Business
ഉപയോക്താക്കളുടെ വിവരം ശേഖരിക്കല്‍; ആപ്പിളിനെതിരെ ഫ്രാന്‍സില്‍ അന്വേഷണം

പാരീസ് | ഉപയോക്താക്കളുടെ വിവരം ശേഖരിക്കാന്‍ വഴിതുറക്കുന്ന മാറ്റങ്ങള്‍ ആപ്പിള്‍ കമ്പനി വരുത്തുന്ന പശ്ചാത്തലത്തില്‍ ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ഫ്രഞ്ച് ആന്റിട്രസ്റ്റ് വിഭാഗമാണ് അന്വേഷിക്കുന്നത്. ഓണ്‍ലൈന്‍ പരസ്യത്തില്‍ ആപ്പിള്‍ സ്വാധീനം ചെലുത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ കൂടിയാണിത്.
വരാനിരിക്കുന്ന ഐഒഎസ് 14 സോഫ്റ്റ്വേര്‍ പരിഷ്‌കാരമാണ് വിവാദമായത്. ഇതിലെ പ്രൈവസി മാറ്റങ്ങള്‍ ഫ്രഞ്ച് അധികൃതര്‍ സൂക്ഷ്മമായി പരിശോധിക്കും. സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് കമ്പനികളേക്കാള്‍ കാര്‍ക്കശ്യം കുറഞ്ഞ പ്രൈവസി നിയമങ്ങളാണോ ആപ്പിള്‍ കൊണ്ടുവരികയെന്ന് പരിശോധിക്കും.
സാങ്കേതിക പ്രശ്‌നങ്ങളില്‍ വേഗത്തിലുള്ള നടപടിയുണ്ടാകുമെന്നും 2022ന് മുമ്പ് തീര്‍പ്പ് കല്‍പ്പിക്കുമെന്നും ആന്റിട്രസ്റ്റ് മേധാവി ഇസബെല്ലെ ഡി സില്‍വ പറഞ്ഞു. ഓണ്‍ലൈന്‍ പരസ്യങ്ങളെ ഫ്രഞ്ച് അധികൃതര്‍ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. ആപ്പിളും ഗൂഗ്‌ളും ഉപയോക്താക്കളെ നിരീക്ഷിക്കുന്നത് തടയാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയതിനാലാണിത്.