Connect with us

Religion

മരം നടുക, അന്ത്യനാളിലും

Published

|

Last Updated

വീണ്ടുമൊരു പരിസ്ഥിതി ദിനം. പാരിസ്ഥിതിക പ്രശ്നങ്ങളെ സംബന്ധിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കുന്നതിനും അത് പരിഹരിക്കുന്നതിനുള്ള കർമ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും വേണ്ടി 1972ലാണ് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചത്. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പ്രധാനമായും പരിസ്ഥിതി ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
ദിനേന അന്തരീക്ഷത്തിലെത്തുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡ്, മീഥേന്‍, നൈട്രസ് ഓക്‌സൈഡ്, ക്ലോറോ ഫ്‌ലൂറോ കാര്‍ബണുകള്‍ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോണ്‍ പാളികളുടെ തകര്‍ച്ചക്കു കാരണമാകുകയും തന്മൂലം ആഗോളതാപനമുണ്ടാകുകയും ചെയ്യുന്നു. ഇത്തരം ഗ്രീൻ ഹൗസ് വാതകങ്ങൾ പരമാവധി കുറക്കാനുള്ള ശേഷി കൈവരിക്കൽ ഈ ദിനത്തിന്റെ പ്രധാന ഉദ്ദേശ്യമാണ്. വൃക്ഷങ്ങളും കാടുകളും ഇല്ലാതായും നദികളും പുഴകളും അരുവികളും മലിനമായും ജലസ്രോതസ്സുകൾ വറ്റിവരണ്ടും പ്രപഞ്ചാവസാനം വരെയുള്ള സര്‍വചരാചരങ്ങള്‍ക്കും വേണ്ടി സൃഷ്‌ടിക്കപ്പെട്ട വിഭവങ്ങളും സംവിധാനങ്ങളും നഷ്ടമാകുമ്പോൾ അവ സംരക്ഷിക്കൽ ഏതൊരാൾക്കും ബാധ്യതയുണ്ടെന്ന മഹത്തായ സന്ദേശമാണ് പരിസ്ഥിതി ദിനം നൽകുന്നത്.

പരിസ്ഥിതിയെ സംരക്ഷിക്കുന്നതിൽ മണ്ണിന്റെ പങ്ക് വലുതാണ്. കാരണം, ഭൂമിയുടെ പുതപ്പാണ് മണ്ണ്. സസ്യങ്ങളും ജീവികളും നിലനില്‍ക്കുന്നതിന് മണ്ണ് അനിവാര്യമാണ്. മണ്ണ് നന്നാകുമ്പോഴാണ് മികച്ച വിളവ് ലഭിക്കുന്നതും. ഫലഭൂയിഷ്ടമായ മണ്ണിൽ വിളകളുണ്ടാകുമ്പോഴാണ് ഭക്ഷ്യസുരക്ഷ കൈവരുന്നത്. മണ്ണിന്റെ പ്രാധാന്യം അത്ര വലുതായതുകൊണ്ടാണ് എല്ലാ രാജ്യങ്ങളുടെയും ഭരണഘടനയിലും ഉടമ്പടികളിലും മണ്ണിനെയും പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനുള്ള കൃത്യമായ നിയമങ്ങൾ എഴുതിച്ചേർത്തത്.

മരങ്ങള്‍ മുറിച്ചും മലകള്‍ ഇടിച്ചും ജലം സമൃദ്ധമായി തരുന്ന തോടുകളും പുഴകളും തടാകങ്ങളും മണ്ണിട്ട് നിരത്തിയും കൃഷിപാടങ്ങൾ നശിപ്പിച്ചുമുള്ള പുരോഗതിയാണ് ഇന്ന് നടക്കുന്നതിലധികവും. ഇത്തരം വികസനം പ്രകൃതിയെയും പരിസ്ഥിതിയെയും കൃഷിയിടങ്ങളെയും എന്നെന്നേക്കുമായി ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. പ്രകൃതിയുടെ മതമായ ഇസ്‌ലാം പ്രകൃതിയെ ചേർത്തുപിടിച്ചും പരിസ്ഥിതിയെ സംരക്ഷിച്ചുമുള്ള വികസനവും പുരോഗതിയുമാണ് വിഭാവനം ചെയ്യുന്നത്. ഇസ്്ലാമിന്റെ അനുശാസനകളെല്ലാം പ്രകൃതിക്ക് നിരക്കുന്നതും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതുമാണ്. ഒരു പുല്‍ക്കൊടി പോലും അനാവശ്യമായി വെട്ടിനശിപ്പിക്കരുതെന്നും ഒരു കുഞ്ഞുറുമ്പ് പോലും ഉപദ്രവിക്കപ്പെടരുതെന്നും ഇസ്്ലാം സമൂഹത്തെ പഠിപ്പിക്കുന്നു. ചുരുക്കത്തിൽപ്രകൃതിയില്‍ നിന്ന് ഇസ്്ലാമിനെയോ ഇസ്്ലാമില്‍ നിന്ന് പ്രകൃതിയെയോ വേര്‍തിരിച്ചു നിര്‍ത്താന്‍ സാധ്യമല്ല. അത്രമേൽ പരസ്പര പൂരകങ്ങളാണവരണ്ടും. മനുഷ്യരാശിക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത പ്രകൃതിയിലെ അമൂല്യമായ ജലത്തെ സംരക്ഷിക്കുന്നതിന് ഇസ്്ലാമിലുള്ള കണിഷതപോലെ വേറെ മതങ്ങളിലോ പ്രത്യയശാസ്ത്രങ്ങളിലോ ഇല്ല. ജീവന്റെ തുടിപ്പായ ജലം മലിനമാക്കരുതെന്നും ജലസംഭരണികൾ നശിപ്പിക്കരുതെന്നും അത്തരക്കാരെ ശിക്ഷിക്കണമെന്നുമാണ് ഇസ് ലാമിന്റെ കാഴ്ചപ്പാട്. സുലഭമായൊഴുകുന്ന തണ്ണീർത്തടങ്ങളിൽ പോലും മിതവ്യയം പാലിക്കണമെന്ന് ഇസ് ലാം പറയുന്നു. “നിറഞ്ഞൊഴുകുന്ന നദീമുഖത്ത് നിന്ന് അംഗസ്നാനം ചെയ്യുകയാണെങ്കില്‍ പോലും അമിതവ്യയം അരുത്” (അബൂദാവൂദ്).

തരിശുനിലങ്ങളെ കൃഷി യുക്തമാക്കണമെന്നും പോർക്കളത്തിലെ വൈകാരിക നിമിഷങ്ങളിൽ പോലും സമൃദ്ധമായ വൃക്ഷങ്ങളെ വെട്ടിനശിപ്പിക്കരുതെന്നും ഇസ്്ലാമിന്റെ പ്രകൃതിശാസ്ത്രം പറയുന്നു. മരസംരക്ഷണം മഹത്തായ ഒരാരാധനയായിട്ടാണ് മതം പരിചയപ്പെടുത്തുന്നത്. നബി(സ) പറഞ്ഞു: “ഏതൊരു മുസ്്ലിമാകട്ടെ, ഒരു വൃക്ഷം നട്ടുപിടിപ്പിക്കുകയും അതില്‍ നിന്ന് എന്തെങ്കിലും (ആരെങ്കിലും) ഭക്ഷിക്കുകയും ചെയ്താല്‍ അതവന് സ്വദഖ (ദാനധർമം) ആകാതിരിക്കില്ല. അതില്‍ നിന്നെന്തെങ്കിലും മോഷ്ടിക്കപ്പെട്ടാല്‍ അതും സ്വദഖയാണ്. അതില്‍ നിന്ന് മൃഗങ്ങള്‍ ഭക്ഷിച്ചാല്‍ അതും സ്വദഖയാണ്. അതില്‍ നിന്ന് പക്ഷികള്‍ ഭക്ഷിച്ചാലും ആരെന്തെടുത്താലും അതും സ്വദഖയാണ്, അന്ത്യനാള്‍ സംഭവിക്കുന്നത് വരെ” (മുസ്്ലിം).

തനിക്കു ശേഷം പ്രളയമെന്ന നിലപാട് വിശ്വാസികൾക്ക് ഭൂഷണമല്ല. അനസ്ബ്നു മാലിക്(റ) നിവേദനം ചെയ്യുന്ന ഹദീസ് എത്ര ശ്രദ്ധേയം. നബി (സ) പറഞ്ഞു : “അന്ത്യനാള്‍ ആസന്നമായിരിക്കെ നിങ്ങളിലാരുടെയെങ്കിലും കൈവശം വൃക്ഷത്തൈ ഉണ്ടെങ്കില്‍ സാധിക്കുമെങ്കിൽ നിങ്ങളത് നടുവിന്‍” (അഹ്്മദ്).

രണ്ടാം ഖലീഫ ഉമര്‍(റ) മരങ്ങള്‍ നട്ടുവളര്‍ത്താന്‍ ജനങ്ങളോട് നിർദേശിക്കുകയും അതിനു വേണ്ടി മുന്നിട്ടിറങ്ങുകയും ചെയ്തിരുന്നു. ഉമാറതു ബിന്‍ ഖുസൈമ(റ)വില്‍ നിന്ന് നിവേദനം: ഖലീഫ ഉമര്‍(റ) എന്റെ പിതാവിനോട് ചോദിച്ചു: ‘സ്വന്തം ഭൂമിയില്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന് എന്താണ് താങ്കൾക്ക് തടസ്സം? അദ്ദേഹം പറഞ്ഞു: “എനിക്ക് പ്രായമായി, മരണത്തെ കാത്ത് കഴിയുകയാണ് ഞാൻ, ഇനിയിപ്പോൾ മരം നടുകയോ? അപ്പോൾ ഉമർ (റ) പറഞ്ഞു: “അവിടെ മരം നടാൻ താങ്കളെ ഞാൻ സഹായിക്കാം.” അങ്ങനെ മഹാനായ ഉമർ(റ)വും എന്റെ ഉപ്പയും കൂടി അവിടെ മരങ്ങൾ നടുന്നത് ഞാൻ കണ്ടു (ജാമിഉൽ കബീർ)
തണൽമരങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിരവധി നിർദേശങ്ങൾ നബിവചനങ്ങളിലുണ്ട്. ഒരു സത്യവിശ്വാസിക്ക്‌ മരണ ശേഷം പ്രതിഫലം ലഭിക്കുന്ന ഏഴ് സുപ്രധാന സത്്കർമങ്ങളുടെ കൂട്ടത്തിൽ മരം നടലുണ്ട്. വഴിയോരത്തെ തണല്‍മരം വെട്ടിമുറിക്കല്‍ ദാരിദ്ര്യമുണ്ടാക്കുമെന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.

പരിസ്ഥിതി സംരക്ഷണത്തിൽ ശുചിത്വത്തിന് വലിയ പങ്കുണ്ട്. വിശ്വാസി ശുചിത്വബോധമുള്ളവനാകണം. വൃത്തി ഇസ്‌ലാമിന്റെ മുഖമുദ്രയാണ്. അത് വിശ്വാസത്തിന്റെ പാതിയുമാണ് (മുസ്്ലിം). വാസസ്ഥലം, അന്തരീക്ഷം, ജലം, ഭക്ഷണം, പാനീയം, വസ്ത്രം, ശരീരം എന്നിവയെല്ലാം അതിന്റെ പരിധിയിൽ പെടുന്നു. പരിസര മലിനീകരണം പാടില്ല എന്ന പോലെ ശബ്ദമലിനീകരണവുമരുത് എന്ന് ഇസ്‌ലാമിക അധ്യാപനങ്ങളിലുണ്ട്. ലുഖ്മാനുൽ ഹകീം(റ) തന്റെ പ്രിയപുത്രന് നൽകിയ പ്രധാന പത്ത് ഉപദേശങ്ങളിൽ അത് കാണാം. “നിന്റെ ശബ്ദം നീ നിയന്ത്രിക്കണം”. (ലുഖ്മാൻ :19),
ഖുര്‍ആനികാധ്യായങ്ങളുടെ നാമങ്ങളില്‍ പോലും പാരിസ്ഥിതിക ബന്ധം വ്യക്തമാണ്. മരം എന്ന പദം ഇരുപത്തിയഞ്ചിലധികം തവണ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വിവിധയിനം ജീവികൾ, സസ്യലതാദികൾ, പ്രകൃതി വിഭവങ്ങൾ, പ്രകൃതി പ്രതിഭാസങ്ങൾ, കാലവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങിയവ ഖുർആൻ ആഴത്തിൽ ചർച്ച ചെയ്യുന്നുണ്ട്.
പ്രകൃതിയോടുള്ള ഇഷ്ടം തിരിച്ചുപിടിക്കുന്നതിനും കാർഷികരംഗം സജീവമാക്കുന്നതിനും പരിസ്ഥിതി പരിപാലനം സംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റുന്നതിനും പ്രായോഗിക കർമപദ്ധതികൾ രൂപപ്പെടുത്തേണ്ടതുണ്ട്.

പരിസ്ഥിതി ദിനത്തിൽ ലക്ഷക്കണക്കിന് വൃക്ഷത്തൈകൾ ഓരോ വർഷവും സർക്കാറും സന്നദ്ധ സംഘടനകളും നട്ടുപിടിപ്പിക്കുന്നു. പക്ഷേ, നടുന്നതിന്റെ വാർത്തകൾ മീഡിയകളിൽ നിറഞ്ഞ് കവിയുന്നുവെന്നല്ലാതെ അത് സംരക്ഷിക്കുന്നതിനുള്ള തുടർ നടപടികൾ കുറവാണ്. കേവല വാർത്തകൾക്കു വേണ്ടിയുള്ള ഒരു ചടങ്ങായിട്ടാണ് പലരും ഈ ദിനത്തെ കാണുന്നത്. തത്്കാലം ഒരു മരം നട്ട് കൈകഴുകാന്‍ സാധിക്കുന്നതല്ല പരിസ്ഥിതിയോടുള്ള മനുഷ്യന്റെ കടപ്പാട്. ലോകാവസാനം വരെയുള്ള ഭൂമിയിലെ സര്‍വചരാചരങ്ങള്‍ക്കും വേണ്ടി പ്രപഞ്ചനാഥൻ സൃഷ്ടിച്ച പ്രകൃതിവിഭവങ്ങളായ വായു, വെള്ളം, വെളിച്ചം, മണ്ണ് തുടങ്ങിയവ സംരക്ഷിക്കലും കാർഷിക രംഗം സജീവമാക്കലും നാമോരോരുത്തര്‍ക്കും ബാധ്യതയുണ്ട്.

Latest