Connect with us

Articles

പ്രവചനാതീതമാണ് തമിഴ് മണ്ണ്‌

Published

|

Last Updated

കേരളത്തിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു സംസ്ഥാനം ആണെങ്കിലും തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം തീര്‍ത്തും വ്യത്യസ്തമാണ്. വളരെ കുറച്ച് സാമ്യങ്ങള്‍ മാത്രമേ ഉള്ളൂ. കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്ക് രണ്ടിടത്തും നിര്‍ണായക സ്വാധീനമില്ല. അടുത്ത കാലത്തൊന്നും അവര്‍ക്ക് ഇവിടെ ഭരണം നടത്താന്‍ കഴിയുമെന്നും തോന്നുന്നില്ല. അതിനപ്പുറം എല്ലാം വ്യത്യസ്തമാണ്. കേരളത്തില്‍ അതിശക്തമായി ഏറ്റുമുട്ടുന്ന കോണ്‍ഗ്രസ്, സി പി എം, സി പി ഐ, മുസ്‌ലിം ലീഗ് തുടങ്ങിയവരെല്ലാം അവിടെ ഒരേ മുന്നണിയിലാണ്. കേരളത്തിലെ എല്‍ ഡി എഫും യു ഡി എഫും അവിടെ മതേതര മുന്നണിയിലാണ്. തമിഴ്‌നാടുമായി നീണ്ട അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ അങ്ങോട്ട് കടന്നാല്‍ ഇവിടെ പറയുന്ന പരസ്പര ആരോപണങ്ങള്‍ ഒന്നും പറയാന്‍ കഴിയില്ല. അതില്‍ വലിയ തെറ്റൊന്നുമില്ല, സാഹചര്യമാണല്ലോ രാഷ്ട്രീയം നിര്‍ണയിക്കുന്നത്. അവിടെ അണ്ണാ ഡി എം കെ എന്നും ഡി എം കെ എന്നും വിഭജിച്ചു നിന്ന് ഇരു ചേരികളായി മത്സരിക്കുകയാണ്. ദ്രാവിഡ കക്ഷികളുടെ മേല്‍ക്കൈ ഇന്നും ശക്തമായി നിലനില്‍ക്കുന്നു. ഏതാണ്ട് അമ്പത്തഞ്ച് വര്‍ഷമായി അത് തുടരുന്നു. ദേശീയ കക്ഷികള്‍, വിശേഷിച്ചും കോണ്‍ഗ്രസ്, സി പി ഐ, സി പി എം, ഇപ്പോള്‍ ബി ജെ പിയും ഇതില്‍ ഒന്നിന്റെ പക്ഷം ചേര്‍ന്ന് നിന്നാണ് മത്സരിക്കുന്നത്. അല്ലാതെ നിന്നാല്‍ പച്ച തൊടില്ല ഒരു ദേശീയ കക്ഷിയും.

ഇപ്പോള്‍ കേരളത്തില്‍ ഏറെ പ്രചാരം നേടിയിരിക്കുന്ന ക്ഷേമ സൗജന്യ സേവനങ്ങളുടെയും സാമഗ്രികളുടെയും വിതരണം തമിഴ്നാട് രാഷ്ട്രീയത്തില്‍ നിന്ന് കൊണ്ടുവന്നതാണ്. അവിടെ ഇത് വന്നിട്ട് പല പതിറ്റാണ്ടുകളായി. അന്നൊക്കെ അവരെ നാം കളിയാക്കിയിരുന്നു. ടി വിയും, ലാപ്‌ടോപ്പും സാരിയും മറ്റും വാങ്ങി വോട്ടു ചെയ്യുന്നവര്‍ എന്ന ആ വിമര്‍ശം ഇന്ന് നമുക്കും ബാധകമായിരിക്കുന്നു. ഒരുപക്ഷേ, പ്രളയവും കൊവിഡും പോലുള്ള ദുരന്തങ്ങള്‍ നമ്മെ മാറ്റിയതുമാകാം. ഈ തിരഞ്ഞെടുപ്പിലും സൗജന്യങ്ങളുടെ പെരുമഴയാണ് വാഗ്ദാനമായി വരുന്നത്. ഫ്രീബീസ് എന്ന് വിളിക്കപ്പെടുന്ന ഈ സൗജന്യങ്ങള്‍ നല്‍കുന്നതില്‍ അവിടെ മത്സരിക്കുകയാണ്. അതില്‍ അല്‍പ്പം വ്യത്യാസം കാണിക്കുന്നത് കമല്‍ ഹാസന്‍ നയിക്കുന്ന മക്കള്‍ നീതി മയ്യവും ( എം എന്‍ എം) തമിഴ് ദേശീയവാദി സീമാന്റെ കക്ഷിയും മാത്രമാണ്. വെറും അഞ്ച് പേജുള്ളതാണ് കമല്‍ ഹാസന്റെ പ്രകടന പത്രിക എങ്കില്‍ നൂറുകണക്കിന് പേജുള്ളതാണ് ഡി എം കെയുടേത്. നിങ്ങളെ സൗജന്യം തന്ന് അടിമകള്‍ ആക്കലല്ല, സ്വന്തം അവകാശം നല്‍കി ശക്തിപ്പെടുത്തലാണ് തന്റെ നയം എന്ന് തുറന്നു പറയുന്നു സീമാന്‍.

തൊഴിലുറപ്പു പദ്ധതി പ്രതിവര്‍ഷം നൂറ്റമ്പത് ദിവസം ആക്കും ( ഇപ്പോള്‍ നൂറ് ദിവസം), പ്രതിദിന വരുമാനം മുന്നൂറ് രൂപ ആക്കും, സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ ഇപ്പോള്‍ ഉള്ള മുട്ടക്ക് പുറമെ പാല്‍ കൂടി ഉള്‍പ്പെടുത്തും, അംഗന്‍വാടി അധ്യാപകര്‍ക്കും സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ക്കും പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കും, തൊഴില്‍ ഇല്ലാത്ത സ്ത്രീകളുടെ പ്രസവ കാലത്തെ അലവന്‍സ് 18,000 രൂപയില്‍ നിന്ന് 24,000 രൂപയാക്കി ഉയര്‍ത്തും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ വനിതകള്‍ക്ക് ഒരു വര്‍ഷം ശമ്പളത്തോട് കൂടിയ പ്രസവാവധി, നഗരങ്ങളിലും ഗ്രാമങ്ങളിലും മുലയൂട്ടല്‍ കേന്ദ്രങ്ങള്‍, “അമ്മ കാന്റീന്‍ പോലെ അഞ്ഞൂറ് കേന്ദ്രങ്ങളില്‍ കലൈഞ്ചര്‍ കാന്റീനുകള്‍… ഇങ്ങനെ പോകുന്നു ഡി എം കെ വാഗ്ദാനങ്ങള്‍. റേഷന്‍ സൗജന്യങ്ങള്‍ വര്‍ധിപ്പിക്കും എന്നും സ്വകാര്യ മേഖലയിലെ ജോലികളില്‍ മുക്കാല്‍ പങ്കും അതാതു നാട്ടുകാര്‍ക്കായി നല്‍കുമെന്നും കോണ്‍ഗ്രസ് പറയുന്നു. ഇവയെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം.

ഏതാണ്ട് 73 ശതമാനത്തോളം പേര്‍ അവിടെ വോട്ട് ചെയ്തു എന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. അതുവെച്ച് ഫലപ്രവചനം അസാധ്യമാണെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ പറയുന്നു. ജയലളിതയും കരുണാനിധിയും ഇല്ലാതെ കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ നടക്കുന്ന ഒരു തിരഞ്ഞെടുപ്പാണിത്. എടപ്പാടി പളനിസ്വാമിയും എം കെ സ്റ്റാലിനുമാണ് പുതു തലമുറയിലെ നേതാക്കള്‍. ഈ തിരഞ്ഞെടുപ്പ് അവര്‍ രണ്ട് പേര്‍ക്കും ഏറെ നിര്‍ണായകമാണ്. അതിലും പ്രധാനമാണ് കോണ്‍ഗ്രസിനും ബി ജെ പിക്കും. ഡല്‍ഹിയിലിരുന്നു കൊണ്ട് ദുര്‍ബലനായ എ ഡി എം കെയെ നിയന്ത്രിക്കുകയായിരുന്നു ബി ജെ പി. എടപ്പാടി പരാജയപ്പെട്ടാല്‍ അവര്‍ക്കു മേലുള്ള ബി ജെ പി സ്വാധീനം തുടരും. എന്നാല്‍ അവര്‍ ജയിച്ചാല്‍ ഇന്നത്തേത് പോലെ ബി ജെ പിക്ക് അവര്‍ കീഴ്പ്പെട്ടുകൊള്ളണം എന്നില്ല. സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന മതേതര മുന്നണി നല്ല ഭൂരിപക്ഷത്തോടെ ജയിക്കും എന്നാണ് ഒട്ടു മിക്ക സര്‍വേകളും പറയുന്നത്. നാളിതുവരെയുള്ള തമിഴ്നാടിന്റെ വോട്ടിംഗ് രീതി വെച്ച് നോക്കിയാല്‍ ഏതെങ്കിലും ഒരു പക്ഷത്തേക്ക് മൊത്തമായി ചായുക എന്നതാണ് പതിവ്. ജയം ഗംഭീരവും തോല്‍വി ദയനീയവും ആയിരിക്കും. അതിന് അപൂര്‍വമായേ മാറ്റം വന്നിട്ടുള്ളൂ. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം രാജിവെച്ച 22 എം എല്‍ എമാരുടെ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടന്നിരുന്നു. ലോക്‌സഭയില്‍ മതേതര മുന്നണി തൂത്തുവാരിയപ്പോള്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണപക്ഷം വന്‍ വിജയം നേടി എന്നതും മറക്കരുത്.

ചുരുക്കത്തില്‍ പ്രവചനാതീതമാണ് ഇവിടുത്തെ ഫലം.
ഒരുപക്ഷേ, ചരിത്രത്തില്‍ ആദ്യമായി പരിസ്ഥിതി സംരക്ഷണം എന്നത് മുഖ്യധാരാ രാഷ്ട്രീയക്കാരുടെ ഒരു പ്രധാന അജന്‍ഡ ആകുന്നു എന്നതും ഒരു പ്രത്യേകതയാണ്. വലിയ പാരിസ്ഥിതികാവബോധം ഉണ്ടെന്നവകാശപ്പെടുന്ന കേരളത്തില്‍ തന്നെ കാലാവസ്ഥാമാറ്റം പോലുള്ള ദുരന്തങ്ങള്‍ ആഞ്ഞടിച്ചിട്ടും പരിസ്ഥിതി സംരക്ഷണം എന്നത് അപ്രധാനം ആകുന്ന കാലത്താണ് ഈ മാറ്റം. കേരളത്തില്‍ നിന്ന് വ്യത്യസ്തമായി സാമൂഹിക പ്രസ്ഥാനങ്ങളുടെ നേര്‍ തുടര്‍ച്ചയായിട്ടാണ് തമിഴ്നാട്ടിലെ രാഷ്ട്രീയം വളര്‍ന്നു വന്നത്. പെരിയാര്‍ തുടങ്ങി വെച്ച ദ്രാവിഡ രാഷ്ട്രീയം വ്യത്യസ്ത രൂപങ്ങളില്‍ ആണെങ്കിലും ഇപ്പോഴും തുടരുന്നു. അതുകൊണ്ട് തന്നെ സമൂഹത്തിന്റെ അജന്‍ഡകള്‍ നിര്‍ണയിക്കുന്നതില്‍ ഇന്നും ജാനകീയ സമരങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ മേല്‍ക്കൈ ഉണ്ട്. കര്‍ഷകരും മത്സ്യത്തൊഴിലാളികളും മറ്റും നടത്തുന്ന സമരങ്ങള്‍ക്ക് മേല്‍ മുഖ്യധാരാ കക്ഷികള്‍ക്ക് വലിയ സ്വാധീനം ഇല്ല. എന്നാല്‍ ഈ സമരങ്ങള്‍ രാഷ്ട്രീയ നേതൃത്വങ്ങളുടെ തീരുമാനത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. ഇത് കേരളത്തില്‍ അത്ര പരിചിതമായ രീതിയല്ല.

കൂടംകുളം ആണവ നിലയത്തിനെതിരായ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ നടന്ന സമരം ആ പദ്ധതി നിര്‍ത്തിവെക്കുന്നതില്‍ വിജയിച്ചില്ല എന്നത് ശരി. പക്ഷേ, ആണവ നിലയങ്ങളെ പിന്താങ്ങുന്ന സി പി എം, ബി ജെ പി പോലുള്ള കക്ഷികള്‍ക്ക് പോലും അവരുടെ നിലപാടില്‍ മാറ്റം വരുത്തേണ്ടി വന്നത് ആ സമരങ്ങളുടെ ഫലമായിരുന്നു. അതുപോലെ കല്‍ക്കരി അധിഷ്ഠിത മീഥേന്‍ നിലയം, കൊടൈക്കനാലിലെ യൂനിലിവറിന്റെ മെര്‍ക്കുറി മലിനീകരണ പ്ലാന്റ, തൂത്തുക്കുടിയില്‍ വന്ന സ്റ്റെറിലൈറ്റെ പ്ലാന്റ (പതിമൂന്ന് പേരെ വെടിവെച്ചു കൊന്ന സമരം), എന്നൂര്‍ കടല്‍ തീരത്തെ മലിനീകരണം തുടങ്ങിയവക്കെല്ലാം എതിരെ ശക്തമായ സമരങ്ങള്‍ ഉയര്‍ന്നു വന്നു. ഇതെല്ലാം പരിഗണിച്ചു കൂടി ആയിരിക്കണം, എ ഡി എം കെ ഒഴിച്ചുള്ള ഏതാണ്ടെല്ലാ കക്ഷികളും പരിസ്ഥിതി സംരക്ഷണം എന്ന വാഗ്ദാനം നല്‍കുന്നുണ്ട്. അതില്‍ നാല് കക്ഷികളുടെ നിലപാടുകള്‍ ഏറെ വ്യക്തമാണ്. ഡി എം കെക്ക് പുറമെ, കമല്‍ ഹാസന്റെ എം എന്‍ എം, നാം തമിലര്‍ കക്ഷി, പാട്ടാളി മക്കള്‍ കക്ഷി എന്നിവരാണത്. ഇവര്‍ തങ്ങളുടെ പാര്‍ട്ടിക്ക് കീഴില്‍ യുവാക്കള്‍ നേതൃത്വം നല്‍കുന്ന പരിസ്ഥിതി സംഘടനകള്‍ക്ക് രൂപം നല്‍കിയിരിക്കുന്നു. ഓഖി പോലുള്ള കാലാവസ്ഥാ വ്യതിയാനം മൂലം അസ്വസ്ഥരായ സമൂഹവും അവരെ പ്രാപ്തരാക്കാന്‍ ശേഷിയുള്ള യുവ നേതൃത്വങ്ങളും ഉണ്ടെങ്കില്‍ കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു പോകും എന്ന് പ്രതീക്ഷിക്കാം. ഇപ്പോള്‍ നിലനില്‍ക്കുന്ന ജാതി അടക്കമുള്ള സാമൂഹിക സാമ്പത്തിക വിവേചനങ്ങള്‍ തിരിച്ചറിയുന്ന ഒരു യുവ സമൂഹം രൂപപ്പെടുന്നതാണ് കാണുന്നത്. ഇത് സന്തോഷകരമാണ്. ലോകത്തിന്റെ പലഭാഗത്തും യുവാക്കള്‍ ഇത്തരം വിഷയങ്ങളില്‍ മേല്‍ക്കൈ എടുക്കുന്ന ഒരു സാഹചര്യത്തില്‍ വിശേഷിച്ചും.

---- facebook comment plugin here -----

Latest