Kerala
ചരിത്രം മാറ്റിമറിച്ച ബില്ലുകളില്‍ കൈയൊപ്പ് ചാര്‍ത്തിയ വിപ്ലവ നായിക

ആലപ്പുഴ | കേരം തിങ്ങും കേരള നാടില്‍ കെ ആര്‍ ഗൗരി ഭരിച്ചീടും. ഒരുകാലത്ത് കേരളത്തിന്റെ തെരുവോരങ്ങളില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യമായിരുന്നു. കേരളത്തിന്റെ ജനമനുസ്സുകളില്‍ അത്രമാത്രം സ്വാധീനിച്ച ഒരു വനിതാ രാഷ്ട്രീയ നേതാവ് വേറെയില്ല. തന്റേടത്തിന്റെ ആള്‍രൂപമായിരുന്നു ഗൗരിയമ്മ. ആലപ്പുഴയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ശ്രദ്ധേയമായ വ്യക്തിത്വം. അസാധ്യമായത് സാധ്യമാക്കാനുള്ള ഇച്ഛാശക്തി ഇതെല്ലാമായിരുന്നു ഗൗരി. ഇപ്പോള്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ പുരുഷ മേധാവിത്വ നിലപാടുള്ള ഒരു കാലഘട്ടത്തില്‍ അധികാരത്തിലേക്ക് നടന്നുകയറിയ വനിതയായിരുന്നു ഗൗരി.
ആധുനിക കേരളം കെട്ടിപ്പെടുക്കുന്നതില്‍ ഗൗരിയമ്മയുടെ സംഭാവന ആര്‍ക്കും വിസ്മരിക്കാനാകില്ല. ചരിത്ര പ്രസിദ്ധമായ ഭൂപരിഷ്‌കരണ നിയമം, 1958 ലെ സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ നിയമം എന്നിവ സഭയില്‍ അവതരിപ്പിച്ചതും നടപ്പിലാക്കിയതും 1957ലെ ആദ്യ മന്ത്രിസഭയില്‍ റവന്യൂ മന്ത്രി എന്ന നിലയില്‍ ഗൗരിയമ്മയായിരുന്നു.
1952-53, 1954-56 വര്‍ഷങ്ങളില്‍ തിരുവിതാംകൂര്‍-കൊച്ചി നിയമസഭകളിലും ഒന്നു മുതല്‍ പതിനൊന്നുവരെ എല്ലാ കേരള നിയമസഭകളിലും അംഗമായിരുന്നു. (അഞ്ചാം നിയമസഭ ഒഴികെ).1957, 1967,1980,1987 വര്‍ഷങ്ങളില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭകളിലും 2001ലെ എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളിലും അംഗമായിരുന്നു.1957, 1960 കേരള നിയമസഭകളില്‍ ചേര്‍ത്തലയില്‍ നിന്നും 1965 മുതല്‍ 1977 വരെയും 1980 മുതല്‍ 2006 വരെയും അരൂരില്‍ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.