Connect with us

Ongoing News

കാഴ്ചക്കാരിയായി വിപ്ലവ നായിക

Published

|

Last Updated

ആലപ്പുഴ | കേരളപ്പിറവിക്ക് മുമ്പേ മത്സര രംഗത്തിറങ്ങി ആയുസ്സിന്റെ ശതാബ്ദി പിന്നിട്ട കെ ആർ ഗൗരിയമ്മ മത്സര രംഗത്ത് നിന്ന് പിന്മാറിയിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു. ഏറ്റവുമൊടുവിൽ 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചേർത്തലയിൽ നിന്നാണ് ഗൗരിയമ്മ മത്സരിച്ചത്. ചേർത്തലയിൽ മത്സര രംഗത്തിറങ്ങിയപ്പോൾ തന്നെ തന്റെ അവസാന മത്സരമായാണ് ഗൗരിയമ്മ അതിനെ കണ്ടിരുന്നത്. പ്രായാധിക്യത്തിലും പോരാട്ട വീര്യത്തിന് ഗൗരിയമ്മക്ക് കുറവൊന്നുമില്ലെന്ന് വിപ്ലവ തറവാട്ടിലെ ഈ വീരാംഗനയെ അടുത്തറിയുന്ന മലയാളികൾക്കെല്ലാം ഉറപ്പുള്ളതാണ്.

എങ്കിലും തുടർച്ചയായ രണ്ട് പരാജയം താങ്ങാവുന്നതായിരുന്നില്ല ഗൗരിയമ്മക്ക്. തന്നെ തോൽപ്പിക്കാൻ മുന്നിട്ടിറങ്ങിയവർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് യു ഡി എഫ് വിട്ട ഗൗരിയമ്മക്കും പാർട്ടിക്കും പിന്നീട് ഒരു മുന്നണിയുടെയും ഭാഗമാകാൻ കഴിഞ്ഞില്ലെന്നത് ദുർവിധിയായി.
താൻ പടുത്തുയർത്തിയ പാർട്ടി പല കഷ്ണങ്ങളായി പിളർന്നപ്പോൾ ഓരോ കഷ്ണത്തിന്റെയും ഭാരവാഹിത്വം വഹിക്കേണ്ട സ്ഥിതിയിലുമായി അവർ. ഇന്നിപ്പോൾ ജെ എസ് എസ് എട്ടോളം വിഭാഗങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്.

എന്നാൽ ഒന്നും ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമല്ലെന്നതും ശ്രദ്ധേയം. ഗൗരിയമ്മയുടെ സി പി എം ബന്ധമാണ് ജെ എസ് എസിനെ ആദ്യമായി പിളർപ്പിലെത്തിച്ചത്. ഇടത്- വലതു മുന്നണികളിലും എൻ ഡി എയിലും ജെ എസ് എസ് വിഭാഗങ്ങളുണ്ടായിരുന്നു.
എൻ ഡി എയിൽ മാത്രമാണ് ഘടക കക്ഷി അംഗീകാരം ലഭിച്ചതെങ്കിലും ഇവർ പിന്നീട് തൃപ്തരാകാതെ മുന്നണി വിട്ടു. ഗൗരിയമ്മയുമായി ലയിച്ച ഈ ജെ എസ് എസ് ആണ് അടുത്തിടെ വിപുലമായ സമ്മേളനം വിളിച്ച് ഗൗരിയമ്മയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് പ്രസിഡന്റ് പദവി സമ്മാനിച്ചത്. എൻ ഡി എ വിട്ടെത്തിയ രാജൻ ബാബുവായി പുതിയ ജനറൽ സെക്രട്ടറി. ഇതിനെതിരെ ഗൗരിയമ്മയുടെ ബന്ധു ഉൾപ്പെടെയുള്ളവർ രംഗത്തെത്തി സമ്മേളനം വിളിച്ച് ചേർത്ത് ഗൗരിയമ്മയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് അവരോധിക്കുകയും ചെയ്തു.
അതേസമയം, പിന്നാക്ക കോർപറേഷൻ ചെയർമാൻ സുരേഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള ജെ എസ് എസിന്റെ ജനറൽ സെക്രട്ടറിയും ഗൗരിയമ്മ തന്നെയാണ്. പല വിഭാഗങ്ങൾ ഉടലെടുത്തതോടെ ജെ എസ് എസിന്റെ ഓഫീസ് സ്വന്തമാക്കാൻ മൂന്ന് വിഭാഗങ്ങൾ വെവ്വേറെ താഴിട്ട് പൂട്ടിയതും വാർത്തയായി.

പരസ്പര പോരാട്ടങ്ങൾക്കിടയിലും ജെ എസ് എസിലെ ഒരു വിഭാഗത്തെയും ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമാക്കാനോ നിയമസഭയിലടക്കം സീറ്റ് നൽകാനോ ആരും തയ്യാറായിട്ടില്ല.

ഒരേ സമയം അഞ്ച് എം എൽ എമാരും സുപ്രധാന വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഒരു മന്ത്രിയുമുണ്ടായിരുന്ന ജെ എസ് എസിന് ഇന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ യാതൊരു സ്ഥാനവുമില്ലാത്ത സ്ഥിതിയായി. എന്നാൽ ഇതേ കുറിച്ചൊന്നും യാതൊരു വേവലാതികളുമില്ലാതെ ശതാബ്ദി പിന്നിട്ട കേരളത്തിന്റെ ഉരുക്ക് വനിത ചാത്തനാട്ടെ കല്ലുപുരക്കൽ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ്. അല്ലെങ്കിലും ഏറ്റവും കൂടുതൽ കാലം (16,832 ദിവസം) നിയമസഭാംഗവും മന്ത്രിയുമായിരുന്ന ഈ വീരാംഗനക്ക് ഇനി എന്ത് രാഷ്ട്രീയം, എന്ത് തിരഞ്ഞെടുപ്പ്.

Latest