Connect with us

Kerala

കേരളം ആഘോഷിച്ച മന്ത്രിക്കല്ല്യാണം

Published

|

Last Updated

ആലപ്പുഴ | കമ്മ്യൂണിസ്റ്റ് നേതാക്കളായ കെ ആര്‍ ഗൗരിയുടേയും ടി വി തോമസിന്റെയും പ്രണയവും വിവാഹവും കേരള രാഷ്ട്രീയ ചരിത്രത്തില്‍ അത്രമേല്‍ ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു. ആദ്യ മന്ത്രിസഭയിലെ രണ്ട് അംഗങ്ങള്‍ തമ്മിലുള്ള പ്രണയം ഒടുവില്‍ പാര്‍ട്ടി മുന്‍കൈ എടുത്ത് നടത്തിയ കല്ല്യാണം. ആദ്യ മന്ത്രിസഭ അധികാരത്തിലെത്തിയ അതേ വര്‍ഷമായിരുന്നു ഇരുവരുടേയും വിവാഹം. കേരളത്തിലെ ആദ്യ വനിതാ മന്ത്രിയുടെ വിവാഹം ഔദ്യോഗിക വസതിയായ സാനഡുവില്‍ വലിയ ആഘോഷമായാണ് നടന്നത്. മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാട് എടുത്ത് കൊടുത്ത താലി ചാര്‍ത്തിയാണ് കെ ആര്‍ ഗൗരിയമ്മയും ടി വി തോമസും ദാമ്പത്യം ആരംഭിച്ചത്. വൈകീട്ട് പൊതുജനങ്ങള്‍ക്ക് നവദമ്പതികള്‍ വക വിരുന്നുമൊരുക്കിയിരുന്നു.

രണ്ട് കാറില്‍ സെക്രട്ടേറിയറ്റിലേക്ക് യാത്രയാകുന്ന കെ ആര്‍ ഗൗരിയും ടി വിയും ഉച്ചക്ക് ഉണ്ണാന്‍ ഒരുമിച്ചെത്തും. അടുക്കളയുടെ ഉത്തരവാദിത്തം ഗൗരിയമ്മ ഏറ്റെടുത്തിരുന്നു. സഖാവിനൊപ്പം സഖിയുമായപ്പോള്‍ ഇരുവര്‍ക്കുമിടയിലുണ്ടായിരുന്ന ഊഷ്മളമായ സ്‌നേഹ ബന്ധം പതിറ്റാണ്ടുകള്‍ക്കിപ്പുറവും പേരറായാത്ത ആരോ പകര്‍ത്തിയ ദൃശ്യങ്ങളായി അടുത്ത ദിവസങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി പറഞ്ഞപ്പോള്‍ ഒന്നിച്ചവര്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ വേര്‍പിരിയേണ്ടിവന്നതും ചരിത്രം. 1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഗൗരിയമ്മ സി പി എമ്മിനൊപ്പവും ടി വി തോമസ് സി പി ഐയിലും ഉറച്ച് നിന്നു.

“1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഞങ്ങള്‍ രണ്ട് ചേരിയിലായെങ്കിലും ഞാന്‍ പാര്‍ട്ടിയില്‍ നിന്നും അവധിയെടുത്ത് ചാത്തനാട്ടെ വീട്ടില്‍ ഒന്നിച്ചു താമസിച്ചു. വീട്ടില്‍ പാര്‍ട്ടിക്കാര്‍ ആരും വരരുതെന്നും ടി വിക്ക് പ്രവര്‍ത്തനം വീടിനു പുറത്തു നടത്താമെന്നും തീരുമാനിച്ചു. ജീവിതം ഏറെക്കാലത്തിനു ശേഷം ശാന്തമായ പോലെ അക്കാലത്ത് ടി വി എനിക്ക് ഒരു കശ്മീരി പട്ടുസാരി വാങ്ങിത്തന്നു. ജീവിതത്തില്‍ ആദ്യമായി തരുന്ന സാരിയാണ്ത്. അതു ഞാന്‍ ഇന്നും സൂക്ഷിച്ചിട്ടുണ്ട്”” എന്ന് ഗൗരിയമ്മ ഓര്‍ത്തെടുത്തിരുന്നു.

1967 മുതല്‍ ടിവി തോമസ് വിടപറഞ്ഞ 77 വരെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നു എന്ന് ഓര്‍മ്മിക്കുമ്പോഴും ആശയപരമായി വേര്‍പിരിഞ്ഞ ശേഷവും ഊഷ്മളമായ സ്‌നേഹ ബന്ധം മനസില്‍ നിന്ന് മാഞ്ഞിരുന്നില്ലെന്ന് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട് ഗൗരിയമ്മ. അര്‍ബുദ ബാധിതനായി അപ്പോളോയില്‍ ചികിത്സയിലായിരുന്ന അവസാന നാളുകളില്‍ അടക്കം ടിവ ി തോമസിന് കൂട്ടായി ഗൗരിയമ്മ ഉണ്ടായിരുന്നു . ടി വി തോമസ് രോഗബാധിതനായിരുന്ന നാളുകളില്‍ കത്തോലിക്കാ സഭാ വിശ്വാസമനുസരിച്ചു കുമ്പസാരിച്ചു കുര്‍ബാന സ്വീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി ഈശോസഭാ വൈദികനായ ഫാ. എ.അടപ്പൂരിന്റെ പിന്നീടുണ്ടായ വെളിപ്പെടുത്തലിനെ ശക്തിയുക്തം എതിര്‍ക്കുകയും ചെയ്തു ഗൗരിയമ്മ. 1977 ല്‍ ടി വി മരിച്ചു. എന്നാല്‍ അവസാനകാലം വരെ ചെലവിട്ട ചാത്തനാത്തെ വീട്ടിലെ സ്വീകരണ മുറിയില്‍ കല്യാണ ഫോട്ടോ എന്നും പ്രതാപത്തോടെ ഇടം പിടിച്ചിരുന്നു.

Latest