Ongoing News
ഈസ്റ്റ് ബംഗാളിനോട് ബ്ലാസ്റ്റേഴ്സിന് സമനില; ഇത്തവണ വില്ലന്‍ സെല്‍ഫ് ഗോള്‍

ബാംബോലിം | ഏറെ വിജയ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ഐ എസ് എല്ലിലെ 35ാം മത്സരത്തില്‍ പോയിന്റ് നിലയില്‍ അവസാനക്കാരായ എസ് സി ഈസ്റ്റ് ബംഗാളിനോട് സമനിലയിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി. ബാകറി കോനെയുടെ സെല്‍ഫ് ഗോൾ ഇല്ലായിരുന്നെങ്കിൽ ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ ജയം ലഭിച്ചേനെ. ബാംബോലിമിലെ ജി എം സി സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. അധിക സമയത്ത് സഹൽ അബ്ദുസ്സമദിന്റെ അസിസ്റ്റിൽ ജീക്സൺ സിംഗ് ആണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി സമനില ഗോൾ നേടിയത്.
ആല്‍ബിനോ ഗോമസിന്റെ തകര്‍പ്പന്‍ സേവുകള്‍ കൂടിയില്ലായിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്‌സ് തോൽക്കുമായിരുന്നു. കളിയുടെ 13ാം മിനുട്ടില്‍ തന്നെ വിജയ ഗോള്‍ നേടാന്‍ ഈസ്റ്റ് ബംഗാളിന് സാധിച്ചു. ബംഗാളിന്റെ ജാക്വിസ് മഗോമ ബോക്‌സിലെ മുഹമ്മദ് റാഫിക്കിന് തന്ത്രപൂര്‍വം ബോള്‍ നല്‍കുകയും റാഫിക്ക് ആന്റണി പില്‍കിംഗ്‌ടോണിന് പാസ് ചെയ്യുകയും പന്ത് ക്ലിയര്‍ ചെയ്യാന്‍ കോനെ ഡൈവ് ചെയ്യുകയുമായിരുന്നു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, കോനെയുടെ കാലില്‍ തട്ടി ബോള്‍ സ്വന്തം വലയിലേക്കാണ് കയറിയത്. ബ്ലാസ്റ്റേഴ്‌സിന്റെ രാഹുല്‍ കെ പിക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചതിന് തൊട്ടുടനെയായിരുന്നു ഈ സെല്‍ഫ്‌ഗോള്‍.
35ാം മിനുട്ടില്‍ ഈസ്റ്റ് ബംഗാളിന്റെ ഹോബാം സിംഗിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു. റാഫിക്ക് നിരവധി തവണ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍മുഖത്ത് ആക്രമണം അഴിച്ചുവിട്ടെങ്കിലും പ്രതിരോധ നിരയുടെയും ഗോളികീപ്പറിന്റെയും മികവില്‍ എല്ലാം പാഴാകുകയായിരുന്നു. 58ാം മിനുട്ടില്‍ ബാകറി കോനെക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു.
മറുവശത്ത് ബ്ലാസ്‌റ്റേഴ്‌സിന്റെ ജോര്‍ഡന്‍ മുറേയുടെയും ജെസ്സെല്‍ കാര്‍ണീറോയുടെയും ഷോട്ടുകള്‍ ഈസ്റ്റ് ബംഗാളിന്റെ ദേബ്ജിത് മജുംദേറും തടഞ്ഞു. 72ാം മിനുട്ടില്‍ ബംഗാളിന്റെ സുര്‍ചന്ദ്ര സിംഗിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. നിശ്ചിത സമയം പൂർത്തിയായതിനെ തുടർന്ന് റഫറി തേജസ് നഗ്വേങ്കർ ആറ് മിനുട്ട് അധികം അനുവദിച്ചു.