Connect with us

Ongoing News

ശിഖര്‍ ധവാന്‍ ആഞ്ഞടിച്ചു; പഞ്ചാബിനെ പിന്തുടർന്ന് പിടിച്ചുകെട്ടി ഡല്‍ഹി

Published

|

Last Updated

മുംബൈ | ശിഖര്‍ ധവാന്റെ കൂറ്റനടിയില്‍ ഐ പി എല്‍ 11ാം മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം. നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 195 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോര്‍ പഞ്ചാബ് നേടിയെങ്കിലും 49 ബോളില്‍ 92 റണ്‍സ് നേടിയ ധവാന്റെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ 18.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടി ഡല്‍ഹി ജയിക്കുകയായിരുന്നു.

ടോസ് നേടിയ ഡല്‍ഹി ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപണര്‍മാരായ ക്യാപ്റ്റന്‍ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പിലൂടെ മികച്ച തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. 36 ബോളില്‍ നിന്ന് 69 റണ്‍സ് അഗര്‍വാള്‍ അടിച്ചുകൂട്ടിയപ്പോള്‍ 51 ബോളിൽ നിന്ന് 61 റണ്‍സായിരുന്നു രാഹുലിന്റെ സംഭാവന. എന്നാല്‍ പിന്നാലെ വന്ന ക്രിസ് ഗെയിലിനും നിക്കോളാസ് പൂരനും വേണ്ടപോലെ തിളങ്ങാനായില്ല. അവസാന ഓവറുകളില്‍ ദീപക് ഹൂഡയും ഷാരൂഖ് ഖാനും തകര്‍പ്പനടി കാഴ്ചവെച്ചു. ഹൂഡ 13 ബോളില്‍ നിന്ന് 22ഉം ഷാരൂഖ് ഖാന്‍ അഞ്ച് ബോളില്‍ നിന്ന് 15ഉം റണ്‍സ് നേടി. ഗെയ്ല്‍ 11ഉം പൂരന്‍ ഒമ്പതും റണ്‍സെടുത്തു.

ഡല്‍ഹിക്ക് വേണ്ടി ക്രിസ് വോക്‌സ്, ലുക്മാന്‍ മെരിവാല, കഗിസോ റബഡ, ആവേശ് ഖാന്‍ എന്നിവര്‍ ഓരോന്ന് വീതം വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് പൃഥ്വി ഷായും ശിഖര്‍ ധവാനും കൂറ്റനടികളിലൂടെ മികച്ച തുടക്കം നല്‍കി. 17 ബോളില്‍ നിന്ന് ഷാ 32 റണ്‍സ് നേടി. ഷാ ഔട്ടായതിന് ശേഷം ധവാന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. 92 റണ്‍സിലിരിക്കെ അനാവശ്യ ഷോട്ടിന് ശ്രമിച്ച ധവാന്‍, റിച്ചാര്‍ഡ്‌സന്റെ ബോളില്‍ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു. ശേഷം ക്യാപ്റ്റന്‍ ഋഷഭ് പന്തും മാർകസ് സ്റ്റോണിസും ചേർന്ന് ഡൽഹിയെ സംരക്ഷിച്ചു. സ്റ്റോണിസും ലളിത് യാദവുമാണ് വിജയതീരത്തെത്തിച്ചത്. പന്ത് 15ഉം സ്റ്റോണിസ് 27ഉം സ്റ്റീവന്‍ സ്മിത്ത് ഒമ്പതും ലളിത് യാദവ് 12ഉം റൺസെടുത്തു.

പഞ്ചാബിന് വേണ്ടി ജയ് റിച്ചാര്‍ഡ്‌സണ്‍ രണ്ടും അര്‍ശ്ദീപ് സിംഗ്, റിലീ മെരെഡിത് എന്നിവര്‍ ഓരോന്നുവീതവും വിക്കറ്റ് വീഴ്ത്തി.

Latest