Connect with us

Career Notification

കേന്ദ്ര സര്‍വീസില്‍ എല്‍ ഡി സി ഉള്‍പ്പെടെ വിവിധ ഒഴിവുകള്‍; അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍വീസില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/ ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റല്‍ അസിസ്റ്റന്റ്/ സോര്‍ട്ടിങ് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ് എസ് സി) അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുക്കാര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കണം. ഒഴിവുകളുടെ എണ്ണം പിന്നീട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഡിസംബര്‍ 15 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

കേന്ദ്ര സര്‍ക്കാരിനു കീഴിലെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫീസുകളിലുമാണ് നിയമനം. ദേശീയ തലത്തില്‍ നടത്തുന്ന രണ്ടു ഘട്ടങ്ങളുള്ള കംബൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി (10+2) ലെവല്‍ പരീക്ഷ, 2020 മുഖേനയാണ് തിരഞ്ഞെടുപ്പ്. ഒന്നാം ഘട്ട പരീക്ഷ 2021 ഏപ്രില്‍ 12 മുതല്‍ 27 വരെയാണ് നടക്കുക. രണ്ടാം ഘട്ട ഡിസ്‌ക്രിപ്റ്റീവ് പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/ ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: Pay Level-2 (Rs.19,900-63,200) പോസ്റ്റല്‍/ സോര്‍ട്ടിങ് അസിസ്റ്റന്റ്: Pay Level-4 (Rs. 25,500-81,100). ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍: Pay Level-4 (Rs. 25,500-81,100) and  Level-5(Rs.29,200-92,300). ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഗ്രേഡ് എ:  Pay Level-4 (Rs. 25,500-81,100).

2021 ജനുവരി ഒന്നിന് 18-27 (1994 ജനുവരി രണ്ടിനു മുമ്പോ 2003 ജനുവരി ഒന്നിനു ശേഷമോ ജനിച്ചവരാകരുത്). എസ് സി/എസ് ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. വിമുക്തഭടന്മാരുള്‍പ്പെടെയുള്ള മറ്റ് യോഗ്യരായവര്‍ക്കും ചട്ടപ്രകാരം ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്കുള്ള സംവരണം സംബന്ധിച്ച നിബന്ധനകള്‍ക്ക് വിജ്ഞാപനം കാണുക.

12ാം ക്ലാസ് ജയം/ തത്തുല്യം. 2021 ജനുവരി ഒന്ന് അടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും (നിശ്ചിത തീയതിക്കു മുമ്പ് യോഗ്യത നേടുന്നവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി). സയന്‍സ് സ്ട്രീമില്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് പന്ത്രണ്ടാം ക്ലാസ് ജയം/തത്തുല്യമാണ് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സി ആന്‍ഡ് എജി) ഓഫീസില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ക്കു(ഗ്രേഡ് എ) വേണ്ട യോഗ്യത. അപേക്ഷാഫീസ്: 100 രൂപ. പട്ടികജാതി/ പട്ടികവര്‍ഗം/ ഭിന്നശേഷിക്കാര്‍/ വിമുക്തഭടന്മാര്‍/ വനിതകള്‍ എന്നിവര്‍ക്കു ഫീസില്ല. നെറ്റ് ബേങ്കിംഗ്, ഭീം, യു പി ഐ വഴിയോ വീസ, മാസ്റ്റര്‍ കാര്‍ഡ്, മാസ്‌ട്രോ, റുപേ, ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ, സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ വഴി ചെലാനായോ ഫീസ് അടയ്ക്കാം. ഡിസംബര്‍ 17 വരെ ഓണ്‍ലൈനായി ഫീസടയ്ക്കാം. ചെലാനായി ഫീസ് അടയ്ക്കുന്നവര്‍ ഡിസംബര്‍ 19 നു മുന്‍പായി ചെലാന്‍ ജനറേറ്റ് ചെയ്യണം.

രണ്ടു ഘട്ടമായുള്ള പരീക്ഷ, സ്‌കില്‍ ടെസ്റ്റ്/ടൈപ്പിങ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒന്നാംഘട്ടം കമ്പ്യൂട്ടര്‍ ബേസ്ഡ് ഒബ്‌ജെക്ടീവ് പരീക്ഷയാണ്. രണ്ടാം ഘട്ട ഡിസ്‌ക്രിപ്റ്റീവ് പരീക്ഷ പെന്‍ ആന്‍ഡ് പേപ്പര്‍ മോഡിലാണ്. പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും സിലബസും വെബ്‌സൈറ്റിലെ വിജ്ഞാപനത്തില്‍ ലഭിക്കും. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കു നടത്തുന്ന സ്‌കില്‍ ടെസ്റ്റില്‍ കംപ്യൂട്ടര്‍ ഡാറ്റ എന്‍ട്രിയിലുള്ള വേഗം പരിശോധിക്കും. ഡാറ്റ എന്‍ട്രിയില്‍ കമ്പ്യൂട്ടറില്‍ മണിക്കൂറില്‍ 8000 കീ ഡിപ്രഷന്‍ വേഗം വേണം. 15 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് സ്‌കില്‍ ടെസ്റ്റ്. സി ആന്‍ഡ് എ ജി ഓഫീസിലേക്കുള്ള ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ക്കു മണിക്കൂറില്‍ 15,000 കീ ഡിപ്രഷന്‍ വേഗം വേണം.

പോസ്റ്റല്‍ അസിസ്റ്റന്റ്/സോര്‍ട്ടിങ് അസിസ്റ്റന്റ്, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/ ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്കു നടത്തുന്ന കമ്പ്യൂട്ടര്‍ ടൈപ്പിങ് ടെസ്റ്റില്‍ (ഹിന്ദി/ഇംഗ്ലീഷ്) ഇംഗ്ലീഷ് ടൈപ്പിംഗില്‍ മിനുട്ടില്‍ 35 വാക്കും ഹിന്ദി ടൈപ്പിംഗില്‍ മിനുട്ടില്‍ 30 വാക്കും വേഗം വേണം. ടെസ്റ്റിനു 10 മിനുട്ടാണ് ദൈര്‍ഘ്യം.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍. മുന്‍ഗണനാ ക്രമത്തില്‍ മൂന്നു സെന്ററുകള്‍ തിരഞ്ഞെടുക്കാം. www.ssc.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ രജിസ്‌ട്രേഷന്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം അപേക്ഷ സമര്‍പ്പിക്കണം. അല്ലാത്തവര്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം അപേക്ഷിക്കണം.

Latest