Connect with us

Kannur

വി എസ് എന്ന രണ്ടക്ഷരം, പ്രചാരണ രംഗത്തെ വലിയ വിടവ്

Published

|

Last Updated

കണ്ണൂർ | കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാന ചരിത്രത്തോടൊപ്പം നടന്ന ജനകീയ മുഖം, ജനങ്ങളുടെ നെഞ്ചിൽ തറച്ച വി എസ് എന്ന രണ്ടക്ഷരത്തിന്റെ കുറവ് സംസ്ഥാന തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി അനുഭവപ്പെടുന്ന തിരഞ്ഞെടുപ്പാണിത്. കഴിഞ്ഞുപോയ ഓരോ തിരഞ്ഞെടുപ്പ് കാലവും വി എസ് അച്യുതാനന്ദന്റെ ശക്തമായ സാന്നിധ്യം ഇടതുപക്ഷവും കേരളവും ആവോളം അനുഭവിച്ചതാണ്. എന്നാൽ വാർധക്യത്തിന്റെ അവശതകൾ പിടികൂടി തുടങ്ങിയതോടെ വി എസ് എന്ന എക്കാലത്തെയും ഇടത് മുഖം ഈ തിരഞ്ഞെടുപ്പിന് പ്രചാരണ രംഗത്ത് നിന്ന് മാറി നിൽക്കുകയാണ്.

കഴിഞ്ഞ ഒക്ടോബറിൽ തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ കഴിയേണ്ടി വന്ന വി എസിന് പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലം കൂടിയായതോടെ ഈ തിരഞ്ഞെടുപ്പിൽ വി എസ് എന്ന ആവേശം നഷ്ടമായി. ആശുപത്രി വിട്ട ശേഷം സാധാരണ ജീവിതത്തിലേക്ക് ഏറെക്കുറെ മടങ്ങിയെത്തിയെങ്കിലും പൊതുരംഗത്തേക്ക് ഇറങ്ങിയിട്ടില്ല.

1952ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായ വി എസ് ഇ എം എസ് സർക്കാറിന്റെ ഉപദേശക സമിതിലെ അംഗമായാണ് കേരള രാഷ്ട്രീയത്തിൽ ഉദയംകൊണ്ടത്. അന്ന് മുതൽ പാർട്ടിയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി പി ഐ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന 34 പേരിൽ ജീവിച്ചിരിക്കുന്ന ഏക വ്യക്തി. 25 വർഷം സി പി എം പോളിറ്റ് ബ്യൂറോ അംഗം, 1980 മുതൽ 11 വർഷം സംസ്ഥാന സെക്രട്ടറി, 2001ൽ പ്രതിപക്ഷ നേതാവായത് മുതൽ ജനകീയ സമരങ്ങളുടെ നായകൻ, പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തിൽ മാറ്റിവെക്കാനാവാത്ത സർവ സാന്നിധ്യം ഈ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ വലിയ വിടവ് തന്നെയാണ്.

വി എസ് എന്ന നക്ഷത്രം തന്നെയാണ് രണ്ട് മൂന്ന് പതിറ്റാണ്ടായി ഇടത് പക്ഷത്തിന്റെ ജൈത്രയാത്രക്ക് വെളിച്ചം നൽകിയത്.മുഖ്യമന്ത്രിയെന്ന നിലയിലും പാർട്ടി സെക്രട്ടറിയായും വി എസ് കേരള രാഷ്ട്രീയത്തിലുണ്ടാക്കിയ ഓളത്തിന്റെ അലയൊലി ഇന്നും നിലച്ചിട്ടില്ല. ഓരോ തിരഞ്ഞെടുപ്പ് കാലത്തും കേരളത്തിലങ്ങോളമിങ്ങോളം വി എസ് ഓടി നടന്നത് പ്രചാരണ പ്രവർത്തനത്തിന് ഊർജം നൽകി.

എട്ട് പതിറ്റാണ്ടോളം നീണ്ട പൊതുപ്രവർത്തനത്തിൽ ഏറ്റവും സംതൃപ്തി തോന്നുന്നതെന്താണെന്ന ഒരു ചോദ്യത്തിന് വി എസ് പറഞ്ഞ മറുപടി “ഇക്കാലമത്രയും ഒരു കമ്മ്യൂണിസ്റ്റുകാരനായി ജീവിക്കാനായി” എന്നതായിരുന്നു. പോരാട്ടങ്ങളിലൂടെ നേടിയെടുക്കേണ്ടതാണ് അവകാശങ്ങളെന്ന് വലിയൊരു തലമുറയെ പഠിപ്പിച്ച മുഴുനീളൻ കമ്മ്യൂണിസ്റ്റ് വിപ്ലവകാരി പ്രചാരണത്തിന് ഇറങ്ങിയില്ലെങ്കിലും അദ്ദേഹത്തിന്റെ വീറും ചുറുചുറുക്കും മായാതെ പ്രവർത്തകരുടെ മനസ്സിലുണ്ട്.