Connect with us

Ongoing News

തദ്ദേശ തിരഞ്ഞെടുപ്പ്: 19 വാർഡുകളിൽ എൽ ഡി എഫിന് എതിരില്ല

Published

|

Last Updated

കണ്ണൂർ | നാമനിർദേശ പത്രിക സമർപ്പിക്കാനുളള സമയം പൂർത്തിയായപ്പോൾ കണ്ണൂർ, കാസർകോട് ജില്ലകളിലെ 19 വാർഡുകളിൽ എൽ ഡി എഫ് സ്ഥാനാർഥികൾക്ക് എതിരില്ല. കണ്ണൂർ ജില്ലയിലെ വിവിധ നഗരസഭകളിലെയും പഞ്ചായത്തുകളിലെയും 15 വാർഡുകളിലും കാസർകോട് ജില്ലയിലെ നാല് വാർഡുകളിലുമാണ് എൽ ഡി എഫിന് എതിർ സ്ഥാനാർഥികളില്ലാത്തത്.
കണ്ണൂർ ആന്തൂർ നഗരസഭയിലെ മൊറാഴ, കാങ്കൂൽ, കോൾമൊട്ട, നണിച്ചേരി, ആന്തൂർ, ഒഴക്രോം വാർഡുകളിലാണ് സി പി എം മാത്രം നാമനിർദേശ പത്രിക നൽകിയത്. ആന്തൂരിൽ കഴിഞ്ഞ തവണ 14 ഇടത്ത് എതിരാളികളില്ലാതെ എൽ ഡി എഫ് ജയിച്ചിരുന്നു. തളിപ്പറമ്പ് നഗരസഭയിലെ കൂവോട് ഇരുപത്തഞ്ചാം വാർഡിലും എൽ ഡി എഫ് സ്ഥാനാർഥിക്ക് എതിരില്ല. എൽ ഡി എഫിന്റെ വനജ മാത്രമാണ് ഇവിടെ പത്രിക സമർപ്പിച്ചത്. കണ്ണൂർ ജില്ലയിലെ മലപ്പട്ടം പഞ്ചായത്തിൽ അഞ്ചിടത്ത് എൽ ഡി എഫിന് എതിരായി ആരും പത്രിക നൽകിയില്ല. അടുവാപ്പുറം നോർത്ത്, കരിമ്പിൽ, മലപ്പട്ടം ഈസ്റ്റ്, മലപ്പട്ടം വെസ്റ്റ്, കോവുന്തല വാർഡുകളിലാണിത്. കഴിഞ്ഞ കുറെ കാലമായി പ്രതിപക്ഷമില്ലാതെ എൽ ഡി എഫ് ഭരിക്കുന്ന കാങ്കോൽ – ആലപ്പടമ്പ പഞ്ചായത്തും തിരഞ്ഞെടുപ്പിന് മുമ്പേ ചുവന്നുതുടങ്ങി. ഇവിടെ രണ്ട് വാർഡുകളിലാണ് എൽ ഡി എഫിന് എതിരില്ലാത്തത്.

പഞ്ചായത്തിലെ 9, 11 വാർഡുകളിൽ എൽ ഡി എഫ് സ്ഥാനർഥികൾ മാത്രമാണ് പത്രിക നൽകിയത്. കാങ്കോൽ – ആലപ്പടമ്പ പഞ്ചായത്തിൽ നിലവിൽ പതിനാല് വാർഡിലും എൽ ഡി എഫാണ് വിജയിച്ചത്. കോട്ടയം മലബാർ പഞ്ചായത്തിലെ മൂന്നാം വാർഡാണ് എൽ ഡി എഫിന് എതിരില്ലാതെ പോയ കണ്ണൂർ ജില്ലയിലെ മറ്റൊരു വാർഡ്. കാസർകോട് ജില്ലയിലെ മടിക്കൈ പഞ്ചായത്തിലെ മൂന്ന് വാർഡുകളിലാണ് ഇടത് സ്ഥാനാർഥികൾ മത്സരരംഗത്തുള്ളത്. സി പി എം കോട്ടയായ കയ്യൂർ ചീമേനി പഞ്ചായത്തിലെ ഒരു വാർഡിലും ഇടത് സ്ഥാനാർഥി മാത്രമാണ് പത്രിക നൽകിയത്. ഈ മാസം 12 മുതലായിരുന്നു പത്രിക സമർപ്പണം. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 23 നാണ്. ഇതോടെ എതിരില്ലാത്ത സ്ഥാനാർഥികളെ വിജയികളായി പ്രഖ്യാപിക്കും.

---- facebook comment plugin here -----

Latest