Connect with us

Gulf

ഔഫിന്റെ കൊലപാതകം: റിയാദ് ഐ സി എഫ് പ്രതിഷേധിച്ചു

Published

|

Last Updated

റിയാദ് | കാഞ്ഞങ്ങാട് കല്ലൂരാവിയിലെ എസ് വൈ എസ് പ്രവർത്തകൻ അബ്ദുർറഹ്മാൻ ഔഫിനെ സാമുദായിക രാഷ്ട്രീയ ഗുണ്ടകൾ ക്രൂരമായി കൊലചെയ്തതിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ് ) റിയാദ് സെൻട്രൽ കമ്മിറ്റി ശക്തമായി അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പക തീർക്കാൻ മനുഷ്യരെ നിഷ്ഠുരം കൊല്ലുന്ന രീതി പ്രാകൃതവും ജനാധിപത്യ സംവിധാനത്തെ തകർക്കുന്നതുമാണ്. എതിർ ചേരിയിലെ സ്ഥാനാർഥിയുടെ വിജയത്തിന് പ്രവർത്തിച്ചു എന്ന കാരണത്താൽ ഔഫിനെ വധിച്ചവർ ആറുമാസം ഗർഭിണിയായ ഭാര്യയെയും രോഗിയായ മാതാവിനെയുമാണ് അനാഥരാക്കിയത്. ഈ കുടുംബത്തിന്റെ അകത്തളങ്ങളിൽ നിറയുന്ന കണ്ണീരിലും അനാഥത്വത്തിലും മനസ്സലിവില്ലാതെ നിർദാക്ഷിണ്യം കുപ്രചരണങ്ങൾ അഴിച്ച് വിടുന്നതിലൂടെ സമുദായ പാർട്ടിയുടെ വികൃത മുഖം കുടുതൽ വെളിവാകുകയാണ്.

ഇത്തരം കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനരോഷം ഉയർന്നുവരേണ്ടതുണ്ട്. ക്രിമിനലുകൾക്ക് അഴിഞ്ഞാടാൻ സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്ന നേതാക്കളെ സമൂഹം ഒറ്റപ്പെടുത്തണം. ഇത്തരം കിരാത നടപടികൾ ഇനിയും ആവർത്തിക്കാതിരിക്കാൻ പഴുതടച്ച അന്വേഷണ നടപടിക്രമങ്ങളിലൂടെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് അധികാരികളോട് പ്രമേയം ആവശ്യപ്പെടുന്നു.

രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി ജനാസയെ ദുരൂപയോഗം ചെയ്യുന്ന രീതിയോടും യോജിക്കാൻ കഴിയില്ലെന്ന് ഐ സി എഫ് അഭിപ്രായപ്പെട്ടു. സെന്ട്രൽ പ്രസിഡന്റ്‌ യൂസുഫ്‌ സഖാഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ലുഖ്മാൻ പാഴൂർ സ്വാഗതവും അബ്ദുൽമജീദ് താനാളൂർ നന്ദിയും പറഞ്ഞു.

Latest