Kerala
ദേശീയ നേതൃത്വം എടുക്കുന്ന തീരുമാനത്തിനൊപ്പമെന്ന് പീതാംബരൻ മാസ്റ്റർ; എല്‍ ഡി എഫ് വിട്ട കാപ്പന് മറുപടി

കൊച്ചി | എൽ ഡി എഫിൽ തുടരണമോയെന്ന കാര്യം ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും ശരത് പവാർ സ്വീകരിക്കുന്ന നിലപാടിനൊപ്പമാണ് താനുണ്ടാകുകയെന്നും എൻ സി പി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ മാസ്റ്റർ. താനും തന്നോടപ്പമുള്ളവരും ഇനി എല്‍ ഡി എഫില്‍ ഇല്ലെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പ്രഖ്യാപിച്ചതിന് ശേഷമാണ് പീതാംബരൻ മാസ്റ്റർ നിലപാട് പ്രഖ്യാപിച്ചത്.
ദേശീയ നേതൃത്വത്തിന്റെ നിലപാടിന് എതിരാണ് കാപ്പന്റെ നിലപാടെങ്കിൽ കാപ്പനൊപ്പം താനുണ്ടാകില്ല. വ്യക്തികളുടെ പിന്നാലെയല്ല പവാറിന്റെ നിലപാട്. പാർട്ടിക്കൊപ്പമാണെന്നും പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ താന്‍ നാളെ പങ്കെടുക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നെടുമ്പാശ്ശേരിയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
ഏഴ് ജില്ലാ പ്രസിഡന്റുമാരും ഒമ്പത് സംസ്ഥാന കമ്മിറ്റി അംഗങ്ങളും തന്നോടൊപ്പമുണ്ട്. യു ഡി എഫിലേക്ക് മാറുന്നതില്‍ ദേശീയ നേതൃത്വം ഇന്ന് തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്. ശരദ് പവാറും പ്രഫുല്‍ പട്ടേലും തീരുമാനം പറയും. താന്‍ എടുത്ത നിലപാടിന് മറിച്ച് ഒരു തീരുമാനം ദേശീയ നേതൃത്വം എടുക്കുമെന്ന് താന്‍ കരുതുന്നില്ല. താന്‍ ഏതായാലും ഇനി എല്‍ ഡി എഫിലില്ല. തന്റെ ഒപ്പമുള്ളവരും നാളത്തെ പാലായിലെത്തുന്ന ഐശ്വര്യ കേരള യാത്രയില്‍ ഉണ്ടാകും. തന്റെ ശക്തി നാളെ തെളിയിക്കും. യു ഡി എഫിന്റെ നേതാക്കളുമായെല്ലാം താന്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. യു ഡി എഫിന്റെ ഘടകക്ഷിയായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ജില്ലാ കമ്മിറ്റികളില്‍ ഭൂരിഭാഗം എല്‍ ഡി എഫിനൊപ്പമാണെന്ന എ കെ ശശീന്ദ്രന്റെ അഭിപ്രായം ചൂണ്ടിക്കാട്ടിയപ്പോള്‍ എലത്തൂര്‍ ഒരു ജില്ലയായി അദ്ദേഹം കാണുന്നുണ്ടാകുമെന്നാണ് മറുപടി. പാലായുടെ കാര്യത്തില്‍ എല്‍ ഡി എഫില്‍ നിന്ന് തനിക്ക് നീതി ലഭിച്ചില്ലെന്നും കാപ്പന്‍ ചൂണ്ടിക്കാട്ടി.