Connect with us

Covid19

കൊവിഡ്‌ രണ്ടാം വ്യാപനം: കേന്ദ്രം മാസ്റ്റർ പ്ലാൻ തയ്യാറാക്കണം- ഐ സി എഫ്

Published

|

Last Updated

ദുബൈ | കൊവിഡ്‌ രണ്ടാം വ്യാപനം പ്രതിരോധിക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലും ക്രിയാത്മകമായ സമീപനവും മാസ്റ്റർ പ്ലാനും വേണമെന്ന് ഐ സി എഫ് ഗൾഫ് കൗൺസിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ലോകറെക്കോര്‍ഡ് ആണ് സംഭവിച്ചിരിക്കുന്നത്.

ഒരു വർഷത്തിലേറെ സമയമെടുത്താണ് രാജ്യം കൊവിഡിനെതിരെയുള്ള “യുദ്ധം” നടത്തി വരുന്നത്. എന്നിട്ടു പോലും ആരോഗ്യരംഗത്ത്‌ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ സർക്കാർ പരാജയമാണെന്ന് പറയേണ്ടി വരും. വാക്‌സിൻ ക്ഷാമം, മെഡിക്കൽ ഓക്‌സിജന്റെയും ഐസിയു കിടക്കകളുടെയും ലഭ്യതക്കുറവ്‌ തുടങ്ങിയ പോരായ്‌മകൾ രാജ്യവ്യാപകമായി ഉയർന്നു വരികയാണ്‌. പല സംസ്ഥാനങ്ങളിലെ കൊവിഡ്‌ മേൽനോട്ട സംവിധാനങ്ങൾ പൂർണമായും തകർന്നുവെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.  ഒട്ടു മിക്ക സംസ്ഥാനങ്ങളിലും വാക്സിനേഷൻ ക്യാംപുകൾ സ്റ്റോക്കില്ലാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്. കേന്ദ്രത്തോടു വാക്സീൻ ചോദിച്ചു കത്തയച്ചു കാത്തിരിക്കുകയാണു കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ.

ഓക്സിജൻ, അവശ്യ മരുന്നുകൾ തുടങ്ങിയവയുടെ വിതരണവും വാക്സിനേഷന്റെ ക്രമീകരണവും എങ്ങനെയാണെന്ന് കേന്ദ്രത്തോട് സുപ്രീം കോടതിക്ക് വിശദീകരണം തേടേണ്ട അവസ്ഥവരെ സംജാതമായിരിക്കുന്നത് ഭരണ സംവിധാനങ്ങളുടെ പരാജയത്തെയാണ് സൂചിപ്പിക്കുന്നത്. എല്ലാ വിദ്വേഷങ്ങളും അഭിപ്രായ ഭിന്നതകളും മാറ്റിവെച്ചു മനുഷ്യൻ എന്ന സത്യത്തിലേക്ക് തിരിച്ചുവരാൻ ഭരണകർത്താക്കൾ തയ്യാറാവണം.

കൊവിഡ്‌ വ്യാപനത്തിൽ ദുരിതത്തിലായ സാധാരണക്കാരെ സഹായിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകണം.  പൊതുആരോഗ്യ സംവിധാനത്തിന്‌ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കണം. സി ബി എസ് ഇ പരീക്ഷകൾ അടക്കം മാറ്റിവെച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണം. വാണിജ്യ മേഖലയിലെ വിഷയങ്ങൾ ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്.

വിദേശ ഇന്ത്യക്കാർക്ക് പല രാജ്യങ്ങളിൽ നിന്നും തിരിച്ചും യാത്ര മുടങ്ങിക്കൊണ്ടിരിക്കുകയാണ്. നയതന്ത്ര ഇടപെടൽ ശക്തമാക്കി പരിഹാരം കാണണം. ഇത്തരം നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ജനങ്ങൾക്ക് ആശ്വാസം പകരാൻ കേന്ദ്ര സർക്കാർ അടിയന്തിര മാസ്റ്റർപ്ലാൻ ഉണ്ടാക്കുകയും ജാഗ്രതയോടെ എല്ലാവരെയും ഒന്നായിക്കണ്ടുകൊണ്ട് പ്രവർത്തിക്കുകയും വേണമെന്ന് ഐ സി എഫ് ആവശ്യപ്പെട്ടു.

---- facebook comment plugin here -----