Connect with us

Articles

ലവ് ജിഹാദും നിഗൂഢമായ രാഷ്ട്രീയ ചരടുകളും

Published

|

Last Updated

മതവും ജാതിയും കെട്ടുപിണഞ്ഞ പ്രണയവും വിവാഹങ്ങളും പലപ്പോഴും രക്തച്ചൊരിച്ചിലുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. രാജഭരണ കാലഘട്ടങ്ങളോളം അതിനു പഴക്കവുമുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ചെറുതും വലുതുമായ കലാപങ്ങള്‍ക്ക് വ്യത്യസ്ത മതസ്തരുടെ പ്രണയം ഹേതുവായിരുന്നു. 2013ലെ മുസഫര്‍ നഗര്‍ വര്‍ഗീയ കലാപം ഇതില്‍ ഏറ്റവും അവസാനത്തെ അധ്യായമാണ്. ആയുധമേന്തിയ മ്യാന്മര്‍ ബുദ്ധഭിക്ഷു എന്നു വിളിക്കുന്ന തത്മദേവ് റോഹിംഗ്യന്‍ ഉന്മൂലനത്തിനു ചമച്ച ആഖ്യായികകളിലൊന്ന് അവര്‍ പ്രണയത്തിനും മിശ്രവിവാഹത്തിനും തുനിയുന്നുവെന്നായിരുന്നു.

ഇന്ത്യയില്‍ നടന്ന എല്ലാ വര്‍ഗീയ കലാപങ്ങള്‍ക്കും രാഷ്ട്രീയവും സാമ്പത്തികവുമായ മാനങ്ങളുണ്ട്. എന്നാല്‍ രാഷ്ട്രീയ ഗുണഭോക്താക്കള്‍ എന്നും ഒരേ ഗണത്തില്‍ പെടുന്നവരാണ്. പ്രണയ ലഹളകളും വിദ്വേഷവും വല്ലപ്പോഴും വീണുകിട്ടുന്ന ഒരു വിഷയത്തിനപ്പുറം സ്ഥായിയായി നിലനില്‍ക്കേണ്ടത് ഇതിന്റെ ഗുണഭോക്താക്കളുടെ പ്രധാന ആവശ്യമായിരുന്നു. അത് ലക്ഷ്യം വെച്ച് കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലം നിരന്തരമായ വെറുപ്പിന്റെ പ്രചാരണം അരങ്ങേറി. അതു വഴി ഇന്ത്യയിലെ തീവ്ര വര്‍ഗീയ വലതുപക്ഷം രൂപപ്പെടുത്തിയ പദമാണ് ലവ് ജിഹാദ്.
സനന്‍ത പ്രഭാത്, ഹിന്ദു ജനജാഗ്രത സമിതി തുടങ്ങിയവരിലൂടെയാണ് 2009ല്‍ രാജ്യം ആദ്യമായി ലവ് ജിഹാദ് എന്ന പദം കേള്‍ക്കുന്നത്. അതേ വര്‍ഷം തന്നെ കര്‍ണാടകയിലും കേരളത്തിലും അതൊരു നിയമ പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമങ്ങളുണ്ടായി.

കര്‍ണാടകയില്‍ യുവതികളെ ബോധപൂര്‍വം മതം മാറ്റുന്നുവെന്ന കേസ് കര്‍ണാടക ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷിച്ചു. കേസ് വ്യാജമെന്ന് കണ്ടെത്തി അന്വേഷണം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് 2010ല്‍ കര്‍ണാടക ഹൈക്കോടതി, കേസ് ഒരു പ്രത്യേക സമുദായത്തെ അപകീര്‍ത്തിപ്പെടുത്താനാണെന്ന് നിരീക്ഷിക്കുകയും ചെയ്തു. 2009ല്‍ കേരള ഡി ജി പിയായിരുന്ന ജേക്കബ് പുന്നൂസ്, ലവ് ജിഹാദ് എന്നത് കേരളത്തിലില്ലയെന്നും കെട്ടിച്ചമച്ചതാണെന്നും പരസ്യമായി പ്രഖ്യാപിച്ചു. എന്നാല്‍ തത്പര കക്ഷികള്‍ പോസ്റ്റര്‍ പ്രചാരണവും വ്യാജ തെളിവുകളുമായി വീണ്ടും കളം നിറഞ്ഞു. തുടര്‍ന്ന് കേരളത്തിലെ ലവ് ജിഹാദ് കഥകള്‍ ദുഷ്ടലാക്കോടെയുള്ളതാണെന്ന് 2012ല്‍ തുടരന്വേഷണത്തിനൊടുവില്‍ കേരള പോലീസ് പരസ്യമായി പ്രഖ്യാപിച്ചു.
പോലീസും കോടതികളും തുടര്‍ച്ചയായി തള്ളിക്കളയുമ്പോഴും ധ്രുവീകരണം ലാക്കാക്കിയ ഹീന പ്രചാരകര്‍ വെറുതെയിരുന്നില്ല. യു പിയിലുടനീളം ലവ് ജിഹാദ് എന്ന തെറ്റിദ്ധാരണ വ്യാപകമായി പ്രചരിപ്പിച്ചു തുടങ്ങി. 2013ലെ മുസഫര്‍ നഗര്‍ കലാപത്തോടെ ബി ജെ പിയും സംഘ്പരിവാരവും നേരിട്ട് പ്രചാരണത്തിന്റെ നേതൃസ്ഥാനമേറ്റെടുത്തു. അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശാനുസരണം യു പി പോലീസിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് ലവ് ജിഹാദ് ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയുക്തരായി. 2014ല്‍ യു പി പോലീസ് മേധാവിയായിരുന്ന എ എല്‍ ബാനര്‍ജി ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും ലവ് ജിഹാദ് കെട്ടുകഥയാണെന്നും പരസ്യമായി പത്രക്കുറിപ്പിറക്കി.

എന്നാല്‍ ലവ് ജിഹാദ് എന്ന വജ്രായുധം കനത്ത പ്രഹര ശേഷിയുള്ളതാണെന്ന് 2014ലെ യു പി ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ സംഘ്പരിവാറിന് ബോധ്യം വന്നു. കൂടുതല്‍ ഫലപ്രദമായി അത് പ്രയോഗിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുണ്ടായി. വിദേശ ഫണ്ടിംഗും ഭീകര ക്യാമ്പുകളിലേക്കുള്ള കടത്തിക്കൊണ്ടുപോകലുമടക്കമുള്ള ഉപകഥകള്‍ അതുവഴി കൂട്ടിച്ചേര്‍ക്കപ്പെട്ടു. രാജ്യത്തെ ഗോഡി മീഡിയകളും സാമൂഹിക മാധ്യമങ്ങളും വിഷലിപ്തമായ പ്രചാരണത്തിന്റെ പതാക വാഹകരായി. കൃത്യമായ ഫലം ഉത്തര്‍ പ്രദേശില്‍ നിന്ന് തന്നെ വൈകാതെ ലഭിച്ചു. 2017 മാര്‍ച്ചില്‍ 403 അംഗ യു പി നിയമസഭയില്‍ 322 സീറ്റുമായി യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
2017ല്‍ കേരളത്തിലെ ഹാദിയ കേസ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ഹാദിയയായി മാറിയ അഖിലയുടെ പിതാവ് അശോകന്‍ തന്റെ മകളുടെ വിവാഹം അസാധുവാക്കണമെന്ന അപേക്ഷയുമായി കേരള ഹൈക്കോടതിയെ സമീപിച്ചു. ലവ് ജിഹാദുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളായിരുന്നു കാരണമായി ചൂണ്ടിക്കാട്ടിയത്. കേരള ഹൈക്കോടതി വിവാഹം അസാധുവാക്കിയതിനെ തുടര്‍ന്ന് വരന്‍ സുപ്രീം കോടതിയെ സമീപിച്ചു. വിവാഹത്തിലെ ലവ് ജിഹാദും തീവ്രവാദ ബന്ധങ്ങളുമന്വേഷിക്കാന്‍ സുപ്രീം കോടതി എന്‍ ഐ എയെ ചുമതലപ്പെടുത്തി. ഹാദിയ കേസിനു സമാനമായ 11 കേസുകള്‍ കൂടി എന്‍ ഐ എ പരിശോധിക്കുകയുണ്ടായി. ഒന്നില്‍ പോലും അസ്വാഭാവികത കണ്ടെത്തിയില്ല. എന്‍ ഐ എ റിപ്പോര്‍ട്ട് പരിഗണിച്ച് ദുരാരോപണങ്ങള്‍ തള്ളിക്കളഞ്ഞ സുപ്രീം കോടതി വിവാഹം സാധുവാക്കി ദമ്പതികള്‍ക്ക് ഒരുമിച്ച് കഴിയാനുള്ള അനുമതി നല്‍കി. അതോടെ ആ അധ്യായവും അവസാനിച്ചു.

2020 ഫെബ്രുവരി നാലിന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍ ലോക്‌സഭയില്‍ ചോദ്യമുന്നയിക്കുകയുണ്ടായി. ലവ് ജിഹാദിനെ കുറിച്ചുള്ള യാഥാര്‍ഥ്യവും ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിന്റെ പക്കലുള്ള വിവരങ്ങളുമായിരുന്നു ആരാഞ്ഞത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡി നല്‍കിയ മറുപടി ഇന്ത്യയിലെവിടെയും ലവ് ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലയെന്നും പ്രണയ വിവാഹങ്ങള്‍ക്ക് അതുമായി ബന്ധമില്ലയെന്നുമായിരുന്നു.
ലവ് ജിഹാദ് എന്നത് ഒരു നുണ ബോംബാണെന്ന് ആധികാരിക പരമോന്നത കേന്ദ്രങ്ങള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുമ്പോഴും അതിന് പുതിയ ആരാധകരും പിന്തുണക്കാരുമൊക്കെ വന്നുകൊണ്ടേയിരിക്കുന്നു. സുപ്രീം കോടതിയും കേരള, കര്‍ണാടക, അലഹബാദ് ഹൈക്കോടതികളും എന്‍ ഐ എയും കേരള, കര്‍ണാടക, യു പി പോലീസ് നേതൃത്വവും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അടിസ്ഥാന രഹിതമെന്ന് ഒരേ സ്വരത്തില്‍ വിശേഷിപ്പിച്ച ലവ് ജിഹാദ് ആരോപണത്തെ പിന്തുണച്ചും ആശങ്ക അഭിനയിച്ചും നടക്കുന്നവരെ അന്യ മതദ്വേഷി എന്നും വര്‍ഗീയവാദികളെന്നും അക്ഷരം തെറ്റാതെ നമുക്ക് വിളിക്കാവുന്നതാണ്.

(ലേഖകന്‍ കെ പി സി സി സെക്രട്ടറിയാണ്)

കെ പി നൗഷാദ് അലി

Latest