റെ സവിശേഷതകളാണ്. അതിനാല്‍ തന്നെ പ്രതിദിനം ആവശ്യക്കാരും ഏറിവരുന്നു. ഈ സാഹചര്യത്തെ ഫലപ്രദമായി ഉപയോഗിച്ച് കേരളത്തിലെ കയര്‍ വ്യവസായത്തെ പരിപോഷിപ്പിക്കാന്‍ സര്‍ക്കാറിനു കഴിയുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.

.

കോഴിക്കോട്

---- facebook comment plugin here -----

Latest