Connect with us

Cover Story

അഴുക്കിനോട് ഒറ്റയാൾ പോരാട്ടം

Published

|

Last Updated

കിഴക്കുനിന്നും വെട്ടം പൊടിഞ്ഞുതുടങ്ങിയതേയുള്ളൂ. നിരത്തുകളില്‍ വാഹനങ്ങള്‍ അനങ്ങിത്തുടങ്ങി. സമയസൂചികളുടെ വേഗത്തെ മറികടന്ന് മനുഷ്യര്‍ അവനവന്റെ തിരക്കുകളിലേക്ക് നടന്നുകൊണ്ടിരിക്കുന്നു. വഴിയോരങ്ങളില്‍ കച്ചവടക്കാര്‍ നിറയുന്നു. കമ്പോളങ്ങള്‍ സജീവമാകുന്നു. അങ്ങാടി പതിവുപോലെ താളം വീണ്ടെടുക്കുന്നു. അവിടെ, തന്നെ മറികടന്നു പോകുന്ന കാല്‍പ്പാദങ്ങളെയും ചീറിയലച്ചു പായുന്ന വാഹനങ്ങളെയും വകവെക്കാതെ ഒരാള്‍ മാത്രം തന്റെ ജോലിയില്‍ വ്യാപൃതയാകുന്നു. കാലങ്ങളായി അവരിങ്ങനെയാണ്. ദ്രുതഗതിയില്‍ നാടും നാട്ടുകാരും ഓടുമ്പോള്‍ അവര്‍ മാത്രം… ഒറ്റയായങ്ങനെ…

ശാന്തേച്ചിക്ക് അറിയാത്ത അങ്ങാടികളുണ്ടാകാന്‍ വഴിയില്ല. ശാന്തേച്ചിയെ അറിയാത്ത അങ്ങാടിക്കാരും. പല ദേശങ്ങളില്‍ ഇവരെത്തിപ്പെടാറുണ്ട്. കടന്നുപോകുന്ന വഴികളൊക്കെയും സ്വന്തം വീടുപോലെ വൃത്തിയാക്കിയങ്ങനെ… വീടെന്നു പറയാന്‍ ശാന്തേച്ചിക്കുള്ളത് കടന്നുപോകുന്ന ഇടങ്ങളിലെ കടത്തിണ്ണകള്‍ തന്നെയാണ്. റോഡും പരിസരങ്ങളും ശുചീകരിച്ചും ആളുകളെ സഹായിച്ചുമാണ് അറുപത്തിയഞ്ചാം വയസ്സിലും ഇവരുടെ ജീവിതം മുന്നോട്ടുപോകുന്നത്. കാലമിത്രയായിട്ടും വലിയൊരു ചൂല് മാത്രമാണ് ജീവിതത്തില്‍ ആകെയുള്ള സമ്പാദ്യം. ഈ ചൂലുമായാണ് യാത്രയും. എത്തുന്നിടത്ത് ആഴ്ചകളോളം തങ്ങി ആ നാടാകെ ശുചീകരിച്ച് പിന്നീട് അടുത്ത നാട്ടിലേക്കുള്ള യാത്ര. ഈ അമ്മയുടെ സേവനങ്ങളെല്ലാം നാടിനും നാട്ടുകാര്‍ക്കും തികച്ചും സൗജന്യം.

തൃശൂര്‍ പീച്ചി ഡാം സ്വദേശിയായ ശാന്തയുടെ അച്ഛനും അമ്മയും നേരത്തെ മരിച്ചു. രണ്ട് സഹോദരിമാരും ഒരു സഹോദരനുമടങ്ങുന്ന കുടുംബം. വീട്ടിലെ പ്രാരാബ്ദങ്ങള്‍ കാരണം ചെറുപ്പത്തില്‍ തന്നെ മറ്റു വീടുകളില്‍ ജോലിക്കു പോയിത്തുടങ്ങി. ഇരുപത്തിയഞ്ച് വര്‍ഷത്തോളം പല നഗരങ്ങളിലായി പലതരം വീടുകളില്‍ ജോലി ചെയ്തു. സഹോദരങ്ങളെല്ലാം വിവാഹം കഴിച്ച് കുടുംബമായി. ഈ അമ്മ ഏകയായ ജീവിതം നയിച്ചു. തന്റെ യാത്രകള്‍ക്കിടയില്‍ എപ്പോഴെങ്കിലും കൂടപ്പിറപ്പുകളെയും അവരുടെ കുട്ടികളെയും കാണണമെന്ന് തോന്നുമ്പോള്‍ മാസത്തില്‍ ഓന്നോ രണ്ടോ തവണ നാട്ടിലെത്തും. രണ്ട് ദിവസം തങ്ങും. പിന്നീട് എങ്ങോട്ടെന്നില്ലാതെ വീണ്ടും യാത്രയാരംഭിക്കും.

ഒരിടത്തു മാത്രം ഒതുങ്ങുന്നതല്ല ഇവരുടെ യാത്ര. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ഇവരുടെ സേവനമെത്താറുണ്ട്. ചിലയിടങ്ങളിലെത്തുമ്പോള്‍ സഹായവുമായി പലരും കൂടെക്കൂടും. ചിലര്‍ നോക്കി നില്‍ക്കും. എന്നാല്‍ അതൊന്നും ഇവരെ ബാധിക്കാറില്ല. കടകളുടെയും ഹോട്ടലുകള്‍ക്ക് മുമ്പിലെയും ഓടകളിലെയും ഓട്ടോസ്റ്റാൻഡിലെയുമെല്ലാം ചപ്പുചവറുകളും കാടും പുല്ലും നീക്കി സുന്ദരമാക്കുമ്പോള്‍ അവിടെയുള്ളവര്‍ സ്‌നേഹത്തോടെ നല്‍കുന്ന ചെറിയ തുകയോ ആഹാരമോ ആണ് ഇവരുടെ ജീവിതമാര്‍ഗം. കൈയില്‍ പണമുണ്ടെങ്കില്‍ ഭക്ഷണം കഴിക്കും. അല്ലാതെ സഹതാപത്തോടെ സൗജന്യമായി ആരെങ്കിലും നല്‍കുന്നതൊന്നും ഇവർക്കുവേണ്ട. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കാണുന്നവരോടൊന്നും തന്റെ പ്രയാസങ്ങള്‍ ഇവര്‍ പറയാറില്ല. പകരം ഒന്നും ആഗ്രഹിച്ചല്ല താനിത് ചെയ്യുന്നത്, നാട് വൃത്തിയായിരിക്കണം, അത്രമാത്രം…

രാവിലെ മുതല്‍ ഇരുട്ടുംവരെ ജോലികള്‍ ചെയ്താലും ചുരുങ്ങിയ പണം മാത്രമേ കൈപ്പറ്റാറുള്ളൂ. അതും ചോദിച്ച് വാങ്ങാറില്ല. സഹതാപത്തിന്റെയും സ്‌നേഹത്തിന്റെയും പേരില്‍ ആരെങ്കിലും പണം അധികമായി നല്‍കിയാല്‍ സ്‌നേഹത്തോടെ അത് നിരസിക്കാറാണ് പതിവ്.
എന്തുകൊണ്ടാണ് ഇത്തരമൊരു ജീവിതത്തിലേക്ക് ഇറങ്ങിത്തിരിച്ചതെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരവും ഈ അമ്മയുടെ കൈയിലുണ്ട്. ആരും പറഞ്ഞിട്ടല്ല ഇങ്ങനെ പണിയെടുത്തു തുടങ്ങിയത്. ജീവിത മാര്‍ഗം പാതിവഴിയില്‍ നിന്നപ്പോള്‍ തെരുവിലേക്ക് ഇറങ്ങിയതാണ്. സ്വജീവിതം പിന്നെ നാടിന് സമര്‍പ്പിച്ച് യാത്ര തുടങ്ങി.

വെയിലും മഴയുമെല്ലാം ഇപ്പോള്‍ ഈ അമ്മക്ക് സുപരിചിതമാണ്. കാരണം, കയറിക്കിടക്കാന്‍ വീടില്ലാത്തതിനാൽ അന്തിയുറങ്ങുന്നതെല്ലാം തെരുവോരങ്ങളിലാണ്. ചില നാടുകളിലെത്തുമ്പോൾ പരിചയക്കാരുണ്ടെങ്കില്‍ അന്ന് അവിടെ തലചായ്ക്കും. അല്ലെങ്കില്‍ ബസ്്സ്റ്റാൻഡോ റെയില്‍വേ സ്‌റ്റേഷനോ ഒക്കെയായിരിക്കും അഭയം. ഇരുട്ടിനെ ഭയക്കേണ്ടതാണ്. പല തരത്തിലുള്ള ലഹരിക്കടിമയായവർ ചുറ്റുമുണ്ട്. അതിനാല്‍ ആളുകളുടെ തിരക്കുള്ള സ്ഥലങ്ങളിൽ മാത്രമേ തലചായ്ക്കാറുള്ളൂ. അവിടെയാണ് സുരക്ഷിതം. സ്റ്റാന്‍ഡുകളിലും മറ്റും രാത്രി കാലങ്ങളില്‍ പോലീസുകാർ ഉള്ളതിനാൽ‍ ഭയപ്പാടില്ലാതെ കഴിയാം. എന്നാല്‍ ചിലയിടങ്ങളില്‍ എത്തിയാല്‍ ഒരു പോള കണ്ണടക്കാതെ ഇരുന്ന് നേരം വെളുപ്പിക്കാറുണ്ടെന്നും ഈ അമ്മയുടെ ഭീതിയുള്ള വാക്കുകള്‍. വാര്‍ധക്യത്തിലെത്തിയ ഇവര്‍ക്ക് ജീവിതത്തില്‍ ഇനി ഒരാഗ്രഹമേ ബാക്കിയുള്ളു. മരിക്കുന്നത് വരെ തലചായ്ക്കാന്‍ സ്വന്തമായൊരിടം വേണമെന്നാണത്.

കൊറോണക്കാലമല്ലേ മാസ്‌ക് വേണ്ടെ എന്ന ചോദ്യത്തിന് മുന്നില്‍ എന്നെ പിടിക്കാനുള്ള കൊറോണയൊന്നും രാജ്യത്ത് എത്തിയിട്ടില്ലെന്നാണ് ഈ സ്വച്ഛ്ഭാരത് താരത്തിന്റെ ചിരിയുള്ള ഉത്തരം. സ്വന്തം ഉപജീവനത്തിനപ്പുറം ഇവര്‍ ചെയ്യുന്ന പ്രവൃത്തികള്‍ പരിസര ശുചിത്വബോധംകൂടി മറ്റുള്ളവരില്‍ വളര്‍ത്തുന്നതാണ്. മഹാമാരികളുടെ ഇക്കാലത്ത് അത് എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് നമ്മള്‍ മനസ്സിലാക്കിയതുമാണ്. അത്രത്തോളം പ്രാധാന്യമുണ്ട് ഈ അമ്മ സുരക്ഷിതമായി ഇരിക്കേണ്ടതിനും. ശാന്തേച്ചിയെപ്പോലെ ചിലരൊക്കെ ഉള്ളത് കൊണ്ടല്ലേ നമ്മളിപ്പോഴും വൃത്തിയുള്ള മലയാളിയായിരിക്കുന്നത്. ഈ പൊരിവെയിലിലും വാഹനങ്ങള്‍ ചീറിപ്പായുമ്പോഴും വഴിയോരങ്ങളില്‍ ഇവര്‍ തിരക്കിട്ട പണിയിലാണ്. നാളെ നമ്മുടെ പരിസരങ്ങളിലും ഇവരുടെ കൈയെത്തും. അപ്പോള്‍ അറുപ്പോടെ മാറാതിരിക്കാം. വൃത്തിഹീനമായ ചുറ്റുപാടുള്ളിടത്തോളം കാലം ഇവര്‍ ഇങ്ങനെ പണിയെടുത്തുകൊണ്ടേയിരിക്കും. നമുക്കൊക്കെ വേണ്ടി.

.

കോഴിക്കോട്